അ​ല​വി ത​യാ​റാ​ക്കി​യ ബ​ക്​​ല​വ​ക്കൊ​പ്പം

പട്ടർക്കടവിലെ ടർക്കിഷ് മധുരം: സ്വാദിഷ്ടമായ ബക്ലവ തയാറാക്കി അലവിക്ക

മലപ്പുറം: 30 വർഷത്തെ പ്രവാസ ജീവിതം അവസാനിച്ച് നാട്ടിലെത്തിയ പട്ടർക്കടവിലെ മുതുമാട്ടിൽ അലവിക്ക് വീട്ടിൽ ചടഞ്ഞ് കൂടിയിരിക്കാനായിരുന്നില്ല ആഗ്രഹം. വെറുതേ വീട്ടിൽ ഇരുന്ന് രോഗിയാവുന്നത് എന്തിനാ, അറിയുന്ന പണി ചെയ്യാമല്ലോ തുടങ്ങിയ ചിന്തയാണ് ടർക്കിഷ് വിഭവമായ ബക്ലവ തയാറാക്കുന്ന സ്ഥാപനം തുടങ്ങാൻ പ്രേരിപ്പിച്ചത്. നാലുവർഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ചതാണ് ഇദ്ദേഹം. സൗദി അറേബ്യയിൽ മക്കയിൽ വർഷങ്ങളോളം ബക്ലവ മധുരമുണ്ടാക്കിയിരുന്ന അദ്ദേഹത്തിന്‍റെ കൈപുണ്യം നാട്ടുകാർ അറിഞ്ഞത് ഒന്നരവർഷം മുമ്പ് പട്ടർക്കടവ് പള്ളിപ്പടിയിൽ സ്ഥാപനം തുടങ്ങിയപ്പോഴാണ്. അഞ്ച് സഹോദരങ്ങളുടെ പിന്തുണയുമായി തുടങ്ങിയ സ്ഥാപനത്തിന് വി സിക്സ് എന്ന പേരുമിട്ടു. ബക്ലവ എന്ന അറബിവാക്കിന്‍റെ അർഥം ചുട്ടെടുത്ത മിഠായി എന്നാണെന്ന് 65കാരനായ അലവി പറയുന്നു.

മൈദയും അണ്ടിപ്പരിപ്പും നെയ്യും പാൽപ്പൊടിയും പഞ്ചസാരയും ചേർത്ത് 14 പാളികളിലായി വിവിധ തരം ആകൃതിയിൽ തയാറാക്കി ചുട്ടെടുക്കുന്ന സ്വാദിഷ്ട വിഭവമായ ബക്ലവക്ക് ആവശ്യക്കാർ ഏറെയാണ്. കല്യാണം, സൽക്കാരം, വിവിധ ആഘോഷം തുടങ്ങിയ ചടങ്ങുകളിൽ ഭക്ഷണാവസാനം വിളമ്പാനാണ് ഇവ പ്രധാനാമായും കൊണ്ടുപോകുന്നത്. കിലോക്ക് 700 രൂപ മുതലാണ് വില. ബക്ലവ സിറിയൻ വിഭവമാണെന്നും ഇപ്പോൾ തുർക്കി, ലെബനീസ് രാജ്യക്കാരാണ് ഇതിന്‍റെ പ്രധാന കച്ചവടക്കാരെന്നും അദ്ദേഹം പറയുന്നു.

മക്കയിലെ ബദ്റ് ബേക്കറിയിലായിരുന്നു ജോലി. അവിടെനിന്ന് സിറിയക്കാരനായ മാസ്റ്ററാണ് തയാറാക്കാൻ പഠിപ്പിച്ചത്. ഇവിടെനിന്ന് വാങ്ങിക്കഴിച്ചവരാരും അയ്യേ എന്ന് പറഞ്ഞിട്ടില്ലെന്നും സൂപ്പറാണ് എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും അലവിക്ക പുഞ്ചിരിയോടെ പറയുന്നു.

സാധാരണ അണ്ടിപ്പരിപ്പ് ഉപയോഗിച്ചാണ് ഇവ തയാറാക്കുന്നത്. പിസ്ത, ബദാം തുടങ്ങിയവ ചേർത്തും ഓർഡറിന് അനുസരിച്ച് തയാറാക്കുന്നു. ചുരുട്ടിവെച്ചത്, ഫിങ്കർ, ഫ്ലവർ, ചതുരം, ത്രികോണം തുടങ്ങിയ പത്തോളം ആകൃതിയിൽ ഇവ ഇവിടെ തയാറാക്കുന്നു. ഒരുദിവസം ഏകദേശം 15 കിലോയുടെ വിൽപന നടക്കുമെന്നും അദ്ദേഹം പറയുന്നു. ഫാത്തിമയാണ് ഭാര്യ. സമീർ, നബീൽ, സമീറ, ഫൗസിയ എന്നിവർ മക്കളാണ്. 

Tags:    
News Summary - Alavikka prepare Turkish sweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.