യാംബു: രുചിപ്പെരുമയിലും വർണത്തിലും വൈവിധ്യങ്ങൾ നിറച്ച് ഉംലജിൽ മാമ്പഴോത്സവത്തിന് തുടക്കം. ഗവർണറേറ്റിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ മാമ്പഴോത്സവം ഉംലജ് ഗവർണർ നായിഫ് ബിൻ കുമൈഖ് അൽ മുറൈഖി ഉദ്ഘാടനം ചെയ്തു. ഗവർണറേറ്റിലെ മാമ്പഴ കർഷകരിൽനിന്നുള്ള വിവിധതരം മാമ്പഴങ്ങളുമായി 24 പ്രദർശന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. വിവിധ തരം മാമ്പഴങ്ങളെ പരിചയപ്പെടുത്താനും ആവശ്യക്കാർക്ക് വാങ്ങാനും ഉത്സവത്തിൽ അവസരം ഒരുക്കിയിട്ടുണ്ട്.
ഉത്സവം നാലുദിവസം നീണ്ടുനിൽക്കും. മേഖലയിലെ മാങ്ങ കർഷകരുടെ ഉൽപന്നങ്ങളുടെ അപൂർവ ശേഖരങ്ങളടക്കം മേളയിലെത്തിച്ച് സന്ദർശകർക്ക് വേറിട്ട കാഴ്ചയൊരുക്കുകയാണെന്നും ഉംലുജ് ഗവർണറേറ്റിലെ മന്ത്രാലയ ഓഫിസ് ഡയറക്ടർ എൻജി. ഹിഷാം അൽ മൻസ്ലാവി പറഞ്ഞു. മാങ്ങാകർഷകരെ പ്രോത്സാഹിപ്പിക്കാനും ഗവർണറേറ്റിന് അകത്തും പുറത്തും അവരുടെ മാമ്പഴ ഉൽപന്നങ്ങളുടെ വിപണന മാർഗങ്ങൾ തുറക്കാനുമാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മദീന പ്രവിശ്യയിൽ മാമ്പഴത്തിന് പേരുകേട്ട മേഖലയിലൊന്നാണ് ഉംലജ്. വൃത്തിയുള്ള ബീച്ച് എന്ന നിലയിൽ സന്ദർശകരെ ഏറെ ആകർഷിക്കുന്ന ചെങ്കടൽ തീര നഗരിയായ ഉംലജിൽനിന്നും മദീന റോഡിലൂടെ 10 കിലോമീറ്റർ സഞ്ചരിച്ചാൽ നിരവധി തോട്ടങ്ങൾ കാണാം. ടൺ കണക്കിന് മാമ്പഴമാണ് ഓരോ സീസണിലും ഈ തോട്ടങ്ങളിൽനിന്നും വിളവെടുക്കുന്നത്. ഇന്ത്യയിലടക്കം പേരുകേട്ട പല മാമ്പഴയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
ഉംലജിലെ മണ്ണും കാലാവസ്ഥയും മാമ്പഴകൃഷിക്ക് ഏറെ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സൗദിയിലെ കൃഷി മന്ത്രാലയത്തിന് കീഴിലുള്ള കൃഷി ഗവേഷണ കേന്ദ്രം മാമ്പഴകർഷകർക്ക് ആവശ്യമായ എല്ലാ സഹായവും നൽകി രംഗത്തുണ്ട്. നാട്ടിൽ കാണുന്ന തത്തമ്മച്ചുണ്ടന്റെയും ഉളർ മാങ്ങയുടെയും കോമാങ്ങയുടെയും മൽഗോവയുടെയും നീലം മാങ്ങയുടെയുമൊക്കെ സൗദി ഇനങ്ങൾ ഇവിടെ കാണാം.
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നടക്കാറുള്ള മാമ്പഴമേളകളിലേക്ക് ഇവിടുത്തെ തോട്ടങ്ങളിൽനിന്നുള്ള മാങ്ങകൾ പ്രദർശനത്തിനായി എത്തിക്കാറുണ്ട്. കർഷകർക്ക് എല്ലാവിധ പിന്തുണയും നൽകി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ കീഴിൽ കഴിഞ്ഞ വർഷം ആരംഭിച്ച മാമ്പഴോത്സവം കാണാൻ വിവിധ ഭാഗങ്ങളിൽനിന്ന് ധാരാളം സന്ദർശകർ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.