ഷവർമ എന്ന് കേട്ടാൽ പെട്ടെന്നോർമക വരിക കോഴിയിറച്ചി കൊണ്ടുള്ള ഷവർമയും അതിന്റെ രുചിയുമാണ്. എന്നാൽ കോഴിയിറച്ചിക്ക് പകരം ഈന്തപ്പഴം കൊണ്ട് ഷവർമ ഉണ്ടാക്കിയാലോ? അത്തരമൊരു കൗതുകമാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്‌സ ഈന്തപ്പഴ വിപണന മേളയിൽ രുചി പകരുന്നത്. ഇവിടെ ഒരു സ്റ്റാളിലെ ‘ഈന്തപ്പഴ ഷവർമ’ സന്ദർശകരുടെ ശ്രദ്ധപിടിച്ചു പറ്റുന്നു.
‘ഓ, ഈന്തപ്പഴം മധുരമാണ്’ എന്ന പേരിൽ വ്യാഴാഴ്ച ആരംഭിച്ച ഈന്തപ്പഴ വിപണമേളയിലാണ് സന്ദർശകരെ കൊതിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഈന്തപ്പഴ ഷവർമ പ്രദർശിപ്പിച്ചിരിക്കുന്നത്. കിഴക്കൻ മേഖല വികസന അതോറിറ്റിയുടെയും അൽഅഹ്‌സ ചേംബർ ഓഫ് കോമേഴ്സിന്റെയും സഹകരണത്തോടെ അൽഅഹ്‌സ മുനിസിപ്പാലിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.
കാർഷിക പ്രധാനമായ അൽഅഹ്‌സ മേഖലയിലെ ഈന്തപ്പഴ ഫാക്ടറികളിൽനിന്നുള്ളതും കർഷകർ നേരിട്ടെത്തിക്കുന്നതുമായ വിവിധതരം ഈത്തപ്പഴങ്ങളും അനുബന്ധ ഉൽപന്നങ്ങളും മേളയിലുണ്ട്. ഇത്തവണ മേളനഗരിയിലെത്തുന്ന ആളുകളെ മുഴുവൻ ആകർഷികുന്നത് ‘ഈന്തപ്പഴ ഷവർമ’ ആണ്. ഇത്തപ്പഴവും വിവിധ തരം ധാന്യപരിപ്പുകളും (നട്സ്) കൊണ്ടാണ് ഷവർമയുടെ നിർമാണം.
സാധാരണ ഷവർമ മാംസം പോലെ കുത്തിനിറുത്തിയ കമ്പിയിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന ഈ മിശ്രിതത്തിൽ 40 ശതമാനമാണ് ഈന്തപ്പഴം. കുരുകളഞ്ഞ് അതിന്റെ മാസംളമായ ഭാഗം മാത്രം എടുത്ത് വിവിധതരം പരിപ്പുകളുമായി കൂട്ടിക്കുഴച്ചാണ് ഇറച്ചി പോലെ പൊതിഞ്ഞ് സ്തൂഭമാക്കി കുത്തിനിർത്തിയ ശേഷം അതിൽ നിന്ന് ആവശ്യക്കാർക്ക് കോഴിയിറച്ചി പോലെ കത്തി കൊണ്ട് ചീന്തിയെടുത്ത് കടലാസിൽ പൊതിഞ്ഞ് കൊടുക്കുകയാണ്.
വിവിധയിനം ധാന്യപരിപ്പുകളുടെയും ഈന്തപ്പഴത്തിന്റെയും മിശ്രിതത്തിന്‍റെ രുചി ഷവർമ പോലെ നൊട്ടിനുണയാം. ഒരോ വർഷവും പുതുമ നിറഞ്ഞ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായണ് ഈന്തപ്പഴ ഷമർമയെന്ന് വ്യാപാരികൾ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ ഈത്തപ്പഴം വിളവെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് അൽഅഹ്‌സ. പ്രദേശത്തെ കൃഷിയിടങ്ങളിൽനിന്ന് ടൺകണക്കിന് ഈത്തപ്പഴമാണ് വിളവെടുക്കാറ്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.