ദുബൈ: ലോകത്തെ മുഴുവൻ വൈവിധ്യങ്ങളും സംഗമിക്കുന്ന നഗരമായ ദുബൈയിൽ ഇല്ലാത്ത രുചികളില്ല. എല്ലാതരത്തിലുമുള്ള രുചികൾ അനുഭവിക്കാൻ വർഷം മുഴുവൻ ഇവിടെ അവസരമുണ്ട്. എന്നാൽ ഫെബ്രുവരി മൂന്നാംവാരം ഭക്ഷണപ്രേമികൾക്ക് പ്രത്യേകമായി സന്തോഷിക്കാൻ അവസരമൊരുങ്ങുകയാണ്. എക്സ്പോ ഫുഡ് ഫെസ്റ്റിവലും ലോകോത്തരമായ ഭക്ഷ്യപ്രദർശനമായ ഗൾഫുഡും ഒരുമിച്ചാണ് വന്നെത്തുന്നത്. വിവിധ വിഭവങ്ങളുടെ വൈവിധ്യമാർന്ന അനുഭവങ്ങൾ നൽകുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പാചക ആഘോഷമാണ് എക്സ്പോ ഫുഡ് ഫെസ്റ്റിവലിൽ ഒരുങ്ങുന്നത്.
ബി.ബി.ക്യു ബൊനാൻസ മുതൽ ലോകമെമ്പാടുമുള്ള പാചക രീതികൾ വരെ, ഭക്ഷണപ്രിയർക്കായി മികച്ച ഓഫറുകളോടെയാണ് എക്സ്പോ ക്ഷണിക്കുന്നത്. ഫെബ്രുവരി 14മുതൽ 27വരെ നീണ്ടുനിൽക്കുന്ന രണ്ടാഴ്ചത്തെ എക്സ്പോ റസ്റ്ററൻറ് വീക്കും ഫെബ്രുവരി 18 മുതൽ മാർച്ച് 6 വരെയുള്ള ഫെസ്റ്റവൽ ഗാർഡനിലെ ബി.ബി.ക്യു ഫെസ്റ്റിവലും ഫെബ്രുവരി 21 മുതൽ മാർച്ച് 13 വരെ ഡൈൻ എറൗണ്ട് വേൾഡും ഇതോടനുബന്ധിച്ച ഭക്ഷണാഘോഷ പരിപാടികളാണ്.
രുചിയുടെ ആഗോള സംഗമമായ ഗൾഫ്ഫുഡ് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ഞായറാഴ്ചയാണ് തുടങ്ങുന്നത്. ഈ മാസം 17 വരെ ഇവിടെ 21 ഹാളുകളിലായാണ് മേള നടക്കുന്നത്. 120 രാജ്യങ്ങളിലെ 4000ഓളം സ്ഥാപനങ്ങൾ പ്രദർശനവുമായെത്തും. 150ഓളം പാചകവിദഗ്ദർ പെങ്കടുക്കുന്ന കോൺഫറൻസുകളും നടക്കും. 50 റസ്റ്റാറൻറുകളിലെ 70 ഷെഫുമാരുടെ നേതൃത്വത്തിൽ 1000ഓളം ആകർഷകമായ ഡിഷുകൾ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത ഷെഫുമാരായ അന്റോണിയോ ബാച്ചർ, ആന്ണി ദിമിത്രി, ടോം എയ്കെൻസ്, നിക്ക് ആൽവിസ്, ഇമാറാത്തി ഷെഫ് ഖാലിദ് അൽ സാദി, ഫൈസൽ നാസർ തുടങ്ങിയവർ എത്തും. പുതു രുചികൾ പിറവിയെടുക്കുന്ന മേളയായ ഗൾഫുഡിൽ കോടിക്കണക്കിന് രൂപയുടെ വ്യാപാര ഇടപാടുകളാണ് നടക്കാറുള്ളത്. പുതിയ കരാറുകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരും പുതിയ ഉൽപന്നം ലോകത്തിന് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുമെല്ലാം ഗൾഫുഡിലെത്തും. ഭക്ഷ്യവിഭവ രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ മേളയാണിത്.
അഞ്ച് ദിവസങ്ങളിലായി ലക്ഷം പേരെങ്കെിലും ഗൾഫുഡ് സന്ദർശിക്കുമെന്നാണ് പ്രതീക്ഷ. സെലിബ്രിറ്റി ഷെഫുകളും പരിപാടിക്കെത്തും.
മത്സരങ്ങളും സമ്മാനങ്ങളും ഓഫറുകളും ലഭിക്കുന്നതിന് പുറമെ പുതിയ സ്വാദുകൾ സൗജന്യമയി രുചിച്ചറിയാനുള്ള വേദി കൂടിയാണിത്. ഹോട്ടൽ മേഖലകളിലെ പുതിയ ട്രെൻഡുകൾ പരിചയപ്പെടുത്താൻ ഷെഫുമാരുണ്ടാവും. ഭക്ഷ്യ ലോകത്തെ പുതുമാനങ്ങൾ ചർച്ച ചെയ്യാൻ ശിൽപശാലകൾ അരങ്ങേറും. പ്രവേശന പാസ് ഗൾഫുഡിന്റെ വെബ്സൈറ്റ് വഴി ലഭിക്കും.
ദുബൈ: നഗരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഭക്ഷ്യശാലകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി മുനിസിപാലിറ്റി അധികൃതർ വ്യക്തമാക്കി. 2021ൽ 1343 പുതിയ ഭക്ഷണ ശാലകൾക്കാണ് അനുമതി നൽകിയത്. ഇതോടെ മുൻ വർഷത്തേതിനേക്കാൾ റസ്റ്ററൻറുകളുടെ എണ്ണം 12ശതമാനം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ദുബൈ മുനിസിപാലിറ്റി ഭക്ഷ്യ സുരക്ഷാ പരിശോധനകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 76,195പരിശോധനകളാണ് അധികൃതർ നടത്തിയത്. നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളും ആവശ്യകതകളും പാലിക്കുന്നതിൽ ഭക്ഷ്യ സ്ഥാപനങ്ങൾ പ്രതിബദ്ധത കാണിക്കുന്നത് സമീപകാലത്ത് വർധിച്ചതായാണ് അധികൃതരുടെ വിലയിരുത്തൽ. ഭക്ഷണശാലകൾ, കഫ്റ്റീരിയകൾ, സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ തുടങ്ങിയവയെല്ലാം മുനിസിപ്പാലിറ്റി പരിശോധിക്കുന്നുണ്ട്. ഇതിന് പുറമെ ഡെലിവറി വാഹനങ്ങൾ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.