ഈ അഞ്ച് ജലജീവികളെ ഇനി ഇത്ര കാലം കാണാനാകും?

സമുദ്രം വിസ്മയമാണ്. ഭൂമിയുടെ 70 ശതമാനവും ആവരണം ചെയ്തിരിക്കുന്ന സമുദ്രം ഏഴ് മുതൽ പത്ത് ലക്ഷത്തോളം ജീവിവർഗങ്ങളുടെ ആവാസകേന്ദ്രമാണ്. ജീവന്‍റെ നിലനിൽപ്പ് തന്നെ ജലത്തിലാണെന്ന തിരിച്ചറിവുണ്ടായിട്ടും അതിന്‍റെ ഏറ്റവും വലിയ സ്രോതസ്സായ സമുദ്രത്തെ മനുഷ്യന്‍റെ തെറ്റായ ഇടപെടലിലൂടെ നാം മലിനമാക്കുന്നു. ഇന്ന് ലോക സമുദ്ര ദിനം.

സമുദ്രത്തിന്‍റെ പ്രസക്തിയും, പ്രകൃതിയുടെയും ജീവന്‍റെയും നിലനിൽപ്പിൽ സമുദ്രം വഹിക്കുന്ന പങ്കും മനസ്സിലാക്കുന്നതിനായി എല്ലാ വർഷവും ജൂൺ എട്ട്, ലോക സമുദ്ര ദിനമായി ആചരിച്ച് വരുന്നു. ഈ സമുദ്ര ദിനത്തിൽ കടലിൽ നിന്നും അപ്രത്യക്ഷമാകുന്ന അഞ്ച് ജീവി വർഗങ്ങളെ കുറിച്ച് അറിയാം...


കടപ്പാട്: അൽ ജസീറ

1. നോർത്ത് അറ്റ്ലാന്‍റിക് റൈറ്റ് വെയിൽ

കാനഡയുടെയും അമേരിക്കയുടെയും കിഴക്കൻ തീരങ്ങളിൽ കാണപ്പെടുന്ന ഭീമൻ തിമിംഗലങ്ങളാണ് നോർത്ത് അറ്റ്ലാന്‍റിക് റൈറ്റ് വെയിലുകൾ. പൂർണ്ണ വളർച്ചയെത്തിയ ഇവയ്ക്ക് 70,000 കിലോഗ്രാം തൂക്കവും 16 മീറ്റർ നീളവും ഉണ്ടാകാറുണ്ട്. രൂക്ഷ വംശനാശം നേരിടുന്ന അറ്റ്ലാന്‍റിക് വെയിലുകളെ വേട്ടയാടി പിടിക്കുന്നത് നിയമപരമായി തടഞ്ഞിരിക്കുകയാണ്. 2018 അവസാനത്തോടെ വന്ന കണക്കുകൾ പ്രകാരം 409 തിമിംഗലങ്ങൾ മാത്രമാണ് ഇന്ന് ഭൂമിയിൽ അവശേഷിക്കുന്നത്. ഇതിൽ 250 എണ്ണത്തിൽ താഴെ മാത്രമാണ് വളർച്ചയെത്തിയവ. കപ്പലുകളിൽ നിന്നേൽക്കുന്ന ക്ഷതങ്ങളും മുറിവുകളും വേട്ടയാടലും ഇവയുടെ സംഖ്യ കുറഞ്ഞതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.


കടപ്പാട്: അൽ ജസീറ

2. നസൗ ഗ്രൂപ്പർ

കരീബിയൻ കടലിലും ഗൾഫ് ഓഫ് മെക്സിക്കൊയിലും പവിഴപ്പുറ്റുകളിൽ കാണപ്പെടുന്നവയാണ് നസൗ ഗ്രൂപ്പർ. രണ്ട് നിറങ്ങൾ കലർന്ന ഈ മത്സ്യത്തിന് വാണിജ്യമൂല്യം വളരെ കൂടുതലാണ്. അലങ്കാര മത്സ്യമായി വിൽക്കുന്നതിനായി ഗ്രൂപ്പറുകളെ വ്യാപകമായി പിടിച്ചിരുന്നത് ഇവയുടെ സംഖ്യയുടെ 80 മുതൽ 90 ശതമാനം വരെ കുറയുവാൻ കാരണമായി. പവിഴപ്പുറ്റുകൾക്കേൽക്കുന്ന തകർച്ചയും മറ്റൊരു കാരണമാകുന്നുണ്ട്. 2016ൽ ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) ഗ്രൂപ്പറുകൾ രൂക്ഷമായി വംശനാശം നേരിടുന്നതായി രേഖപ്പെടുത്തി.


കടപ്പാട്: അൽ ജസീറ

3. സൺഫ്ലവർ സീ സ്റ്റാർ

ലോകത്തെ ഏറ്റവും വലിപ്പമേറിയ കടൽ നക്ഷത്രങ്ങളിൽ ഒന്നാണ് സൺഫ്ലവർ സീ സ്റ്റാർ. 16 മുതൽ 24 വരെ കാലുകളുള്ള ഈ കടൽ അകശേരുക്കൾ ഒരു മീറ്റർ നീളത്തിൽ വരെ വളരാറുണ്ട്. വടക്കെ അമേരിക്കയുടെ പസഫിക് തീരത്താണ് കൂടുതലായും ഇവ കണ്ടുവരിക. 90 ശതമാനത്തോളം സൺഫ്ലവർ സീ സ്റ്റാറുകൾ ഇല്ലാതെയായിക്കഴിഞ്ഞുവെന്ന് ഐ.യു.സി.എന്‍ പറയുന്നു. സീ സ്റ്റാർ വാഷിങ് സിൻഡ്രോം എന്ന പ്രതിഭാസമാണ് ഇവയുടെ നാശത്തിന് കാരണമാകുന്നത്. സീ സ്റ്റാർ വാഷിങ് സിൻഡ്രോമിന്‍റെ ഉൽഭവം എന്താണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അന്തരീക്ഷ താപം കാരണമാകുന്നുണ്ടെന്ന് സംശയിക്കുന്നു. 2020ൽ ഇവ രൂക്ഷമായ വംശനാശം നേരിടുന്നതായി ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) രേഖപ്പെടുത്തി.


കടപ്പാട്: അൽ ജസീറ

4. ഏഞ്ജൽ ഷാർക്ക്

മെഡിറ്ററേനിയൻ കടലിലും കിഴക്കൻ അറ്റ്ലാന്‍റിക് സമുദ്രത്തിലും കണ്ടുവരുന്ന ഏഞ്ജൽ ഷാർക്കുകൾ പൊതുവെ കടലിന്‍റെ താഴെ തട്ടിൽ ജീവിക്കുന്നവയാണ്. 15 വർഷത്തിൽ കൂടുതൽ ആയുസുള്ള ഇവക്ക് പൂർണ വളർച്ചയെത്തുന്നതോടെ രണ്ടര മീറ്റർ വരെ വലിപ്പം ഉണ്ടാകുന്നു. അടിത്തട്ടിൽ ജീവിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനാൽ അവിടേക്കെത്തുന്ന മത്സ്യബന്ധന ഉപകരണങ്ങളിൽ പെട്ടുപോകാറുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ ഇവയുടെ 80 ശതമാനത്തോളവും ഇല്ലാതെയായി.


കടപ്പാട്: അൽ ജസീറ

5. ഗ്രെയ്റ്റ് ഹാമർഹെഡ് ഷാർക്ക്

ഹാമർഹെഡ് വർഗത്തിൽ ഏറ്റവും വലിപ്പമേറിയവയാണ് ഗ്രെയ്റ്റ് ഹാമർഹെഡ് ഷാർക്കുകൾ. ചുറ്റികയുടെ ആകൃതിയിലുള്ള തലയാണ് ഇവയുടെ പ്രത്യേകത. 450 കിലോഗ്രാം വരെ തൂക്കമുണ്ടാകാറുള്ള ഗ്രെയ്റ്റ് ഹാമർഹെഡ് ഷാർക്കുകൾ ആറ് മീറ്ററിൽ കൂടുതൽ നീളം വെക്കുന്നവയാണ്. ഒരു പ്രത്യേക സ്ഥലത്ത് ഒതുങ്ങി നിൽക്കാത്ത ഇവ അൽപം ചൂടുള്ളിടത്ത് തങ്ങാൻ ഇഷ്ടപ്പെടുന്നവരാണ്. 20 വർഷം വരെ ആയുസ്സുള്ള ഗ്രെയ്റ്റ് ഹാമർഹെഡ് ഷാർക്കുകളെ ചിറകിനായി വ്യാപകമായി വേട്ടയാടാറുണ്ട്. പൊതുവായ മത്സ്യബന്ധനത്തിലും ഇവ കുടുങ്ങാറുണ്ട്. ഇന്ന് വംശനാശ ഭീഷണി നേരിടുന്നതായി ഐ.യു.സി.എൻ രേഖപ്പെടുത്തിയിരിക്കുന്നു.

 


Tags:    
News Summary - World Ocean Day: A look at 8 critically endangered marine species

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.