കായംകുളം: ക്രിസ്മസിന് മധുരം പകരാൻ കേക്ക് വിപണി സജീവം. ബേക്കറികളും സൂപ്പർ മാർക്കറ്റുകളും രുചിവൈവിധ്യങ്ങളുടെ കേക്കുകളാൽ നിറഞ്ഞിരിക്കുകയാണ്. ചെറിയും ചോക്ലേറ്റ് പൂക്കളും ഒരുക്കിയുള്ള അലങ്കാരങ്ങളാണ് കേക്കുകളെ ശ്രദ്ധേയമാക്കുന്നത്. മാർബിൾ, ഈന്തപ്പഴം, ചക്കപ്പഴം, പൈനാപ്പിൾ, ഐസിങ്, ബനാന, കാരറ്റ്, കോഫി ക്രഞ്ച്, എഗ്ലസ്, ചോക്ലേറ്റ്, ക്രീം, ചെറി, ഫാൻസി ബട്ടർ, റിച്ച് ഫ്രൂട്ട് തുടങ്ങി വിവിധ തരങ്ങളിലുള്ള കേക്കുകളുണ്ട്.
എങ്കിലും പ്ലം കേക്കുകൾക്കാണ് ഏറെ പ്രിയം. പ്രമേഹ രോഗികൾക്കായി ഷുഗർ ഫ്രീ കേക്കുകളും തയാറാണ്. ഹോം മെയ്ഡ് കേക്കുകൾക്കും ആവശ്യക്കാർ ഏറെയാണ്. പ്രത്യാശയുടെ സന്ദേശവുമായി എത്തുന്ന ക്രിസ്മസിന് സ്നേഹം പങ്കുവെക്കാനായി കേക്കുകളാണ് പ്രധാനമായും കൈമാറുന്നത്. ഇതിന്റെ കച്ചവട തിരക്കുകളുമായി വിപണിയും ഉണർന്നു.
വീടുകളിൽ ഉണ്ടാക്കുന്ന കേക്കുകളും വിൽപനക്കുണ്ട്. സ്വന്തമായി കേക്ക് നിർമിക്കുന്ന നിരവധിപേർക്ക് ക്രിസ്മസ് വിപണി ചാകരയാണ്. കോവിഡ് കാലത്ത് കേക്കിൽ പരീക്ഷണം തുടങ്ങിയ പല വീട്ടമ്മമാർക്കും ഇന്ന് ഇത് ജീവനോപാധിയാണ്. ബട്ടർ, കാരറ്റ്, ഈന്തപ്പഴം അടങ്ങിയ പുഡിങ്ങ് കേക്കുകളും വീട്ടമ്മമാർ തയാറാക്കുന്നുണ്ട്. പ്രമുഖ കടക്കാർ സ്വന്തം പേരിലും കേക്കുകൾ നിർമിച്ച് വിൽക്കുന്നുണ്ട്.
ക്രിസ്മസ് സ്പെഷൽ വിന്റർ പ്ലം കേക്ക്, ബ്ലാക്ക് ലേബൽ, പ്രസിഡന്റ് പ്രൈം പ്ലം കേക്ക് തുടങ്ങിയ പേരുകളിലുമുണ്ട് കേക്കുകൾ. കിലോക്ക് 500 രൂപ മുതൽ 1000 രൂപവരെയാണ് വില. പാക്കിങ്ങിൽ പുതുമനിറക്കുന്ന ക്രിസ്മസ് പാപ്പാ കേക്കുകളും വിപണിയിലുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.