ഷാർജ: ഇന്ത്യൻ രുചിവൈവിധ്യങ്ങളുടെ മാമാങ്കമൊരുക്കുന്ന 'കമോൺ കേരള'യിലെ 'ടേസ്റ്റി ഇന്ത്യ' വിഭാഗത്തിൽ മലബാറിന്റെ തനത് നാടൻ വിഭവങ്ങളുമായെത്തിയിരിക്കുന്ന കോഴിക്കോട്ടെ പ്രിയ കുടുംബശ്രീ യൂനിറ്റിന്റെ സ്റ്റാൾ ചിലപ്പോഴൊക്കെ പഴയൊരു പത്താംക്ലാസ് ആകും. തിരക്കിനിടയിലും പണ്ട് സ്കൂളിലെന്ന പോലെ അവിടെ
യുള്ള ആറുപേരും അടിച്ചുപൊളിക്കും. 1989ൽ അരീക്കോട് എസ്.ഒ.എച്ച്.എസിൽ പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ച ആറുപേരാണ് മലബാറിന്റെ രുചിക്കൂട്ടും കുട്ടിക്കാലത്തെ സൗഹൃദക്കൂട്ടുമായി ഷാർജയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് 'കമോൺ കേരള' എഡിഷനുകളിലും സാന്നിധ്യമായിരുന്ന നൂർജഹാന്റെ നേതൃത്വത്തിലാണ് ക്ലാസ്മേറ്റ്സ് എത്തിയിരിക്കുന്നത്.
സജ്ന, സമീറ, ബേബി, നുശൈബ, നജ്മ എന്നിവരാണ് ഈ 'രുചിക്കൂട്ടി'ലെ മറ്റു താരങ്ങൾ. അഞ്ച് വർഷം മുമ്പാണ് ഇവരുടെ കൂട്ടായ്മ ഒരുങ്ങുന്നത്. ഉന്നക്കായ, ചട്ടിപ്പത്തിരി, മുട്ടപ്പത്തിരി, മുട്ടസുർക്ക, കിളിക്കൂട്, കായപ്പോള, മീറ്റ്റോൾ, കല്ലുമ്മക്കായ, കുഞ്ഞിപ്പത്തൽ തുടങ്ങി നിരവധി മലബാർ വിഭവങ്ങളാണ് ഇവർ ഒരുക്കിയിരിക്കുന്നത്.
പുയ്യാപ്ല കോഴി, സ്പെഷൽ കിഴി ബിരിയാണി, ചക്കപ്പുഴുക്കും കാന്താരി ചമ്മന്തിയും, കപ്പയും മീൻകറിയും തുടങ്ങിയവയാണ് ഇവരുടെ സ്റ്റാളിലെ പ്രത്യേകതകൾ. കഴിഞ്ഞ മൂന്ന് 'കമോൺ കേരള' എഡിഷനുകളിലും എത്തിയിട്ടുണ്ടെന്നും അപ്പോൾ ലഭിച്ച സ്വീകാര്യതയും സഹകരണവും പ്രവാസികളുടെ പിന്തുണയുമാണ് വീണ്ടും എത്താൻ പ്രേരിപ്പിക്കുന്നതെന്നും നൂർജഹാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.