രുചിക്കൂട്ടുകളിലൂടെ മലയാളികളുടെ നാവിൻ തുമ്പിൽ കപ്പലോടിച്ചുകൊണ്ടിരിക്കുന്ന കൊല്ലംകാരനാണ് 'ഷെഫ് പിള്ള'. പാചകത്തിനൊപ്പം സ്നേഹം വാരിവിതറിയുള്ള വാചകവും നടത്തിയാണ് അദ്ദേഹം മലയാളികളുടെ മനസിൽ കുടിയേറിയത്. സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം മിസ്റ്റർ പിള്ളയുടെ ആരാധകരാണ്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ ഷെഫ് പിള്ള, ഇന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റ് വൈറലാവുകയാണ്. സുഹൃത്തായ രൂപേഷിനെ കുറിച്ചുള്ള ആ പോസ്റ്റ്, ആത്മബന്ധത്തിന്റെയും രുചിയുടെയും കഥയാണ് പങ്കുവെക്കുന്നത്.
ഷെഫ് പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പ്
കഥ പറയുന്ന രണ്ട് ചിത്രങ്ങൾ..!
ഈ രണ്ട് ചിത്രങ്ങൾ പറയുന്നത് അത്മബന്ധത്തിന്റെയും രുചിയുടെയും കഥ കൂടിയാണ്.🤗
ബാഗ്ലൂർ കോകനട്ട് ഗ്രോവ് റെസ്റ്റോറന്റിൽ 99-04 എന്നോടോപ്പം അഞ്ച് വർഷം വെയ്റ്ററായി ജോലി ചെയ്തിരുന്ന കണ്ണൂർക്കാരനായ രൂപേഷ്. എച്ച്‌എഎൽ അന്നസന്ദ്രപാളയയിലെ വാടക വീട്ടിലെ കുടുസ്സുമുറിയിൽ പത്തോളം കൂട്ടുകാരോടൊപ്പം ഒരേ പായിൽ കിടന്നുറങ്ങിയവർ...
കാര്യം ഭയങ്ങര കൂട്ടുകാരനാണെങ്ങിലും ജോലിയിൽ എന്നും വഴക്കിടും! രാവിലെ 8 മുതൽ 3 വരെ കിച്ചണിലും വൈകിട്ട് 7 മുതൽ 11 വരെ സർവീസിലുമാണ് ഞാൻ. അവൻ നോക്കുന്ന ഗസ്റ്റിന്റെ ഭക്ഷണം താമസിച്ചാലോ, അല്ലങ്കിൽ അപ്പം തണുത്തുപോയാലോ മുണ്ടും മടക്കികുത്തി അശുവാണെങ്കിലും നേരെ കിച്ചണിലേക്ക് പാഞ്ഞുവന്നു എന്നോട് ബഹളം വെയ്ക്കും.. അതിഥികളെ വരവേൽക്കുന്ന യുണിഫോമായ പച്ച ജുബ്ബയുടെയും കസവു മുണ്ടിന്റെയും ചന്ദക്കുറിയുടൊയുമൊന്നും സൗമ്യത അപ്പോളുണ്ടാവില്ല. പുള്ളിയുടെ നിഘണ്ടുവിലെ ഏറ്റവും വലിയ തെറി "പോടാ പുല്ലെയാണ്" അതിന് ഞങ്ങളുടെ മറുപടി മുട്ടൻ 'ചുരുളി'കളാണ്!! വരുന്ന ഗെസ്റ്റുകളെ ഏറ്റവും നന്നായി സെർവ് ചെയ്യുന്ന ആളായത് കാരണം ഒരുപാട് ടിപ്സും കിട്ടുമായിരുന്നു.
ഞങ്ങൾ രണ്ട് പേർക്കും ചൊവ്വാഴ്ചയാണ് അവധി ദിവസം.. വീട് വൃത്തിയാക്കലും, പ്ലാസ്റ്റിക് കുടത്തിൽ കുറെ ദുരെനിന്ന് പൈപ്പു വെള്ളം കൊണ്ടുവരുന്ന ജോലി അദ്ദേഹത്തിനും, പാചകം എനിക്കും! ഒരു ചായ പോലും ഇടാനറിയാത്ത രൂപേഷിലായിരുന്നു മീനും ഇറച്ചിയും വാങ്ങിക്കൊണ്ടു വന്ന ശേഷമുള്ള എന്റെ ആദ്യകാല പാചക പരീക്ഷണങ്ങളെല്ലാം അരങ്ങേറിയിരുന്നത്! അങ്ങനെ അഞ്ച് വർഷങ്ങൾക്ക് ശേഷം ഞാൻ ലണ്ടനിലേക്ക് പോയി.. അവൻ കല്യാണം കഴിഞ്ഞു കുട്ടിയൊക്കെയായി കൊറേ വർഷങ്ങൾ അതെ ജോലി തുടർന്നു.. പിന്നീട് എപ്പോഴോ ആ ജോലി മടുത്തു നാട്ടിലേക്ക് പോയി ചെറിയ ജോലിയൊക്കെ ചെയ്ത ജീവിക്കുകയായിരുന്നു.
ബാഗ്ളൂരിൽ റെസ്റ്റോറന്റ് തുടങ്ങുന്ന പ്ലാനുമായി പാർട്ട്ണർ സനീഷുമായി ഒരിക്കൽ കണ്ണൂരിൽ പോകേണ്ടിവന്നു, അങ്ങനെ ഒരുപാട് നാളുകൾക്ക് ശേഷം രൂപേഷിനെ കാണാൻ അവന്റെ വീട്ടിൽ പോയി. കുടുംബത്തെയൊക്കെ കണ്ട് കാര്യങ്ങളൊക്ക പറഞ്ഞു ഉണ് കഴിച്ച് സന്തോഷമായി മടങ്ങി! നാട്ടിലവൻ പെയിന്റിങ് ജോലിക്ക് പോകുന്നുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് മുതൽക്കൂട്ടായ അവൻ എന്നോട് ജോലി ചോദിച്ചില്ല, ഞാനോട്ട് വിളിച്ചതുമില്ല പക്ഷേ RCP യുടെ അദ്യ എഗ്രിമെന്റ് എഴുതിയ മുതൽ കൂടെയുണ്ട്!!
റെസ്റ്റോറന്റിന്റെ പണി നടക്കുന്നതിനിടയിൽ പലവട്ടം എന്നോട് ചോദിച്ചു എന്താടാ എന്റെ പണി? ഞാനൊന്നും മിണ്ടിയില്ല, വിളക്ക് കൊളുത്തുന്നതിന് രണ്ട് നാൾ മുൻപ് അവന്റെ അളവിൽ ഒരു കോട്ടും കയ്യിലൊരു വിസിറ്റിംഗ് കാർഡും കൊടുത്തു. കഴുത്തിലൊരു ടൈയും കെട്ടിക്കൊടുത്തു. ആ ടൈയുടെ കഥ പിന്നാലെ പറയാം.
Roopesh M Restaurant Maneger, RCP Bengaluru. അത് കണ്ട് അവന്റെ കണ്ണ് നനയുന്നത് അവനെന്നെ കാണിക്കാതെ തിരിഞ്ഞു നടന്നു! ഞാനും അവന് മുഖം കൊടുക്കാതെ നിന്നു.
കാര്യം ഇപ്പോൾ അവന്റെ മുതലാളിയാണെങ്കിലും ഇപ്പോഴും ഗസ്റ്റിന്റെ ഭക്ഷണം താമസിച്ചാൽ പഴയതിനേക്കാൾ ചൊറയുമായി കിച്ചണിൽ ഞാനുണ്ടെങ്കിൽ എന്റടുത്തേക്ക് പാഞ്ഞടുക്കും.. പഴപോലെ തെറി വിളിക്കാറില്ല ! പകരം പോടാ പുല്ലെന്ന് പറഞ്ഞു നാലഞ്ച് ചൂടപ്പം പെട്ടന്ന് ഞാനങ്ങ് കൊടുത്തുവിടും, അല്ലങ്കിൽ ചങ്ങായി വലിയ ചൊറയാണ്!! 😎🤣
ഒരേ മനസുള്ള ഞങ്ങൾക്ക് രണ്ട് പേർക്കും ഒരേ പ്രായമാണ്, അവന്റെ വിരമിക്കൽ സമ്മാനമായി ഞാനൊരു ഊന്നുവടി വാങ്ങി വെച്ചിട്ടുണ്ട്..
അത് അവന് കുത്തിപോകുന്ന പ്രായത്തിൽ അവന് RCP യിൽ നിന്ന് വിരമിക്കാം😇🥰
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.