ദോഹ: ലോകകപ്പ് ഫുട്ബാൾ മേളക്ക് കിക്കോഫ് വിസിൽ മൂഴങ്ങിയിട്ട് നാലാഴ്ച പിന്നിടുേമ്പാൾ ആതിഥ്യം കൊണ്ട് ലോകത്തിൻെറ ഹൃദയം കവരുകയാണ് ഖത്തർ. വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷൻ തുടങ്ങ പലയിടങ്ങളിലും വശ്യമായ പുഞ്ചിരിയും മധുരവുമായി വിദേശകാണികളെ തങ്ങളുടെ മണ്ണിലേക്ക് സ്വീകരിക്കുന്ന ഖത്തറിൻെറ സുന്ദരമായ കാഴ്ചകളിൽ ഒന്നാണ് മത്സര വേദിയായ അൽ തുമാമ സ്റ്റേഡിയം പരിസരത്തേതും.
ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾ അരങ്ങേറുന്ന സ്റ്റേഡിയമാണ് അൽ തുമാമ. ജനവാസ മേഖലയ്ക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഏക സ്റ്റേഡിയം എന്ന പ്രത്യേകത കൂടിയുണ്ട് ഈ കളി മൈതാനത്തിന്.
ദോഹയിലെ പ്രധാനപ്പെട്ട താമസ കേന്ദ്രം കൂടിയായ ഇവിടെ കളികാണാനെത്തുന്നവരെ വിരന്നൂട്ടുന്ന തിരക്കിലാണ് തദ്ദേശ വാസികൾ. കളിയും കഴിഞ്ഞ് മെട്രോയിലേക്കും വാഹന പാർക്കിങ് മേഖലകളിലേക്കും നടന്നെത്തുന്നവർക്ക് കഹ്വയും വെള്ളവും ഈന്തപ്പഴവും മിഠായികളും വിതരണം ചെയ്ത് ഹൃദ്യമായി വരവേൽക്കുകയാണ് ഇൗ നാട്ടുകാർ.
കുറഞ്ഞ വർഷങ്ങൾകൊണ്ട് വലിയൊരു നഗരമായി വികസിച്ച തുമാമയിൽ സ്വദേശികളും പ്രവാസികളുമായ ധാരാളം കുടുംബങ്ങളാണ് താമസിക്കുന്നത്. കളി കാണാനെത്തുന്നവർക്ക് സൗകര്യമൊരുക്കാൻ സോൺ 46 ലെ സ്റ്റേഡിയത്തിനടുത്തേക്കുള്ള പല റോഡുകളിലും വാഹന ഗതാഗതവും നിർത്തലാക്കിയിട്ടുണ്ട്.
മെട്രോയിൽ റെഡ് ലൈനിൽ ഫ്രീസോൺ സ്റ്റേഷനിൽ ഇറങ്ങി ഷട്ടിൽ ബസിൽ വേണം സ്റ്റേഡിയത്തിലെത്താൻ. ഷട്ടിൽ ബസിൻെറ ഡ്രോപ്പ് ഓഫ് ഏരിയയിൽ നിന്നും അൽപം നടന്നാലേ സ്റ്റേഡിയത്തിലെത്തൂ. കളികഴിഞ്ഞ് ബസ്, ടാക്സി ഏരിയയിലേക്കുള്ള നടത്തത്തിൽ മുഷിപ്പ് വരാതിരിക്കാൻ സദാ ജാഗ്രത പുലർത്തുകയാണിവിടത്തെ താമസക്കാർ.
തങ്ങളിന്നേവരെ നേരിൽ കാണുകയോ ഇനി കണ്ട് മുട്ടുകയോ ചെയ്യാത്ത വിവിധ ദേശക്കാരും ഭാഷക്കാരുമായ ആളുകൾക്ക് ചെറിയ മധുരം നൽകി ഹൃദയം കവരുകയാണിവിടത്തെ താമസക്കാർ. സ്റ്റേഡിയത്തിലെത്തുന്നവരൊക്കെ തങ്ങളൂടെ വീട്ടിലെ അതിഥികളാണെന്നും അവരെ സന്തോഷത്തോടെ തിരിച്ചയക്കേണ്ടത് തങ്ങളുടെ കടമയാണെന്നുമാണിവരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.