വേങ്ങര: സബാഹ് സ്ക്വയറിൽ നടക്കുന്ന 'ഫുഡ് ആൻഡ് ബാൾ കാർണിവലിൽ' പാചക വൈഭവത്തിന്റെ കലവറ തുറന്ന് മാസ്റ്റർ ഷെഫ്, ഡെസേർട്ട് മാസ്റ്റർ മത്സരങ്ങൾ. നാടൻ പെരുമ വിളിച്ചോതുന്ന വിഭവങ്ങളും രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന അറേബ്യൻ ഭക്ഷണങ്ങളും ഒന്നിനൊന്ന മികച്ച രീതിയിൽ മത്സരാർഥികൾ നിരത്തിയതോടെ വിധികർത്താകളും തെല്ല് ശങ്കിച്ചു.
ഇളനീർ ജീഗ ലാല, ചിക്കൻ വെജിറ്റബിൾ ബോല, പപ്പട ചിക്കൻ ഫ്രൈ, കാന്താരി ചെമ്മീൻ, വാഴമണി പനീർ കൂട്ടുകറി, ചെമ്മീൻ നിറച്ച കൂന്തൾ കിഴി ബിരിയാണി, ചക്കപ്പൊടി ഇടിയപ്പം കോഴിത്തോരൻ, ചക്ക ചെമ്മീൻ ബിരിയാണി, പെപ്പർ ചിക്കൻ റോസ്റ്റ്, കൂന്തൾ ബിരിയാണി, കോക്കനട്ട് മിൽക്ക് ചിക്കൻ, ചിക്കൻ കാസറോൾ, സമക് മുഗ്ലി തുടങ്ങി നാവിൽ കൊതിയൂറും വിഭവങ്ങൾ മത്സരാർഥികൾ വിളമ്പി.
ഡെസേർട്ട് ഇനത്തിൽ വാഴയില കൂവപ്പൊടി ഹലുവ, കൊക്കാഡോ പെർഫൈറ്റ്, കുൽഫി മിൽക്ക് കേക്ക്, റെഡ് വൈൻ പോച്ച്ഡ് ആപ്പിൾ വിത്ത് പെപ്പെർ മോസ്സെ, വാഴയില പേരയില ഹലുവ, ഇളനീർ കേക്ക്, ഇളനീർ പായസം, തുളസിയില പുഡ്ഡിങ്, ഇളനീർ ബീറ്റ് റൂട്ട് പുഡ്ഡിങ്, ചീര പായസം, ചോക്കലേറ്റ് അപ്പം തുടങ്ങിയ സ്വാദിഷ്ടമായ വിവിധ ഇനങ്ങളും മത്സരാർഥികൾ തയാറാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 37 പേർ മത്സരത്തിൽ പങ്കെടുത്തു. മാസ്റ്റർ ഷെഫ് മത്സരത്തിൽ 20 പേരും ഡെസേർട്ട് മാസ്റ്റർ മത്സരത്തിൽ 17 പേരുമാണ് പങ്കെടുത്തത്. മാസ്റ്റർ ഷെഫ് മത്സരത്തിൽ ചക്കപ്പൊടി ഇടിയപ്പം കോഴിത്തോരൻ തയാറാക്കിയ മൈമൂന ഒന്നാം സ്ഥാനവും വാഴമണി പനീർ കൂട്ടുകറി ഒരുക്കിയ രൂപ മേനോൻ രണ്ടാം സ്ഥാനവും ചക്ക ചെമ്മീൻ ബിരിയാണി തയാറാക്കിയ കെ. ഹാജറ സൂപ്പി മൂന്നാം സ്ഥാനവും നേടി.
ഡെസേർട്ട് മാസ്റ്റർ മത്സരത്തിൽ വാഴയില പേരയില ഹലുവ തയാറാക്കിയ ജാസ്മിൻ ഒന്നാം സ്ഥാനം നേടി. ലോട്ടസ് ബിസ്കോഫ് പുഡ്ഡിങ് തയാറാക്കി സഫ്ന രണ്ടാംസ്ഥാനം നേടിയപ്പോൾ കൊക്കോഡ പെർഫൈറ്റ് തയാറാക്കിയ ഷഹീദ മൂന്നാം സ്ഥാനം നേടി.പാരഗൺ ഗ്രൂപ് ഓഫ് റസ്റ്റാറൻറ് കോർപറേറ്റ് ഷെഫ് പി.കെ. തോമസ്, വ്ലോഗർമാരായ ഫുഡ് ഹണ്ടർ സാബു, എം. മാജിത എന്നിവരായിരുന്നു വിധികർത്താക്കൾ.
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹ സമ്മാനം വിധികർത്താക്കൾ, മാധ്യമം സി.ആർ.എം ഇബ്രാഹിം കോട്ടക്കൽ, ന്യൂസ് എഡിറ്റർ ഇനാംറഹ്മാൻ എന്നിവർ കൈമാറി. മത്സര വിജയികൾക്കുള്ള സമ്മാനം സമാപന ദിവസമായ 18ന് നൽകും.'മാധ്യമം' മീഡിയ പാർട്ണറായി വേങ്ങര ഫുട്ബാൾ ഫാൻസ് ഫോറം സംഘടിപ്പിക്കുന്നതാണ് പരിപാടി.
വേങ്ങര: സഹപാഠികൾക്ക് പരസ്പരം ഓർമപുതുക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും തുടങ്ങിയ വാട്സ്ആപ് ഗ്രൂപ്പിൽനിന്ന് പൊട്ടിമുളച്ചത് പുതുസംരംഭം. അരീക്കോട് സുല്ലമുസ്സലാം ഓറിയൻറൽ സ്കൂളിലെ 1989 എസ്.എസ്.എൽ.സി സഹപാഠികളാണ് രുചികരമായ ഭക്ഷണം തയാറാക്കിയും വിനോദയാത്ര നടത്തിയും സൗഹൃദം പുതുക്കുന്നത്. വേങ്ങരയിലെ സബാഹ് സ്ക്വയറിലെ ഫുഡ് ആൻഡ് ബാൾ കാർണിവല്ലിലെ പ്രധാന ആകർഷണമാണ് ഈ അഞ്ച് 'കട്ടച്ചങ്കുകളുടെ' ഭക്ഷണ സ്റ്റാളായ 'നാട്ടുരുചി'.
ബേബി അരീക്കോട്, സജ്‌ന കാവനൂർ, സമീറ നല്ലളം, അനീസ അരീക്കോട്, നുസൈബ മഞ്ചേരി എന്നിവരാണ് സംരംഭത്തിന് പിന്നിൽ. ആദ്യമായി ഭക്ഷണ സ്റ്റാൾ ഒരുക്കിയത് ഈ വർഷം ജൂണിൽ നടന്ന 'മാധ്യമം കമോൺ കേരള' ഷാർജ എക്സ്പോയിലാണ്. അതിന് ഈ അഞ്ചംഗ സംഘം സ്വന്തം ചെലവിൽ ഷാർജയിലേക്ക് പോയി. ഇതിലെ വിജയം പ്രചോദനമായി. തുടർന്ന് തിരൂരിൽ നടന്ന എക്സ്പോക്ക് വിഭവമൊരുക്കാൻ പ്രേരണയായി.
കണ്ണൂരുകാരുടെ പ്രധാന വിഭവമായ കൽമാസ്, കോഴിക്കോടിന്റെ രുചിക്കൂട്ടായ കല്ലുമക്കായ പൊരിച്ചത്, ഇറാനി പോള, ഇറച്ചികേക്ക്, പിസ പോള, കട്‍ലറ്റ്, നാടൻ ഈന്തും പിടി തുടങ്ങി ഇരുപതോളം കൊതിയൂറും വിഭവങ്ങളാണ് വേങ്ങരയിൽ ഒരുക്കിയിട്ടുള്ളത്. ഓരോ വിഭവവും വീട്ടിൽനിന്ന് തയാറാക്കി കൊണ്ടുവരുകയാണ്. ഇതിനുള്ള ചെലവ് എല്ലാവരും പങ്കിട്ടെടുക്കും, ലാഭവും.
ഇതോടൊപ്പം നാടുചുറ്റാനും ഈ സംഘം സമയം കണ്ടെത്തുന്നു. വയനാട്, ഊട്ടി, തൃശൂർ, കോഴിക്കോട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഈ കട്ടച്ചങ്കുകൾ കറങ്ങിയിട്ടുണ്ട്. എല്ലാവരും വിവാഹിതരാണ്. ഒരാൾക്ക് പേരക്കുട്ടിയുമുണ്ട്. ഇവരുടെ മക്കളിൽ പലരും ഡോക്ടർ, എൻജിനീയർ, മാനേജർ ഉൾപ്പെടെയുള്ള ജോലി ചെയ്യുന്നു. ഇവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നിന് ഒന്നും തടസ്സമല്ല. ഇതിനെല്ലാം കുടുംബത്തിന്റെ പിന്തുണയുമുണ്ടെന്ന് ഇവർ പുഞ്ചിരിയോടെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.