തണുപ്പുകാലം വന്നെത്തുമ്പോൾ ഭക്ഷണപ്രിയർക്ക് ആഘോഷകാലമാണ്. കാരണം പുതിയ പുതിയ രുചിഭേദങ്ങൾ കണ്ടെത്താനും അനുഭവിക്കാനും യോജിച്ച കാലമാണത്. പ്രത്യേകിച്ച് ഭരുഭൂമിയിലും മറ്റും ക്യാമ്പുചെയ്ത് കൂട്ടമായിരുന്ന് കുക്ക് ചെയ്യാനും ആഹ്ലാദത്തോടെ ഒന്നിച്ചിരുന്ന് കഴിക്കാനും ഏറ്റവും കൂടുതൽ പേരെത്തുന്നതും ഇക്കാലത്താണ്. ദുബൈയിലെ താമസക്കാർക്ക് നിരവധിയായ ഭക്ഷ്യവിഭവങ്ങൾ ലഭ്യമായ പതിനായിരക്കണക്കിന് റസ്റ്ററൻറുകൾ നഗരത്തിലുടനീളം ലഭ്യമാണ്. എന്നാൽ ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും കേളികേട്ട വിഭവങ്ങളെല്ലാം ൈകയെത്തും ദൂരത്ത് സജ്ജീകരിച്ചിരിക്കുന്ന ഒരിടം ഗ്ലോബൽ വില്ലേജ് മാത്രമായിരിക്കും.
അത്രമാത്രമാണ് ഇവിടെ ഒരുക്കിയിരിക്കുന്ന വിഭവങ്ങളുടെ എണ്ണം. മലയാളികൾക്ക് അപരിചിതമായ തായ്ലൻഡിലെയും വിയറ്റ്നാമിലെയും വിഭവങ്ങൾ മുതൽ ദക്ഷിണേന്ത്യയിലെ പോപ്പുലർ വിഭവമായ ദേശയും ചട്ണിയും വരെ ഇവിടെ ലഭ്യമാണ്. ഗ്ലോബൽ വില്ലേജിലെ ഓരോ പവലിയനുകളിലും വ്യത്യസ്തതരം വിഭവങ്ങളുമായി സ്റ്റാളുകളുണ്ട്. എന്നാൽ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനത്തിനും വിൽപനക്കും മാത്രമായും നിരവധി പ്രത്യേക സ്ഥലങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോദിവസവും ഇവിടങ്ങളിൽ സന്ദർശകരുടെ എണ്ണം കൂടിക്കൂടി വരുന്നതാണ് കാണുന്നത്. ചില ഭക്ഷ്യവിഭവങ്ങൾ കയ്യിൽ കിട്ടാൻ ക്യൂ നിൽക്കേണ്ട അവസ്ഥ പോലുമുണ്ട്. ചിലരെങ്കിലും ഓരോ വരവിനും ഓരോ പ്രദേശത്തിന്റെയും വിഭവങ്ങൾ രുചിച്ചാണ് മടങ്ങുന്നത്.
ഗ്ലോബൽ വില്ലേജിൽ എല്ലാവരുടെയും ശ്രദ്ധ പതിയുന്ന ഇടമാണ് ഫ്ലോട്ടിങ് മാർക്കറ്റ്. വെള്ളത്തിൽ ഉയർന്നുനിൽക്കുന്ന ഇവിടം ഭക്ഷ്യ വിഭവങ്ങളാൽ സമ്പുഷ്ടമാണ്. പലതും കടൽവിഭവങ്ങളാണെന്നത് ഇവിടെത്തുന്നവരെ ആകർഷിക്കുന്ന ഘടകവുമാണ്. തായ്ലൻഡ്, കൊറിയ, ജപ്പാൻ, ചൈനീസ് എന്നിവിടങ്ങളിൽ നിന്നുള്ള വിഭവങ്ങൾ പ്രധാനമായും ഇവിടെലുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർ മാത്രമല്ല ഇന്ത്യക്കാരടക്കം പലരും ഫ്ലോട്ടിങ് മാർക്കറ്റിലെത്തി ഈ വിഭവങ്ങൾ രുചിക്കുന്നത് കാണാവുന്നതാണ്.
നൂഡ്ൽസ് പോലുള്ള വിഭവങ്ങളും സൂപ്പുകളും കക്ക പോലുള്ള കടൽ വിഭവങ്ങളിൽ നിന്നുള്ള വിഭവങ്ങളും ഏറെപ്പേരെ ആകർഷിക്കുന്നതാണ്. പലതിന്റെയും പേര് പോയും മലയാളികൾ ആദ്യമായി കേൾക്കുന്നതായിരിക്കും. ഷോം യും കുങ്, ടോം യും സൂപ്പ, യും മാമ നൂഡ്ൽസ് എന്നല്ലാമാണ് പല വിഭവങ്ങളുടെയും പേരുകൾ. വിഭവങ്ങൾ വാങ്ങാനായി എല്ലാ നാട്ടില നിന്നും ആളുകളെത്തുന്നുണ്ടെന്ന് ഇവിടെ ബിസിനസ് ചെയ്യുന്ന ചൈനക്കാരൻ ‘ഗൾഫ് മാധ്യമ’ത്തോട് പങ്കുവെച്ചു. ശൈത്യകാലമായതോടെ സന്ദർശകരുടെ എണ്ണം വർധിച്ചെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളെയും കൗമാരക്കാരെയും ആകർഷിക്കുന്ന നിരവധി വിഭവങ്ങളുള്ള ഗ്ലോബൽ വില്ലേജിലെ തെരുവാണ് ഫീസ്റ്റ സ്ട്രീറ്റ്. ആഘോഷ അന്തരീക്ഷം അലതല്ലി നിൽക്കുന്ന സ്ട്രീറ്റിൽ വ്യത്യസ്തതരം ഐസ്ക്രീം, ബർഗർ, പാഷ്ത, ബാംബലോണി തുടങ്ങിയ വിഭവങ്ങൾ ഇവിടെ കാണാവുന്നതാണ്. ജ്യൂസും മറ്റു കൂൾ ഡ്രിങ്സും ലഭിക്കുന്ന ഇവിടെയും നല്ല തിരക്കാണ് മിക്ക ദിവസങ്ങളിലും കാണുന്നത്. ബർഗർ അടക്കമുള്ളവ വിവിധ ഇനങ്ങളിലുള്ളത് ഇവിടെ ലഭ്യമാണ്. ചെറിയ തെരുവ് ഉന്തുവണ്ടിയുടെ വലുപ്പത്തിലുള്ള ചെറിയ കടകളിലാണ് വിവിധ രാജ്യക്കാരായ ആളുകൾ ഇവിടെ വിഭവങ്ങൾ വിറ്റയിക്കുന്നത്. സാമാന്യം ചെറിയ വിലയിൽ ഭക്ഷണം രുചിക്കാനാണ് ഇവിടെ സന്ദർശകർ എത്തിച്ചേരുന്നത്.
ബാൽക്കൻ ഉപഭൂഗണ്ഡം എന്നറിയപ്പെടുന്ന തെക്കൻ യൂറോപ്പിന്റെ ഭാഗത്തെ രാജ്യമായ ബോസ്നിയയിൽ നിന്നുള്ള ഭക്ഷണം ഗ്ലോബൽ വില്ലേജിലെ ഏറ്റവും ആകർഷകമായ വിഭവങ്ങളാണ്. കൺമുന്നിൽ പാചകം ചെയ്യുന്ന ബോസ്നിയൻ കബാബ് ആരുടെയും നാവിൽ കൊതി ജനിപ്പിക്കുന്നതാണ്. 2015മുതൽ പ്രവർത്തിക്കുന്ന ബോസ്നിയൻ ഹൗസ് എന്ന റസ്റ്ററന്റാണ് കൂട്ടത്തിൽ ഏറ്റവും ആകർഷകമായിട്ടുള്ളത്. മികച്ച മട്ടൻ, ചിക്കൻ വിഭവങ്ങൾ ലഭിക്കുന്ന തുർക്കിഷ്, ഈജിപ്ത്യൻ റസ്റ്ററനറുകളും നിരവധി പേരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
തുർക്കിഷ് ഷവർമ, കബാബ്, ഗറാബ്, കർമൂസ് തുടങ്ങിയ വിഭവങ്ങളും ഈ ഭാഗത്ത് നിരവധി പേർ കഴിക്കാനെത്തുന്നുണ്ട്. ഈജിപ്തിൽ നിന്നുള്ള കോഷാരിക്ക് അറബ് സമൂഹത്തിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അറബികളല്ലാത്തവരും ധാരാളമായി ഇത് കഴിക്കാനെത്തുന്നതായി കച്ചവടക്കാർ പറയുന്നു. തുർക്കിയിൽ നിന്ന് ധാരാളം വിഭവങ്ങൾ ഗ്ലോബൽ വില്ലേജിലുണ്ട്. ഗോസ്ലെമെ എന്നറിയപ്പെടുന്ന വിഭവത്തിന് വലിയ ഡിമാൻറാണുള്ളത്. ബീഫ്, മട്ടൻ എന്നിവ പ്രത്യേക മസാലകൾ ചേർത്ത് റൊട്ടി പോലുള്ള ഒന്നിൽ വെച്ച് കഴിക്കുന്നതാണിത്. മധുരമുള്ള സിമിത്, സ്റ്റഫ്ഡ് മുസൽസ്, കുറോസ് തുടങ്ങിയ വിഭവങ്ങളും തുർക്കിയിൽ നിന്നുള്ളതിൽ ഏറെ പേർ കഴിക്കുന്നതാണ്.
ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ചാട്ട് ബസറിലാണ് പ്രധാനമായും ഇന്ത്യൻ വിഭവങ്ങളുള്ളത്. ഇവിടെ ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലെയും ഭക്ഷ്യ വിഭവങ്ങൾ ആസ്വദിക്കാനാവും ദക്ഷിണേന്ത്യൻ വിഭവമായ ദോശയിൽ തന്നെ നിരവധി വകഭേദങ്ങൾ കാണാനാവും. സാധാരണ ദോശക്ക് പുറമെ, നെയ്റോസ്റ്റ്, ബട്ടർ പ്ലെയിൻ ദോശ, മസാല ദോശ, മൈസൂർ മസാല ദോശ, പനീർ മസാല ദോശ, ഒനിയൻ ദോശ, ഊത്തപ്പം തുടങ്ങിയവ ഇവിടെ ലഭിക്കും.
ദോശയുടെ ഖ്യാതിയറിഞ്ഞ് നിരവധി വിദേശികൾ ഇത് കഴിക്കാനെത്തുന്നതായി കച്ചവടക്കാർ പറയുന്നു. ഉത്തരേന്ത്യൻ വിഭവങ്ങളായ പാവ് ബജി, ചോലെ ബാച്ചർ, മസ്ക പാവ്, ആലു പറാത്ത, കോകി പറാത്ത തുടങ്ങിയ വിഭവങ്ങൾ വിൽക്കുന്ന ഷോപ്പുകളിലും സാമാന്യം തിരക്ക് ദൃശ്യമാണ്. ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമായ ചായയുടെ വ്യത്യസ്ത ഇനങ്ങളും ഗ്ലോബൽ വില്ലേജിൽ ആസ്വദിക്കാനാവും. തന്തൂരി മട്ക ചായ്, സാഫ്റൺ മട്ക ചായ്, കഷ്മീരി മട്ക ചായ്, ജിഞ്ചർ ടീ, ഗ്രീൻ ടീ, കറക്ക് ചായ തുടങ്ങി കോഴിക്കോടുകാരുടെ സുലൈമാനി ബ്ലാക് ടീ വരെ ഇവിടെ ലഭിക്കും.
ഗ്ലോബൽ വില്ലേജിൽ എത്തുന്ന കുട്ടികളെയും മുതിർന്നവരെയും ഏറ്റവും ആകർഷിക്കുന്നതാണ് തുർക്കിഷ് ഐസ്ക്രീം. ഇതിന്റെ രൂചിയോ മധുരമോ മറ്റു പ്രത്യേകതകളോ ഒന്നുമല്ല ആകർഷണീയതകൾക്ക് കാരണം. മറിച്ച് അത് നൽകുന്ന രീതിയാണ്. ഐസ്ക്രീം വാങ്ങാനെത്തുന്ന ഓരോരുത്തരെയും പലവട്ടം കബളിപ്പിച്ചേ വിൽപനക്കാരൻ ഐസ്ക്രീം നൽകൂ. നീണ്ട സ്പൂൺ ഉപയോഗിച്ച് പാത്രത്തിൽ നിന്ന് ഐസ്ക്രീം എടുക്കുന്നതിൽ തന്നെ ഒരു സൗന്ദര്യമുണ്ട്. എടുത്ത് കപ്പിൽ നിറച്ച് നമ്മുടെ കൈകളിലേക്ക് വെച്ചുനീട്ടും. എന്നാൽ നമ്മൾ അത് കൈപ്പിടിയിലൊതുക്കും മുമ്പ് നഷ്ടപ്പെട്ടിട്ടുണ്ടാകും. കുട്ടികളാണെങ്കിൽ ഈ കളി കാണാൻ തന്നെ ഒരു ചേലാണ്. പലരും കഴിക്കാനല്ല തുർക്കിഷ് ഐസ്ക്രീം വാങ്ങുന്നത്, മറിച്ച് ഈ ‘കളി’യിൽ ഒന്നു ഭാഗമാകാനാണ്.
തുർക്കിയിൽ നിന്നുള്ള വിൽപനക്കാർ നമ്മെ ദൂരെനിന്ന് കാണുമ്പോൾ തന്നെ വിളിക്കാൻ തുടങ്ങും..കർദാഷ്. സഹോദരൻ എന്നർഥമുള്ള തുർക്കിങ് വാക്കാണിത്. നമ്മൾ ശ്രദ്ധിച്ചെന്ന് തോന്നിയാൽ പിന്നെ പ്രത്യേക ഇണത്തിൽ ഒരു പാട്ടുപാടി ഐസ്ക്രീം എടുക്കാൻ തുടങ്ങും. ലാലോ..ലേലോ..ഐസ്കുരീം ബൂസാ..ലാലേ..ലേലോ യാഅല്ലാഹ്..എന്നിങ്ങനെ വിളിച്ചു പറയും. അടുത്തെത്തിയാൽ തന്നു, തന്നില്ല കളി മൂന്നോ നാലോ മിനുറ്റ് തുടരും. വിവിധ ദേശക്കാരായ ആളുകൾ വളരെ ആസ്വദിച്ചാണ് ഇത് വാങ്ങുന്നതും കഴിക്കുന്നതും. തണുപ്പുകാലമായിട്ടുപോലും ഐസ്ക്രീം കച്ചവടത്തിന് ഒരുകുറവുമില്ലെന്ന് ഇതിന്റെ നടത്തിപ്പുകാരൻ പറയുന്നതിന്റെ രഹസ്യവും ഇതുതന്നെ.
ദുബൈയിൽ വന്നിട്ട് ഈ നാടിന്റെ തനത് രുചി അനുഭവിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ നഷ്ടം തന്നെ. ഇമാറാത്തി വിഭവങ്ങൾ ലഭിക്കുന്ന നിരവധി സ്റ്റാളുകളും റസ്റ്ററന്റുകളും ഗ്ലോബൽ വില്ലേജിലുണ്ട്. വിവിധ ദേശങ്ങളിൽ നിന്നെത്തിവർ വരിയായി നിന്ന് ഈ വിഭവങ്ങൾ ആസ്വദിക്കുന്നത് ഇവിടെ സ്ഥിരം കഴ്ചയാണ്. പരമ്പരാഗത ഭക്ഷണമായ റഗാഗിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. മാവ് ചൂടുള്ള ചട്ടിയിൽ വേവിച്ചെടുത്ത് ന്യൂട്ടല്ല, മുട്ട, ചീസ് തുടങ്ങിയ എന്തെങ്കിലും വിഭവങ്ങൾ ചേർത്ത് കഴിക്കുന്നതാണിത്.
മധുരമുള്ള ലുഖൈമാത്ത് വിഭവമാണ് മറ്റൊരു പോപുലർ ഇമാറാത്തി ഭക്ഷണം. മധുരമുള്ള ഈ വിഭവം വാങ്ങിക്കഴിക്കാൻ ഗ്ലോബൽ വില്ലേജിലെ വിവിധ സ്റ്റാളുകളിൽ വൻ തിരക്കാണ്. നാലോ അഞ്ചോ സ്ത്രീകൾ ഒരേപോലെ വസ്ത്രമണിഞ്ഞ് തിളക്കുന്ന എണ്ണക്ക് മുമ്പിൽ ഇരുന്ന് ലൈവായാണ് വിഭവം പാചകം ചെയ്യുന്നത്. തേനോ സിറപ്പോ ന്യൂട്ടല്ലയോ ചേർത്താണ് കഴിക്കാൻ തരുന്നത്. ചെറു ബോളുകൾ പോലുള്ള ഇവ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ ആസ്വദിക്കുന്നത് വിവിധ സ്റ്റാളുകളിൽ കാണാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.