മസ്കത്ത്: ക്രിസ്മസ് എത്തുമ്പോൾ മനസ്സിലെത്തുന്നത് കേക്കുകളുടെ കൊതിയൂറും രുചി വൈവിധ്യങ്ങളാണ്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വിവിധ രൂപത്തിലും രുചിയിലും വർണത്തിലുമുള്ള കേക്കുകൾ ഈ സീസണിൽ വിപണിയിലെത്തുന്നുണ്ട്.
ഏറ്റവും കൂടുതൽ കേക്കുകൾ വിപണിയിലെത്തുന്നതും വിറ്റഴിയുന്നതും ക്രിസ്മസ് കാലത്താണ്. അതിഥികളെ സ്വീകരിക്കുന്നതിനും പാരിതോഷികങ്ങൾ നൽകുന്നതിനും കേക്കുകൾ തന്നെ വേണം. അതിനാൽ ക്രിസ്മസ് കാലം ബേക്കറികളുടെ കൊയ്ത്തുകാലം കൂടിയാണ്.
ഒമാനിലെ എല്ലാ ഭാഗത്തുമുള്ള ബേക്കറികൾ വിവിധ ഇനം കേക്കുകൾ വിപണിയിലിറക്കുന്ന തിരക്കിലാണ്. ക്രിസ്മസിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഇതിനായി ഒരുക്കങ്ങൾ ആരംഭിക്കും. ചില ബേക്കറികൾ നാട്ടിൽനിന്ന് പ്രത്യേക നൈപുണ്യമുള്ളവരെ കേക്കുകൾ ഒരുക്കാൻ കൊണ്ടുവന്നിട്ടുണ്ട്.
ഈ വർഷം വൻ വിപണനമാണ് പ്രതീക്ഷിക്കുന്നതെന്ന് റൂവിയിലെ മോഡേൺ ഒമാൻ ബേക്കറി അധികൃതർ പറഞ്ഞു. കോവിഡ് പ്രതിസന്ധി അയഞ്ഞതോടെ ജനങ്ങൾ ആഘോഷ ലഹരിയിലാണ്. ഇത് കേക്കുകൾക്ക് ആവശ്യക്കാർ വർധിക്കാൻ കാരണമായിട്ടുണ്ട്. ഇക്കാരണത്താൽ വിവിധ ഇനത്തിലും വലുപ്പത്തിലും വിലയിലുമുള്ള കേക്കുകൾ മാർക്കറ്റിൽ ഇറക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കേക്കിലെ ചേരുവകളായ ഡ്രൈ ഫ്രൂട്ട്സും പഴ വർഗങ്ങളുമൊക്കെ നേരത്തേ സജ്ജമാക്കിവെക്കേണ്ടതുണ്ട്. ഇത് കേക്കിൽ ഉപയോഗിക്കത്തക്കമാവണമെങ്കിൽ ചേരുവകൾ ചേർത്ത് സൂക്ഷിച്ച് വെക്കേണ്ടതുണ്ട്. ക്രിസ്മസിസ് ഏറ്റവും ഡിമാന്റ് പ്ലം കേക്കുകൾക്കാണ്. അതിനാൽ വിവിധ രുചിയിലും വിലയിലുമുള്ള കേക്കുകൾ ഈ വർഷം മാർക്കറ്റിലിറക്കിയിട്ടുണ്ടെന്നും ബേക്കറി അധികൃതർ പറഞ്ഞു.
ക്രിസ്മസ് പ്രമാണിച്ച് ഇരുപതോളം ഇനം കേക്കുകൾ വിപണിയിലെത്തിക്കും. വിവിധ രുചിയിലും വലുപ്പത്തിലുമുള്ള പ്ലം കേക്കുകൾക്കൊപ്പം ഗിഫ്റ്റ് കേക്കുകളും വിപണിയിലുണ്ട്. കൂടാതെ ഫ്രഷ് ക്രീം കേക്കുകൾ, വിവധം ഇനം കുക്കീസ് കേക്കുകൾ, വിവിധ രുചിയിലുള്ള കപ്പ് കേക്കുകൾ എന്നിവയും വിപണിയിലെത്തിച്ചിട്ടുണ്ട്. കേക്കുകളുടെ വിൽപനക്കായി ചർച്ചുകളിലും മറ്റും പ്രത്യേക കൗണ്ടറുകളും സ്ഥാപിച്ചതായി ബേക്കറി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.