കേക്കിന്റെ കാഴ്ചയിലും രുചിക്കൂട്ടിലും വൈവിധ്യങ്ങളൊരുക്കി പ്രവാസിയായ മലയാളി വീട്ടമ്മ. യുട്യൂബ് നോക്കിയും മറ്റും സ്വന്തമായി കേക്കുണ്ടാക്കാൻ പഠിച്ച കുറ്റ്യാടിക്കാരിയായ ശാക്കിറ ഇന്ന് മസ്കത്തിലെ അറിയപ്പെടുന്ന കേക്ക് നിർമാതാവാണ്. ബന്ധുക്കളും വേണ്ടപ്പെട്ടവരുമായി സ്ഥിരം കസ്റ്റമേഴ്സും ഒപ്പം ഒമാനികളുമൊക്കെയായി വലിയൊരു കൂട്ടായ്മതന്നെയുണ്ട് ഇന്നീ മിടുക്കിക്ക് ചുറ്റും. എങ്ങനെയാണ് കേക്ക് ബേക്കറായതെന്ന ചോദ്യത്തിന് ശാക്കിറക്കു പറയാൻ കുറേ വിശേഷങ്ങളുണ്ട്.
2012ലാണ് പ്രവാസലോകത്തേക്കെത്തുന്നത്. മക്കളെ നോക്കലും വീട്ടുജോലിയുമൊക്കെയായി രണ്ടുമൂന്ന് കൊല്ലം വെറുതെയിരുന്നു. എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽനിന്നാണ് ഇഷ്ടമുള്ള കേക്ക് നിർമാണത്തിലെത്തിയത്. ഒരു സുഹൃത്തയച്ചുതന്ന റെസിപ്പി ഉപയോഗിച്ചായിരുന്നു ആദ്യ പരീക്ഷണം. കേക്കിൽതന്നെ പിന്നീട് പല പരീക്ഷണങ്ങളും നടത്താൻ തുടങ്ങി. ഒടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.
ചീസ്ക്കേക്ക്, ബ്രൗണിസ്, പുൾമി അപ്പ്, മിൽക്ക് കേക്ക് അങ്ങനെ നാൽപതിലധികം ഇനത്തിലുള്ള കേക്കുകളാണ് ഉണ്ടാക്കുന്നത്. കോമണ്‍, പ്രീമിയം, റോയല്‍ എന്നിങ്ങനെ പ്രത്യേകം തരംതിരിച്ചാണ് കേക്ക് വില്പന നടത്തിവരുന്നത്. സാധാരണ കേക്കിനങ്ങളായ റിച്ച് ചോക്ലറ്റ്, കാരമൽ ചോക്ലറ്റ്, റെഡ് വെൽവറ്റ്, ബ്ലൂബറി, ഹണി കേക്ക്, ബട്ടര്‍ സ്കോച്, ചോക്ലറ്റ്, മില്‍ക്ക് നട്ട്, ചെറീസ് സ്പെഷല്‍, ടെൻറര്‍ കോക്കനട്ട്, ബ്രൗണീസ്, ന്യൂട്ടല്ല, ടോഫി കോഫി എന്നിങ്ങനെ പോകുന്നു ശാക്കിറയുണ്ടാക്കുന്ന കേക്കുകളുടെ വേറിട്ടയിനങ്ങള്.
ക്രീം കേക്കാണ് പൊതുവേ ആളുകൾക്കിഷ്ടം. ഒമാനി കസ്റ്റമേഴ്സിന് പക്ഷേ, ചോക്ലറ്റും ചീസുമാണ് താൽപര്യം. റഫറൻസ് ചിത്രങ്ങളും കേക്കിൽ വരുത്തേണ്ട ആശയങ്ങളുമൊക്കെ ആളുകൾ പറയുന്നതിനനുസരിച്ച് ചെയ്തുകൊടുക്കാറാണ് പതിവ്. അതിനനുസരിച്ചായിരിക്കും കേക്കുണ്ടാക്കാനെടുക്കുന്ന സമയം. മണിക്കൂറുകൾകൊണ്ട് ഉണ്ടാക്കുന്ന കേക്കുകളും രണ്ടു ദിവസമൊക്കെയെടുത്ത് തയാറാക്കുന്നവയുമുണ്ട്. ശാക്കീസ് കേക്ക് എന്ന ഇൻസ്റ്റഗ്രാം വഴി കേക്കുവിശേഷങ്ങൾ അറിഞ്ഞെത്തുന്നവരും ധാരാളമാണ്.
കേക്ക് തയാറാക്കുന്നതിലും ഒരു 'ആര്‍ട്' ഉണ്ടെന്നും, തനിക്ക് അത്തരത്തിലുള്ള വ്യത്യസ്തതകള്‍ ഇഷ്ടമാണെന്നും ശാക്കിറ പറയുന്നു. രണ്ടു മക്കളും ഭര്‍ത്താവ് അനസുമാണ് ശാക്കിറയുടെ 'കേക്ക് പരീക്ഷണ'ങ്ങള്‍ക്ക് കൂട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.