ദോഹ: വർഷം 1981. ഗൾഫ് എന്ന വലിയ മോഹത്തിലേക്ക് വിമാനം കയറാൻ രണ്ടുമാസം വരെ മുംബൈയിലെ ബിണ്ടിബസാറിലെ കടക്കു മുന്നിൽ കാത്തിരുന്നത് ഇന്നലെ കഴിഞ്ഞപോലെ ഹംസക്കയുടെ ഓർമകളിലുണ്ട്. ഖത്തറിലായിരുന്ന നാട്ടുകാരൻ അസൈനാർ പറഞ്ഞതുപ്രകാരം മുംബൈയിലെത്തി വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന അറബിയായ ആ വിസ ഏജന്റിനെയും കാത്ത് രണ്ടു മാസത്തോളം നിന്നു.
ഒടുവിൽ തനിക്കുള്ള വിസയുമായെത്തിയ അറബിക്കൊപ്പം ദോഹയിലേക്ക് വിമാനം കയറിത്തുടങ്ങിയ പ്രവാസത്തിന് ഇപ്പോൾ 43 വർഷത്തിനുശേഷം, പൂർണവിരാമം കുറിച്ച് നാട്ടിലേക്ക് വിമാനം കയറുകയാണ് താനൂർ കാരാട് ചുള്ളിക്കൽ ഹംസ.
ഇക്കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെക്കാലം ഖർകിയാതിലെ ഖത്തരി വീട്ടിൽ അവരുടെ സ്വന്തക്കാരനായിരുന്നു. മജ്ബൂസും ബിരിയാണിയും തുടങ്ങി ഹംസയുണ്ടാക്കുന്ന കൊതിയൂറുന്ന അറബ് വിഭവങ്ങളെപ്പോലെ ആ വീട്ടുകാർക്ക് ഈ മലയാളിയും പ്രിയങ്കരനായി. 1981ൽ വന്നിറങ്ങിയപ്പോൾ ഹംസയുടെ സ്പോൺസറായിരുന്ന വീട്ടുകാരണവർ 2007ൽ മരണപ്പെട്ടപ്പോഴും ഖത്തരി കുടുംബം അദ്ദേഹത്തെ കൈവിട്ടില്ല.
ഏതാനും വർഷത്തിനുശേഷം, മരുമകൻ ഹംസയെ പുതിയ വിസയിൽ വീണ്ടും തങ്ങളുടെ കുടുംബത്തിലെത്തിച്ചു. ഇന്ന് 67ാം വയസ്സിൽ ശാരീരിക അവശതകൾകൂടി കണക്കിലെടുത്ത് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ ഹംസ ഒരുങ്ങുമ്പോൾ തങ്ങളുടെ മനസ്സുകവർന്ന സഹായിയെ പിരിയാൻ കുടുംബത്തിന് മനസ്സില്ല. നാട്ടിൽ പോയി, ചികിത്സയെല്ലാം കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്താൽ എപ്പോഴും തിരികെയെത്താം എന്ന വാഗ്ദാനവുമായാണ് ഹംസയെ യാത്രയയക്കുന്നത്.
വന്നിറങ്ങിയപ്പോൾ കണ്ട ഖത്തറിൽനിന്ന് നാടും നഗരവും അടിമുടി മാറിയിരിക്കുന്നു. എല്ലായിടത്തും ആകാശം തൊടുന്ന ഉയരെ കെട്ടിടങ്ങളായി മാറി. അന്നൊക്കെ, കൂട്ടുകാരെയും ബന്ധുക്കളെയും കാണണമെങ്കിൽ വാരാന്ത്യത്തിൽ സൂഖ് വാഖിഫിലെ ബിസ്മില്ലാ ഹോട്ടൽ പരിസരത്ത് എത്തണം. അതാവട്ടെ, നേരത്തേതന്നെ കത്തയച്ച് പറഞ്ഞുറപ്പിച്ച പ്രകാരമായിരിക്കും കൂടിച്ചേരൽ. വീട്ടുകാരുമായി കത്തിലൂടെ മാത്രമുള്ള ബന്ധങ്ങൾ. ആ കാലമെല്ലാം മാറി. മൊബൈൽ ഫോണിന്റെ ലോകത്താണ് ഇന്നത്തെ പ്രവാസം.
നല്ലൊരു ജീവിതം സ്വപ്നംകണ്ട് ഖത്തറിലേക്ക് പറന്ന താനൂരുകാരൻ പ്രവാസം മതിയാക്കി മടങ്ങുമ്പോൾ അതിരുകളില്ലാത്ത സൗഹൃദങ്ങളും അനുഭവങ്ങളുമാണ് സമ്പാദ്യം. സ്വന്തമായി വീടുവെച്ചു, രണ്ട് പെൺമക്കളെ വിവാഹം ചെയ്തയച്ചു. മകൻ പഠിക്കുന്നു. ഇനിയുള്ള കാലം വീട്ടുകാർക്കൊപ്പം സമാധാനത്തോടെ കഴിയണം -43 വർഷം ജീവിതം തന്ന ദോഹയോട് യാത്രപറയുന്നതിന്റെ തലേദിനം ഹംസ പറഞ്ഞുവെക്കുന്നു. കഴിഞ്ഞ മാർച്ചിൽ റേഡിയോ മലയാളത്തിന്റെ ‘ഫോർ മൈ ലൗ’ അതിഥികളിൽ ഒരാളായി ഭാര്യ ഐശുമ്മയെ ഖത്തറിലെത്തിച്ചതായിരുന്നു ഹംസയുടെ വലിയ സന്തോഷം.
ഭാര്യയുമായി ജോലിചെയ്യുന്ന വീട്ടിലെത്തി അവരുടെ സ്നേഹം അനുഭവിച്ചതും അവർ സമ്മാനങ്ങൾ നൽകി സ്വീകരിച്ചതും ഹംസ നന്ദിയോടെ ഓർക്കുന്നു. ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ദീർഘകാല പ്രവാസികളെ ആദരിച്ചപ്പോൾ അവരിൽ ഒരാളാവാനും ഹംസക്ക് കഴിഞ്ഞു.
ദോഹ: 43 വർഷത്തോളം ഖത്തറിൽ പ്രവാസജീവിതം നയിച്ച ഹംസക്ക് ‘ഞമ്മളെ താനൂർ കൂട്ടായ്മ’ യാത്രയയപ്പ് നൽകി. ദോഹ ബിൻ മഹ്മൂദിലെ ഷർവ ഖിസ്സ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ മൂസ താനൂർ സംസാരിച്ചു. ജാഫർഖാൻ ഉപഹാരം കൈമാറി. സുബൈർ അരീക്കാട് ഷാജി, അൻവർ, ഇംതിയാസ്, ഷഫീൽ, അഷ്റഫ് അൽഖോർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അക്ബർ താനൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.