സെക്കന്‍റുകൾകൊണ്ട് പ്രേക്ഷകരുടെ മനസ്സും വയറും നിറച്ചുള്ള സാബുവിന്‍റെ ഫുഡ് ഹണ്ടിങ് സോഷ്യൽമീഡിയയിൽ തരംഗമാണ്. എളുപ്പം തയ്യാറാക്കാവുന്ന തനി നാടൻ രുചി വൈവിധ്യങ്ങളും റെസിപിയുമായി എത്തുന്ന സാബുവിന്‍റെ ഓരോ എപ്പിസോഡും കാണുന്നത് ലക്ഷങ്ങളാണ്. സാബുവിന്‍റെ പേജില്‍ ഒരുവട്ടം കയറിയവർ പിന്നെ ആവേട്ടക്കാരന്‍റെ ആരാധാകരാവുമെന്നത് തീർച്ചയാണ്. റെസിപിക്ക് പുറമെ ഏത് മുക്കിലും മൂലയിലായാലും കഴിക്കുന്ന ഭക്ഷണം അതിനെക്കാളേറെ രുചിയോടെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുത്തുക കൂടി ചെയ്താണ് ഫുഡ് ഹണ്ടർ സാബു ഇന്ന് താരമാവുന്നത്. അത്രയേറെ ഭക്ഷണവൈവിധ്യങ്ങളുണ്ട് അതിൽ.
കാരണം സാബുവിന്‍റെ വിഡിയോ സിംപിളാണ്, പവർപുളും. ലോക്ഡൗൺ തന്നെയാണ് സാബുവിന് കൂടുതൽ ആരാധകർ സമ്മാനിച്ചതും. കിലോമീറ്ററുകളോളം യാത്രചെയ്താണ് പാലക്കാട് ജില്ലയിലെ മണ്ണാർകാട് സ്വദേശി ഉമ്മർ സാബു എന്ന ഫുഡ്ഹണ്ടർ ഓരോ രുചിയിടവും തേടി കണ്ടെത്തുന്നത്. ഭക്ഷണത്തോടുള്ള ഇഷ്ടം തന്നെയാണ് വേട്ടക്കാരനെന്ന പേര് സ്വീകരിക്കാൻ എൻജീനിയർ കൂടിയായ സാബുവിനെ പ്രേരിപ്പിച്ചത്. ഫുഡ് വ്ലോഗറായ ഫുഡ്ഹണ്ടര്‍ സാബു ഇന്ന് സമൂഹമാധ്യമത്തിലും സെലിബ്രിറ്റികൾക്കും ഇടയിലെ പ്രിയപ്പെട്ട താരമാണ്. കേരളത്തിലെ തന്നെ നമ്പർ വൺഫുഡ് ബ്ലോഗർമാരിൽ ഒരാളാണ് സാബു.
പണ്ടൊക്കെ ഏതൊരു പ്രവാസിയും അവധിക്ക് നാട്ടിലേക്ക് വരുമ്പോൾ വീട്ടുകാർക്കായി മിഠായി, ഡ്രസ്, വാച്ച്, പേന, സ്പ്രേ തുടങ്ങിയ സാധനങ്ങളാണ് ബാഗിൽ വാങ്ങിക്കൂട്ടിയിരുന്നത്. എന്നാൽ സാബുവിന്‍റെ വല്യുപ്പ നാട്ടിലേക്ക് വരുമ്പോൾ കഥ മറിച്ചായിരുന്നു. ബാഗിൽ ഏറിയ പങ്കും ഭക്ഷണ സാധനങ്ങൾ, അതും വിദേശത്ത് മാത്രം ലഭിക്കുന്നവ. ഭദ്രമായി പൊതിഞ്ഞ് കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങൾ രുചിയോടെ തയ്യാറാക്കി വീട്ടുകാർക്കും അയൽവാസികൾക്കും വിതരണം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിനിഷ്ടം. മീൻ, ഒട്ടക ഇറച്ചി, പ്രത്യേക ഇലകൾ... അങ്ങനെ നീളുന്നു വിഭവങ്ങൾ. വർഷങ്ങൾക്കു മുമ്പ് യു.എ.ഇയിൽ പ്രവാസിയായിരുന്ന വല്യുപ്പ മുഹമ്മദ് ഷാഫി എന്ന ബാപ്പു ഹാജിലൂടെ തന്നെയാണ് ഭക്ഷണത്തോടുള്ള ഇഷ്ടം കുടുംബത്തിലേക്കും എത്തുന്നത്. 50 വർഷത്തോളം പ്രവാസിയായിരുന്ന അദ്ദേഹത്തിന് സ്വന്തമായി റസ്റ്ററന്‍റുണ്ടായിരുന്നു. തുർക്കി ഹാജി എന്ന പേരിലും അറിയപ്പെടുന്ന അദ്ദേഹം നാട്ടിൽ നിന്ന് ആദ്യമായി ഗൾഫിലേക്ക് പോയ പ്രവാസികളിലൊരാളായിരുന്നു.
മലയാളികളും സ്വദേശികളും വിദേശികളും ഉൾപ്പെടെ രുചി തേടി എത്തിയിരുന്ന റസ്റ്ററന്‍റിൽ സിലോൺ പൊറോട്ടയായിരുന്നു സ്പെഷ്യൽ. പോരാത്തതിന് അദ്ദേഹം തയ്യാറാക്കുന്ന മറ്റു വിഭവങ്ങൾക്കും വൻ ഡിമാന്‍റായിരുന്നു. കൃഷിയുമായി ബന്ധമുള്ള കുടുംബമായതിനാൽ പണ്ടൊക്കെ പാടത്ത് ജോലിക്കാർ പതിവായിരുന്നു. അവർക്കുള്ള ഭക്ഷണം തറവാട്ടിൽനിന്നായിരുന്നു. സദാസമയവും അടുപ്പ് പുകഞ്ഞുകൊണ്ടിരിക്കുമെന്ന് ചുരുക്കം. പണിക്കാർക്കൊപ്പം നിരനിരയായി ഭക്ഷണത്തിനായി വീട്ടുകാരും ഇരിക്കും. അതൊക്കെ വല്ലാത്തൊരു ഓർമകളായിരുന്നു. ഉമ്മുടെ ഉമ്മയാവട്ടെ വീട്ടിൽ ആര് വന്നാൽ അവർക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കി കഴിപ്പിച്ചിട്ടേ വിടാറുള്ളൂ. എന്നും വ്യത്യസ്ഥത ആഗ്രഹിക്കുന്ന ആളായിരുന്നു വല്യുമ്മ. വല്യുപ്പ തന്നെയാണ് വല്യുമ്മയുടെയും ഉമ്മയുടെയും ഗുരു.
ലോക്ഡൗണിൽ പലരും വീട്ടിൽ ലോക് ആയപ്പോഴും എനിക്ക് വിശ്രമമുണ്ടായിരുന്നില്ല. രുചി തേടിപ്പോവാനാവാത്തതിന്‍റെ സങ്കടം വീട്ടിൽ നിന്നങ്ങു തീർത്തു. കടകളും ഹോട്ടലുകളും അടഞ്ഞുകിടന്നതിനാൽ വീട്ടിലുണ്ടാക്കുന്ന പരമ്പരാഗത തനി നാടൻ ഭക്ഷണം പരീക്ഷിച്ചു നോക്കുകയായിരുന്നു പ്രധാന ഹോബി. ഉമ്മയുടെയും ഉപ്പയുടെയും കട്ട പിന്തുണയോടെയുള്ള ആ പാചക പരീക്ഷണം ഗംഭീര വിജയമായിരുന്നു.
അച്ചാർ, ബിരിയാണി എന്നിവ തനി നാടൻ രുചിയോടെ തയ്യാറാക്കുന്നതിൽ ഉമ്മക്കും വല്യുമ്മക്കും നൂറുമാർക്കാണ്. സാബുവിന്‍റെ ശൈലിയിൽ എക്സ്പോർട്ടിംഗ് ക്വാളിറ്റി തന്നെയാണതിന്. കുടുംബത്തിൽ എന്ത് വിശേഷ പരിപാടികളുണ്ടായാലും വല്യുമ്മ തന്നെയാണ് അടുക്കള നിയന്ത്രിക്കുക. അച്ചാർ, പത്തിരിയും ബീഫും, ചിക്കൻ അങ്ങനെ കടൽ കടത്താനുള്ള വിഭവങ്ങളും ചൂടോടെ പാക്ക് ചെയ്ത് പെട്ടിയിൽ വെച്ച് കെട്ടുന്നത് വരെ വല്യുമ്മക്ക് വിശ്രമം ഉണ്ടാവാറില്ല.
വീട്ടിലുള്ളവരുടെ ഇഷ്ടത്തിനനുസരിച്ചായിരുന്നു ഭക്ഷണമെനു തയ്യാറാക്കിയിരുന്നു. അത് ബ്രേക് ഫാസ്റ്റാവട്ടെ, ലഞ്ചാവട്ടെ എല്ലാം കൃത്യമായി മുൻകൂട്ടി എല്ലാവരോടും അഭിപ്രായം ചോദിച്ചാണ് തയ്യാറാക്കുക. മിക്കവാറും ദിവസവും വ്യത്യസ്ഥ വിഭവം തന്നെയായിരുന്നു വീട്ടിൽ. എപ്പോഴും ഫ്രഷ് വിഭവങ്ങളായിരുന്നു. വല്യുമ്മക്ക് അതിലൊക്കെ ഭയങ്കര നിർബന്ധമായിരുന്നു.
രുചി തേടി കേരളത്തിനകത്തും പുറത്തും നിരവധി യാത്രകൾ നടത്തിയ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഉമ്മയുണ്ടാക്കുന്ന ബിരിയാണി തന്നെയാണ്. രുചിച്ചതിൽ വെച്ചേറ്റവും സ്വാദിഷ്ടവുമതാണത്. വെറുതെ പറയുന്നതല്ല, യാഥാർത്യമാണ്. പക്ഷേ നിരന്തര യാത്രക്കിടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ സമയം കിട്ടാറില്ലെന്നത് മറ്റൊരു സത്യം.
പലരും എന്നോട് ചോദിക്കുന്ന ചോദ്യമാണ് അത്രക്ക് ഭക്ഷണം കഴിച്ചിട്ട് സാബു എന്താ അങ്ങനെ ഇരിക്കുന്നതെന്ന്. അതെന്‍റെ ശരീരപ്രകൃതമാണെന്നതാണ് സത്യം. എന്നാലും എനിക്ക് സ്മാർട്ട് ഈറ്റിങ്ങാണ് ഇഷ്ടം, വയറു നിറയെ ഭക്ഷണം കഴിക്കില്ല, എല്ലാം മിതമായി. അരി, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറക്കും. രുചി തേടി പോവുമ്പോൾ സ്വാദ് അറിയാൻ വേണ്ടി മാത്രമാണ് ബിരിയാണി ഉൾപ്പെടെ ഹെവി ഭക്ഷണം കഴിക്കാറുള്ളത്. വയറ് നിറച്ച് കഴിക്കുന്നതിന് പകരം എല്ലാ ഭക്ഷണത്തിന്‍റെയും രുചി അറിയാൻ മാത്രം ശ്രമിക്കും.
വീട്ടിൽ എല്ലാവരും ഭക്ഷണത്തോട് താത്പര്യമുള്ളവരാണ്. വല്യുപ്പ നാട്ടിൽ വരുമ്പോഴൊക്കെ തറവാട് ശരിക്കും ഒരു ഹോട്ടൽ തന്നെയായിരുന്നു. കാരണം കടകളിൽ മാത്രം ലഭിച്ചിരുന്ന പലഹാരങ്ങളും ഭക്ഷണവും വീട്ടിൽ തയ്യാറാക്കിയിരുന്നു. ജീവിതത്തിൽ ആദ്യമായി പൊറോട്ട കഴിക്കുന്നത് വീട്ടിലുണ്ടാക്കിയിട്ടാണ്, കടകളിലുണ്ടാക്കിയതായിരുന്നില്ല. അക്കാലത്ത് പൊറോട്ടയൊക്കെ വീട്ടിൽ തയ്യാറാക്കുന്നത് പതിവില്ലാത്ത കാലമായിരുന്നു. വല്യുപ്പ തന്നെയായിരുന്നു അതിന് പിന്നിൽ. എന്‍റെ ഓർമ വെച്ച കാലം മുതൽക്കേ വീട്ടിൽ സമൂസ പോലുള്ള ചെറു എണ്ണപലഹാരങ്ങൾ, പൊറോട്ട തുടങ്ങി ഒരു വിധം കടകളിൽ മാത്രം ലഭിക്കുന്ന പലഹാരങ്ങളെല്ലാം തയ്യാറാക്കിയിരുന്നു. അതെല്ലാം അയൽവാസികൾ, ബന്ധുക്കൾ എന്നിവർക്ക് വിതരണം ചെയ്യും. ഇന്നൊക്കെ സകല പലഹാരങ്ങളും വീട്ടിലുണ്ടാക്കുന്ന കാലമാണ്. പ്രത്യേകിച്ച് ലോക്ഡൗണോടെ മിക്ക രുചി പരീക്ഷണങ്ങളും എല്ലാവരും നടത്തിക്കഴിഞ്ഞു.
യാത്രയിലും വിഡിയോ ചെയ്യുമ്പോഴും ഉപ്പ സഹീർ, ഉമ്മ ഫസീല, ഭാര്യ ഡോ. ഷഹാന, മകൻ ഷെഹ്സാൻ എന്നിവർ കൂട്ടാവാറുണ്ട്. നിരവധി യാത്രകളാണ് അവരുമൊത്ത് നടത്തിയത്. ഷഹാനക്ക് ആദ്യം ഭക്ഷണത്തോടും യാത്രകളോടും താത്പര്യമില്ലായിരുന്നു. പക്ഷേ പിന്നീട് അവൾ പതിയെ എന്നെപ്പോലെ ഫുഡി ആയി. അവളുടെയും പിന്തുണ തന്നെയാണ് എനിക്ക് കരുത്ത്. യാത്രക്കായി ഇടക്ക് അവധിയെടുത്ത് അവൾ കൂടെ വരാറുണ്ട്. വിഡിയോയുടെ കാര്യമായാലും ഞാൻ 'മടിപിടിച്ച്' കിടന്നാലും പുതിയ വിഡിയോ ചെയ്യാൻ നിർബന്ധിക്കുന്നതും പുതിയ വിഭവം പരീക്ഷിക്കാൻ നിർബന്ധിക്കുന്നതും അവളാണ്.
മകൻ ഷെഹ്സാൻ പോലും എന്നെ ഫുഡ് ഹണ്ടർ സാബുവെന്നാണ് വിളിക്കുന്നത്. ആശു എന്നാണ് അവന്‍റെ വിളിപ്പേര്. ഇപ്പോ അവനും പാത്രങ്ങൾ നിരത്തി ബിരിയാണി ഉണ്ടാക്കി എന്നെ അനുകരിക്കലാണ് പ്രധാന പരിപാടി. അവൻ ഇടക്ക് ഫുഡ് ഹണ്ടർ ആശ എന്ന് അവനെ തന്നെ വിളിക്കും. എന്‍റെ വിഡിയോ കാരണം ഉപ്പയെയും ഉമ്മയെയും വരെ ആളുകൾ വിളിക്കാനും അറിയാനും തുടങ്ങിയതോടെ അവരും ഹാപ്പിയായിരുന്നു. അതൊക്കെ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും പോസിറ്റീവ് എനർജിയും.
ഇൻസ്റ്റയിലെ താരം ഈ ഫുഡ് വേട്ടക്കാരൻ
ഭക്ഷണത്തിനോടുള്ള താത്പര്യം കണ്ട് പെരിന്തല്‍മണ്ണയിലുള്ള കുറച്ചു സുഹൃത്തുക്കളാണ് എനിക്ക് ഇന്‍സ്റ്റഗ്രാം പരിചയപ്പെടുത്തി തരുന്നത്. അവരാണ് അക്കൗണ്ട് തുടങ്ങാൻ നിർബന്ധിച്ചതും. ബിസിനസ് തുടങ്ങിയ സമയത്തായിരുന്നു അത്. ആളുകൾ ഭക്ഷണം തയ്യാറാക്കുന്നതും കഴിക്കുന്നതും കാണാനായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. പിന്നീട് ഭക്ഷണം തേടി യാത്ര ആരംഭിച്ചതോടെയാണ് അത് ആളുകളിലേക്ക് എത്തിച്ചാൽ നന്നാവുമെന്ന് തോന്നിയത്. ആളുകളിൽ നിന്ന് സ്വീകാര്യത ലഭിച്ചതോടെ ഇൻസ്റ്റയിൽ സജീവമായി. 2016ൽ തുടങ്ങിയ ആ പേഴ്‌സണല്‍ അക്കൗണ്ട് 2017ലാണ് ഫുഡിന് മാത്രമാക്കി മാറ്റിയത്.
ആദ്യമൊക്കെ ഫോട്ടോസ് മാത്രമായിരുന്നു പോസ്റ്റിയിരുന്നത്. കാരണം അന്നൊന്നും ഈ വ്‌ലോഗിങിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഉത്തരേന്ത്യന്‍ വ്ലോഗര്‍മാരുടെയൊക്കെ വീഡിയോസും ഫോട്ടോസുമൊക്കെ കണ്ടു തുടങ്ങിയപ്പോഴാണ് എനിക്കും അങ്ങനെ ചെയ്യണമെന്നു തോന്നിയത്. പിന്നെ പതിയെ അതിനുള്ള ശ്രമമായി. സുഹൃത്തിനൊപ്പം 3 ദിവസത്തെ രുചി യാത്ര ചെയ്ത് വിഡിയോ ഇൻസ്റ്റയിൽ പോസ്റ്റിയതോടെ വൻ റീച്ചായിരുന്നു ലഭിച്ചത്. പക്ഷേ ഇൻസ്റ്റഗ്രാമിനെക്കാളും ടിക്ടോക്കിൽ വിഡിയോ ഷെയർ ചെയ്യാൻ തുടങ്ങിയതോടെയാണ് കൂടുതൽ റീച്ച് കിട്ടിത്തുടങ്ങിയിരുന്നത്. ലോക്ഡൗണ് തന്നെയാണ് എനിക്ക് റീച്ച് കൂട്ടിത്തന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായത് ആദ്യം വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. ഉള്ള ജോലി കളഞ്ഞ് ദൂരേക്ക് ഭക്ഷണം കഴിക്കാൻ പോകുന്നത് അവർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമായിരുന്നു. പിന്നീട് വരുമാനവും ഒരു മത്സരത്തിൽ പങ്കെടുത്ത് വിജയിക്കാനായതും ആളുകൾ സ്വീകര്യതയും കണ്ടാണ് വീട്ടുകാർക്ക് എന്നേക്കാളും ആവേശമായത്.
എന്‍റെ ഫോളോവേഴ്സിനെ എനിക്ക് ഫാമിലി എന്ന് വിളിക്കാനാണ് ഇഷ്ടം. ഭക്ഷണ റെസിപി ആയതിനാൽ വിദേശികൾ ഉൾപ്പെടെ നിരവധി ആളുകളാണ് പിന്തുടരുന്നത്. ഏതാണ്ട് മൂന്ന് ലക്ഷത്തിനടുത്താണ് എന്‍റെ ഇൻസ്റ്റഗ്രാം ഫാമിലി. റെസിപി വിഡിയോ കണ്ട് നിരവധി അമ്മമാരാണ് വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നതും സന്തോഷം പങ്കിടുന്നതും. ഫോളോവേഴ്സിനെ കൂട്ടാൽ വേണ്ടി ഒന്നും ചെയ്യാറില്ല എന്നതാണ് മറ്റൊരു കാര്യം. കാരണം ഞാനിത് എന്‍റെ സന്തോഷത്തിന് വേണ്ടിയാണ് ചെയ്യുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന ഒരു മനസ്സുഖം, അതൊന്ന് വേറെ തന്നെയാണ്. എന്നെ വ്ലോഗര്‍ എന്ന് വിളിക്കുന്നതിലും ഫുഡീ എന്ന് അറിയപ്പെടാനാണ് ഇഷ്ടം.
പെയ്ഡ് ആയിട്ട് ഇപ്പോൾ റസ്റ്ററന്‍റ്, കഫേ എന്നിവയുടെ വ്ലോഗ് ചെയ്യുന്നില്ല. അതിന് കാരണം അനുഭവങ്ങൾ തന്നെയാണ്. അത്തരം വിഡിയോ ചെയ്യാൻ പോയാൽ രുചികരമായ ക്വാളിറ്റിയും ക്വാണ്ടിറ്റിയുമുള്ള രുചിയേറും ഭക്ഷണമാവും ചിലപ്പോൾ അവർ എനിക്ക് തരിക. കാരണം അവിടെനിന്ന് ഭക്ഷണം കഴിക്കുന്നത് പതിവില്ലല്ലോ. സ്വാഭാവികമായും ഭക്ഷണം ഇഷ്ടപ്പെട്ടാൽ ഞാൻ അതിന് പോസിറ്റീവ് റിവ്യൂവും ചിലപ്പോൾ ഇടും. പക്ഷേ പിന്നീട് പോവുന്നവർക്ക് എനിക്ക് ലഭിച്ചപോലെ ഭക്ഷണം ലഭിക്കണമെന്നില്ല, അവിടെ ചിലപ്പോൾ ഷെഫ് മാറാനും ഇടയുണ്ട്. (ഇത് എല്ലായിടത്തെയും അനുഭവമല്ല. പക്ഷേ അങ്ങനെ സംഭവിച്ചിട്ടുണ്ട്) ഇക്കാരണങ്ങളാൽ രുചിക്കും മാറ്റം വരാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ എന്നിലുള്ള വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്.
ഇപ്പോൾ രുചി തേടി പോവും ഇഷ്ടമായാൽ വിഡിയോ ചെയ്യും, അത്ര തന്നെ. അതില്‍ ആരുടെയും താത്പര്യങ്ങൾ പരിഗണിക്കാറില്ല. ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചാൽ നല്ലതാണെങ്കിൽ കഴിച്ച് ഇറങ്ങുമ്പോൾ അവരോടു പറയും. മോശം ഭക്ഷണമാണെങ്കിൽ സ്വകാര്യമായി ബന്ധപ്പെട്ടവരെ അറിയിക്കും. ഭക്ഷണത്തിന്‍റെ കാര്യമല്ലേ, ചിലപ്പോൾ ആ ദിവസം അങ്ങനെ സംഭവിച്ചതായിരിക്കും. അങ്ങനെ വരാനും വഴിയുണ്ടല്ലോ...റസ്റ്ററണ്ട്, ഹോട്ടൽ, കഫേ തുടങ്ങിയ ബ്രാൻഡഡ് കൊളാപ്സുകൾ നിലവിൽ ചെയ്യുന്നുണ്ട്.
ലോക്ഡൗണിൽ റസ്റ്ററന്‍റുകളിൽ പോവാനോ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനോ കഴിയില്ലെന്ന കാര്യം മനസ്സിലാക്കിയാണ് ചെറു റെസിപി വിഡിയോ തയ്യാറാക്കി തുടങ്ങുന്നത്. വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിയതോടെ വൻ പിന്തുണയാണ് ലഭിച്ചത്. അത് നല്ലൊരു ശതമാനം ആളുകൾക്കും ഇഷ്ടപ്പെടുന്നുവെന്ന് കമന്‍റുകളും കാഴ്ചക്കാരുടെ എണ്ണവും കണ്ടപ്പോൾ മനസ്സിലായി. ആര്‍ക്കും പരീക്ഷിക്കാവുന്ന വിഭവങ്ങളായിരുന്നു തയ്യാറാക്കിയത്. മിക്കവാറും ഉമ്മയുടെ റെസിപികൾ തന്നെയായിരുന്നു. ശരിക്കും പറഞ്ഞാൽ ലോക്ഡൗണിൽ വീട്ടിൽ ചടഞ്ഞിരിക്കാതെ രുചികള്‍ പരീക്ഷിക്കാന്‍ പറ്റിയ മികച്ച അവസരമാക്കി മാറ്റി ഞാൻ.
പ്രശസ്ത ഷെഫുമാരുടെ റെസിപികളും ഒരുമിനിറ്റ് വിഡിയോയിൽ ഇടം പിടിച്ചിരുന്നു. പിന്നെ പലരും അയച്ചുതരുന്ന റെസിപികളും പരീക്ഷിച്ചു. മിനിറ്റുകൾ നീണ്ടുനിൽക്കുന്ന വിഡിയോകൾ യൂട്യൂബിൽ സുലഭമായതിനാലാണ് ഒരു മിനിറ്റ് വിഡിയോ എന്ന ആശയം പരീക്ഷിച്ചത്. ദൈർഘ്യമുള്ള വിഡിയോ ആളുകൾക്ക് താത്പര്യമില്ലെന്നതാണ് ചെറു വിഡിയോയിലേക്ക് മാറാൻ പ്രേരിപ്പിച്ചത്. പതിവായി വിഡിയോ ഇട്ടു തുടങ്ങിയതോടെ ആളുകൾ അത് ഏറ്റു പിടിച്ചു. ഇടക്ക് വിഡിയോ ഇടാൻ വൈകിയാൽ ആളുകൾ വിളിച്ച് ചോദിക്കാൻ വരെ തുടങ്ങിയിരുന്നു.
ഉമ്മയും ഉപ്പയും തന്നെയാണ് എല്ലാത്തിനും സഹായിക്കുന്നത്. ഞാൻ വിഡിയോ എടുക്കും. അവര് പാകം ചെയ്യും. ശരിക്കും പറഞ്ഞാൽ അവർ ഒരുപാട് 'കട്ട'ക്ക് നിന്നിട്ടാണ് ഒരോ വിഡിയോയും പുറത്തുവരുന്നത്. പലപ്പോഴും ടൈംമിംഗ് തെറ്റി ഞാൻ 'ആക്ഷൻ' പറയുന്നതിനു മുമ്പേ അവർ ഓരോ ഇൻഗ്രീഡിയന്‍റ് ചേർക്കുന്നത് 'പണി കിട്ടാറുണ്ട്'. ഒരിടത്ത് പിഴച്ചാൽ ആദ്യം മുതൽ ചെയ്യേണ്ടി വരാറുമുണ്ട്. അതേ കുറിച്ച് പറഞ്ഞ് 'സൗന്ദര്യ പിണക്കവും' ഷൂട്ട് മുടക്കവും സംഭവിക്കാറുണ്ട്. പക്ഷേ മിനിറ്റുകൾക്കകം ഉമ്മയും ഉപ്പയും വീണ്ടും വന്ന് ആ വിഡിയോ പൂർത്തിയാക്കിയിട്ടേ പോവൂ. അതൊക്കെ രസകരവും ആസ്വാദകരവുമാണ്. ഇടക്ക് സഹോദരിയും വീട്ടിൽ ഉണ്ടാവുമ്പോൾ സഹായിക്കും.
2007ല്‍ തൃശ്ശൂരില്‍ എന്‍ട്രന്‍സ് കോച്ചിങിന് ചേര്‍ന്ന സമയത്താണ് ഹണ്ടിംഗ് തുടങ്ങിയത്. അവിടെ ഹോസ്റ്റലിലായതിനാൽ ഭക്ഷണം തേടിയുള്ള കറക്കം പതിവായിരുന്നു. ടൗണില്‍ പോയി പുതിയ എന്തെങ്കിലും രുചികൾ പരീക്ഷിക്കും. ഈ താത്പര്യമാണ് എന്‍ജിനീയറിങ് പഠിക്കാന്‍ മെറിറ്റില്‍ പാലക്കാട് തന്നെ സീറ്റ് കിട്ടിയിട്ടും എറണാകുളത്തേക്ക് പോയതിന് പിന്നില്‍. അവിടെ പ്രശസ്തമായ കായിസ്, ഹനീഫിക്ക എന്നിവിടങ്ങളിലെ ഭക്ഷണ വൈവിധ്യങ്ങള് കൊതിപ്പിച്ച കാലമായിരുന്നു. അതൊക്കെ പരീക്ഷിക്കണമെന്ന ആഗ്രഹമാണ് എറണാകുളത്ത് എത്തിച്ചത്. പിന്നെ പതിയെ ഓരോ സ്ഥലം സന്ദർശിച്ച് അവിടത്തെ രുചികൾ പരീക്ഷിച്ചു. പിന്നെ മറ്റു ജില്ലകളിലേ രുചി വൈവിധ്യങ്ങൾ തേടി യാത്ര ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കോഫിഷോപ്പുകളുടെ രാജാവ് എന്നറിയപ്പെടുന്ന സ്റ്റാർ ബക്‌സിന്‍റെ കോഫി കുടിക്കാൻ വേണ്ടി മാത്രം വീട്ടുകാർ അറിയാതെ ബാംഗ്ലൂരിലേക്ക് പോയിട്ടുണ്ട്. അന്ന് അവിടെ മാത്രം ലഭിച്ചിരുന്ന കോഫിയായിരുന്നു അത്.
നാടന്‍ ഭക്ഷണശാലകള്‍, ചെറിയ ഹോട്ടലുകള്‍, അധികം ആര്‍ക്കും അറിയാത്ത രുചികരമായ ഭക്ഷണം ലഭിക്കുന്ന തട്ടുകടകൾ പോലുള്ള ഇടങ്ങള്‍ എന്നിവയാണ് പ്രധാനമായും തേടി പോകുന്നത്. കാരണം അവിടെ ഉറപ്പായും എന്തെങ്കിലും ഒരു പ്രത്യേക രുചി നമ്മളെ കാത്തിരിപ്പുണ്ടാവുമെന്നത് തീർച്ചയാണ്. അങ്ങനെയുള്ള വീഡിയോകൾ കാണാനാണ് കൂടുതലും ആളുകള്‍ക്ക് ഇഷ്ടം. ഇത് ആരെയും ബോധിപ്പിക്കാൻ വേണ്ടി ചെയ്യുന്നതല്ല. എന്നു കരുതി വലിയ റസ്റ്ററന്‍റുകളിൽ പോവാറില്ല എന്നല്ല.
നാലഞ്ചു വർഷത്തോളമായി തുടരുന്ന ഈ യാത്ര ഭക്ഷണത്തോടുള്ള താത്പര്യം കൊണ്ടാണ്. വിഡിയോയ്ക്കു വേണ്ടി ഇതുവരെ ആരോടും പണം വാങ്ങിയിട്ടില്ല. ചെറിയ കടകൾ നടത്തുന്ന പലർക്കും വിഡിയോ കണ്ട് കച്ചവടം കൂടുതൽ കിട്ടിയ സന്തോഷവും. കേരളത്തിലെ പതിനാല് ജില്ലകളിലെയും വിവിധ സംസ്ഥാനങ്ങളിലെയും വലുതും ചെറുതുമായി നിരവധി ഭക്ഷണശാലകൾ ഇതിനകം പരിചയപ്പെടുത്താനായിട്ടുണ്ട്. ഒരു സ്ഥലത്ത് എത്തിയാൽ അവിടെയുള്ള ക്ലാസിക് ഫുഡ് സ്പോട്ട്സ് എല്ലാം വിഡിയോ ആക്കിയേ മടങ്ങാറുള്ളു.
പലരും ചോദിക്കുന്ന ചോദ്യമുണ്ട് എന്തു കൊണ്ടാണ് വിഡിയോയിൽ മുഖം കാണിക്കാത്തതെന്ന്. പക്ഷേ ആളുകൾ മുഖം കാണാനല്ല റെസിപി കാണാനാണ് വിഡിയോകാണുന്നത് നന്നായി അറിയാം. അതാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടാത്തതിന് പ്രധാന കാരണവും, ഭൂരിഭാഗവും അങ്ങനെതന്നെയാണ് എന്നതാണ് സത്യം. ആദ്യ വിഡിയോ ചെയ്യുമ്പോൾ തുടക്കക്കാരന്‍റെ എല്ലാ പ്രശ്നങ്ങളുമുണ്ടായിരുന്നു. ആദ്യ വിഡിയോയിൽ ഉറക്കെ സംസാരിച്ചാൽ അയൽക്കാർ കേൾക്കുമെന്ന തോന്നലുണ്ടായതിനാൽ പതിയെയായിരുന്നു സംസാരിച്ചത്. വിഡിയോ വന്നതോടെ പലരും ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞു. പിന്നീട് ഞാൻതന്നെയാണ് അതിന് പരിഹാരം കണ്ടെത്തിയത്. ശബ്ദത്തിൽ സംസാരിച്ച് അടുത്ത വിഡിയോ റെക്കോർഡ് ചെയ്തു. അങ്ങനെയാണ് ആ പ്രശ്നം പരിഹരിച്ചത്. ഇപ്പോൾ എന്നെക്കാളും ആ ശബ്ദം തന്നെയാണ് താരം.
കോഴിക്കോടുനിന്ന് കഴിച്ച ബോറ വിഭാഗത്തിൽ പെട്ടവരുടെ താലി മീൽസായിരുന്നു എന്നെ അത്ഭുതപ്പെടുത്തിയ ഭക്ഷണം. ചീസ്, ഡ്രൈ ഫ്രൂട്ട്സ് എല്ലാം ചേർത്ത നല്ല റിച്ച് ഫുഡാണ്. വൈവിധ്യങ്ങളാൽ അസാധ്യമായ രുചിയായിരുന്നു. ഏറെ വ്യത്യസ്ഥമാണ് അവരുടെ ഭക്ഷണ രീതികൾ. മധുരം, ബീഫ് കബാബ്, സ്പെഷൽ തന്തൂരി സോസ്, ചിക്കൻ, ബോറ ബിരിയാണി, ചുരയ്ക്ക ഹൽവ, ചാസ്...അങ്ങനെ നീളുന്നതാണ് ആവിഭവം. പിന്നെ ബിരിയാണികളുടെ കാര്യത്തിൽ കോഴിക്കോടൻ രുചിയുടെ മേന്മ പറയണ്ടല്ലോ
ലോക്ഡൗണോടെ വ്ലോഗർമാരുടെ തള്ളികയറ്റമാണുണ്ടായത്. എല്ലാവരും കുക്കിംഗ് പരീക്ഷണവുമായി സമൂഹമാധ്യമത്തിൽ സജീവമാണ്. അത്യാവശ്യം നല്ലൊരു മൊബൈൽ ഫോണുണ്ടെങ്കിൽ ആർക്കും വ്ലോഗർമാരാകാമെന്നാണ് ഇന്നത്തെ സ്ഥിതി. അത് തെറ്റാണെന്നോ ചെറുതായോ കാണുകയല്ല. പക്ഷേ അതിൽ പലരുടെയും ലക്ഷ്യം പെട്ടെന്നുള്ള പ്രശസ്തി, പണം എന്നിവയൊക്കെയാണ്. ആർക്കും ക്ഷമയില്ല. എന്നെ സംബന്ധിച്ച് ഞാൻ എന്‍റെ മനസ്സുഖത്തിന് വേണ്ടിയാണ് വ്ലോഗ് ചെയ്യുന്നത്. അല്ലാതെ മത്സരം മാത്രം ലക്ഷ്യമിട്ടല്ല. പല തരം ഫുഡ് വിഡിയോകളാണ് ഇന്ന് ആളുകൾ പരീക്ഷിക്കുന്നത്. അതായത് വിദേശരാജ്യങ്ങളിലെ ട്രെൻഡിങ്ങും പരീക്ഷിക്കുന്നവർ ഏറെയാണ്. കൊറിയയിലെയും ചൈനയിലെയും പോലെ ഭക്ഷണം കഴിക്കുന്നതിന്‍റെ ശബ്ദവും ഇന്ന് ആളുകൾ വിഡിയോയിൽ ഉൾപ്പെടുത്താറുണ്ട്. നമ്മുടെ നാട്ടിലും ഇപ്പോൾ ഈ ട്രെൻഡിന് ആരാധകരുണ്ട്. Mukbang എന്നാണ് ഇത് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.