ദോഹ: ചൊവ്വാഴ്ച തുടക്കം കുറിക്കുന്ന ദോഹ ഹോർട്ടികൾചറൽ എക്സ്പോയിൽ പങ്കാളിത്തം വഹിക്കാൻ ഖത്തറിന്റെ സാമൂഹിക വികസന, കുടുംബ മന്ത്രാലയവും. ആഭ്യന്തര ഉൽപാദന പദ്ധതികളുടെ ഭാഗമായാണ് പ്രാദേശിക ഉൽപാദകരുമായി സാമൂഹിക വികസന മന്ത്രാലയം ആറു മാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ പങ്കെടുക്കുന്നത്. റസ്റ്റാറന്റ്, ഫാമിലി സോണുകളിലായി ‘ഫ്രം ദി ഹോംലാൻഡ്’ സംരംഭത്തിന്റെ ഭാഗമായി 60ഓളം പ്രാദേശിക ഉൽപാദകർ പങ്കെടുക്കും.
പ്രാദേശിക ഉൽപാദകരുടെ വികസനത്തിനും, അവരുടെ ഉൽപന്നങ്ങൾ ദേശീയതലത്തിലും ആഗോളതലത്തിലും വിപണി കണ്ടെത്തി നൽകി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് എക്സ്പോയുടെ ഭാഗമാവുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായെത്തുന്ന സന്ദർശകർക്കും അതിഥികൾക്കും മുമ്പാകെ തങ്ങളുടെ ഉൽപന്നങ്ങളും വൈദഗ്ധ്യവും പ്രദർശിപ്പിക്കാനും പരിചയപ്പെടുത്താനുമുള്ള അവസരമാണിതെന്ന് എം.എസ്.ഡി.എഫ് ഫാമിലി എംപവർമെന്റ് വിഭാഗം ഡയറക്ടർ ഫാതിമ അൽ നുഐമി അറിയിച്ചു. ഭക്ഷ്യ ഉൽപന്നങ്ങൾ, വൈവിധ്യമാർന്ന രുചികൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, തേൻ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ, മറ്റു പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ എന്നിവ വിവിധ സ്റ്റാളുകളിലായി പ്രദർശിപ്പിക്കും.
വിവിധ മേഖലകളിൽ ക്രിയാത്മകവും നൂതനവുമായ വളർച്ചക്ക് ഖത്തറി യുവാക്കളെ എം.എസ്.ഡി.എഫ് പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതായി ഫാത്തിമ അൽ നുഐമി പറഞ്ഞു. അന്താരാഷ്ട്ര എക്സിബിഷനിലെ പങ്കാളിത്തം വഴി, സ്ത്രീകളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തിലുള്ള സ്ഥാപനങ്ങളെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്തുന്നതിനും അവർക്ക് സ്വയംസംരംഭകത്വത്തിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിൽ ഏറെ നിർണായകമായി മാറുമെന്ന് ഫാത്തിമ അൽ നുഐമി കൂട്ടിചേർത്തു. ഇതോടൊപ്പം മികച്ച പരിശീലനവും അനുബന്ധ സേവനങ്ങളിലൂടെയും വിപണി കണ്ടെത്താനും, നിലവാരം മെച്ചപ്പെടുത്താനും സഹായകമാവും.
ഉപഭോക്തൃ മനോഭാവത്തിൽനിന്നും ജനങ്ങളെ കൂടുതൽ ഉൽപാദനക്ഷമമാക്കുക കൂടിയാണ് ‘ഫ്രം ദി ഹോംലാൻഡ്’ വഴി ലക്ഷ്യമിടുന്നത്. പ്രാദേശിക ഉൽപാദക-സംരംഭകരെ കൂടുതൽ പ്രോത്സാഹനത്തിലൂടെ ദേശീയ, അന്തർദേശീയ തലത്തിലേക്ക് മെച്ചപ്പെടുത്താനും കഴിയും. സാമൂഹിക വികസന, കുടുംബ മന്ത്രാലയത്തിന്റെ പദ്ധതികൾ വഴി, യുവ സംരംഭകർക്ക് കൂടുതൽ ഉൽപാദന ക്ഷമമാവാനും, അവർക്ക് അവസരങ്ങൾ നൽകുന്നതിലൂടെ വിജയകരമായ പദ്ധതികളിലേക്ക് വഴി തുറക്കുകയും ചെയ്യും. ഒക്ടോബർ രണ്ടിന് തുടങ്ങി മാർച്ച് 28 വരെയായി ആറു മാസം നീണ്ടുനിൽക്കുന്ന അന്താരാഷ്്ട്ര ഹോർട്ടികൾചറൽ എക്സ്പോയിൽ 88 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. സന്ദർശകരും, പങ്കാളികളുമായി ആഗോള ശ്രദ്ധനേടുന്ന എക്സ്പോയിൽ വിവിധ മേഖലകളിൽ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.