പെരുന്നാൾ ആകുമ്പോൾ പല തരത്തിൽ നാം ബിരിയാണി ഉണ്ടാക്കാറുണ്ട് അല്ലെ. എന്നാൽ ഈ വലിയ പെരുന്നാളിന് നമുക്ക് മലായ് ചിക്കൻ ബിരിയാണി ഉണ്ടാക്കി എടുത്താലോ. മലായ് ബിരിയാണി എന്നാൽ ക്രീം ചേർത്തുണ്ടാക്കി എടുക്കുന്ന ബിരിയാണി എന്നർത്ഥം. ടേസ്റ്റിയായ ഒരു ബിരിയാണിയാണ് ഇത്. വെള്ളക്കളറിൽ മഞ്ഞൾ പൊടി ഒട്ടും ചേർക്കാതെ ഉണ്ടാക്കി എടുക്കുന്ന ബിരിയാണി.എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചിയാണിതിന്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു ബൗളിലേക്ക് 500 ഗ്രാം ചിക്കൻ മുറിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, അര ടേബിൾ സ്പൂൺ പച്ചമുളക് ചതച്ചതും, കുറച്ചു മല്ലിയില അരിഞ്ഞതും, പുതീനയില അരിഞ്ഞതും, കാൽ ടീസ്പൂൺ കുരുമുളക്പൊടിയും കാൽ സ്പൂൺ നല്ല ജീരകപ്പൊടിയും ഒരു ടീസ്പൂൺ ഗരം മസാല, രണ്ട് ടീസ്പൂൺ തൈര്, മൂന്ന് ടേബിൾ സ്പൂൺ മലായി (ക്രീം), ഫ്രൈഡ് ഒണിയൻ (3 എണ്ണം) ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സാക്കുക. ശേഷം മസാലയെ ഇരുപത് മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക, ബേ ലീഫ്, കുരുമുളക് എന്നിവ ചേർത്ത് നെയ്യിൽ വറുക്കുക. ഇനി കാൽ ടീസ്പൂൺ പെരിഞ്ജീരകവും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് മൂപ്പിക്കുക. ശേഷം രണ്ട് കപ്പ് അരി നല്ല പോലെ കഴുകിയ ശേഷം നെയ്യിലേക്ക് ചേർത്ത് ഇളക്കുക. ഇനി മൂന്ന് മിനിറ്റോളം ഇളക്കി ഡ്രൈ ആക്കി എടുക്കുക.
ശേഷം നാല് ഗ്ലാസ് ചൂടുവെള്ളവും, ആവശ്യത്തിന് ഉപ്പും, അര മുറി നാരങ്ങയുടെ നീരും, ചേർത്ത് ഇളക്കി അടച്ചു വെച്ച് അരി വേവിച്ചെടുക്കുക. ഇനി മാറിനറ്റ് ചെയ്ത ചിക്കന്റെ മസാല ഒരു കുഴിയുള്ള പാനിലേക്ക് മാറ്റി അടച്ചു വെച്ച് ലോ ഫ്ലൈമിലിട്ട് ചിക്കൻ വേവിച്ചെടുക്കുക. ഇനി മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിന്റെ മുകളിലായി മറ്റൊരു പാൻ വെച്ച് കൊടുക്കുക. ശേഷം പാനിലേക്ക് കാൽ ടീസ്പൂൺ നെയ്യ് ചേർക്കുക. ശേഷം വെന്തു വന്ന ഒരു ലെയർ ചോറ് ചേർക്കുക.
ഇനി മുകളിലായി ചിക്കൻ മലായി മസാല ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും ഒരു ലെയർ ചോറും, അടുത്ത ലെയർ മസാലയും വെച്ച ശേഷം ചോറും സവാള ഫ്രൈ ആക്കിയതും നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പ് മുന്തിരിയും ,മല്ലിയില അരിഞ്ഞത് ,പൊതീന അരിഞ്ഞത് എന്നിവ ചേർത്ത് അടച്ചു വെച്ച് ബിരിയാണി ധം ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മലായി ചിക്കൻ ബിരിയാണി തയ്യാറായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.