ദുബൈയിലെ മുൻനിര റസ്റ്റാറന്റുകളിലെത്തുന്നവർക്കെല്ലാം പരിചിതമാണ് മേരി ആൻ ഡി ഹാനിന്റെ സുഗന്ധങ്ങൾ. ഇവിടെയെല്ലാം ഭക്ഷണത്തിനാവശ്യമായ േഫ്ലവറുകളും ഭക്ഷ്യയോഗ്യമായ പുഷ്പങ്ങളും നൽകുകയാണ് മേരി. പ്രമുഖ ബിസിനസ് മാർക്കറ്റിങ് സ്ഥാപനത്തിലെ അക്കൗണ്ട് മാനേജർ തസ്തിക വേണ്ടെന്ന് വെച്ചാണ് ഫാമിങ്ങിലേക്ക് ഇറങ്ങിത്തിരിച്ചത്. 34ാം വയസിൽ 50ഓളം പ്രമുഖ റസ്റ്റാറന്റുകളിൽ പൂക്കൾ വിതരണം ചെയ്യുന്ന നിലയിലേക്ക് എത്തിച്ചത് മേരിയുടെ ആത്മ വിശ്വാസവും ദീർഘ വീക്ഷണവുമാണ്.
ഓരോ മാസവും സുസ്ഥിരമായി വളർത്തുന്ന ഉൽപന്നങ്ങളുടെ 4,000 ബോക്സുകളാണ് വിതരണം ചെയ്യുന്നത്. ഓറഞ്ച് നസ്ടൂർഷ്യം, പിങ്ക് നിറത്തിലുള്ള അമരന്ത്, പ്രത്യേക തരം ജമന്തി തുടങ്ങിയ പുഷപങ്ങളെല്ലാം മേരിയുടെ ഫാമിൽ വിളയുന്നുണ്ട്. അടുത്തിടെ തുറന്ന അറ്റ്ലാന്റിസ് ദ റോയലിലും മേരിയുടെ പുഷ്പ സുഗന്ധം എത്തി. അർമാനി, ബൊക്ക, ഒപാ, അവതാരാ, ട്രെസിൻഡ് സ്റ്റുഡിയോ, നോബു, ഓഷ്യാനോ, ഹക്കാസൻ തുടങ്ങി പ്രമുഖമായ പല റസ്റ്റാറന്റുകളിലും മേരിയുടെ സാന്നിധ്യം പ്രകടമാണ്.
2014ലാണ് നെതർലാൻഡുകാരിയായ മേരി ദുബൈയിൽ എത്തുന്നത്. സൂപ്പർമാർക്കറ്റിലെത്തുന്ന ഭൂരിപക്ഷം പൂക്കളും ഇറക്കുമതി ചെയ്യുന്നതാണെന്നും ഇതോടെ ഇവയുടെ യഥാർഥ സുഗന്ധം നഷ്ടമാകുന്നെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മേരി ഫാമിങ്ങിനെ കുറിച്ച് ആലോചിച്ചത്. മുൻപ് കൃഷിയിൽ പരിചയമൊന്നുമില്ലെങ്കിലും ഇതേ കുറിച്ച് വിശദമായി പഠിച്ചു. യു.എ.ഇയിലെ കാലാവസ്ഥയിൽ അക്വാപോണിക് ഫാമിങ്ങാണ് ഉചിതം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഈ രീതിയാണ് സ്വീകരിച്ചത്.
തന്റെ ഫാമിങിന് ജോലി തടസമാണെന്ന് കണ്ടതോടെ ഇത് രാജിവെച്ചു. വിവിധ ഹോട്ടലുകളിലെ ഷെഫുമാരുമായി നേരിൽ സംസാരിച്ച് മാർക്കറ്റ് ഉറപ്പുവരുത്തുകയായിരുന്നു ആദ്യ ജോലി. യാതൊരു കാർഷിക മുൻപരിചയവുമില്ലെങ്കിലും ആത്മവിശ്വാസം മാത്രം കൈമുതലാക്കിയായിരുന്നു മേരി മുന്നേറിയത്. 2018ൽ ഫാമിന് ലൈസൻസ് ലഭിച്ചു. ദുബൈ-അൽഐൻ റോഡിന് സമീപമായിരുന്നു ഫാം സ്ഥാപിച്ചത്. ഒരു മാസത്തിനുള്ളിൽ തന്നെ ഫലം ലഭിച്ചുതുടങ്ങി.
അഞ്ച് വർഷം പിന്നിടുമ്പോൾ ഒമ്പത് ജീവനക്കാർ ഉൾപെടുന്ന സംരംഭമായി ഇത് മാറി. 15 ഇനം പുഷ്പങ്ങൾ, നാല് തരം ഭക്ഷ്യയോഗ്യമായ ഇലകൾ, ഒമ്പത് ഇനം മൈക്രോ ഗ്രീൻ എന്നിവ ഫാമിലുണ്ട്. മണ്ണ് ഇല്ലാതെ, ജലം ഉപയോഗിച്ചുള്ള ഫാമിങാണ് സ്വീകരിച്ചിരിക്കുന്നത്. കീടനാശിനികൾ ഉപയോഗിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പുലർച്ച 5.30 മുതൽ മേരി ഫാമിലുണ്ടാകും. 350 ചതുരശ്ര മീറ്ററിലാണ് നിലവിലെ ഫാമുള്ളത്. ഭാവിയിൽ ഇത് കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനും മേരിക്ക് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.