ദോഹ: പച്ചപ്പും കൃഷിയും പരിസ്ഥിതിയും മാത്രമല്ല ദോഹ എക്സ്പോ. ആറുമാസം ലോകം സമ്മേളിക്കുന്ന എക്സ്പോ രുചിവൈവിധ്യത്തിന്റെ ഉത്സവം കൂടിയായി മാറുമെന്ന് സംഘാടകർ. സന്ദർശകരായി എത്തുന്ന ദശലക്ഷം പേർക്ക് മുന്നിൽ ലോകത്തിന്റെ വൈവിധ്യമാർന്ന രുചികളും പാചകങ്ങളും കൂടി ദോഹ എക്സ്പോയിലെത്തും. വിവിധ പവലിയനുകൾക്കും സ്റ്റാളുകൾക്കും ഒപ്പം ഫുഡ് കിയോസ്കുകളും വേദിയിൽ സ്ഥാപിക്കും. ഖത്തറിന്റെ പരമ്പരാഗത രുചികൾ മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷ്യ വൈവിധ്യം വരെ അണിനിരക്കുന്നതായിരിക്കും ഫുഡ് കിയോസ്കുകൾ.
ദോഹ എക്സ്പോയുടെ ഔദ്യോഗിക വെബ്സൈറ്റ് പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം ഖത്തറിന്റെ പ്രാദേശികവും, ജി.സി.സി രാജ്യങ്ങളിലെയും ഒപ്പം വിവിധ അറബ് രാജ്യങ്ങളുടെയും തനത് രുചിവൈവിധ്യങ്ങൾ പ്രദർശനത്തിന്റെ ഭാഗമായുണ്ടാവും. ലെബനീസ്, ഓറിയന്റൽ, തുർകിഷ്, ഫ്രഞ്ച്, ഡച്ച്, ഇന്ത്യ, ജപ്പാനീസ്, ഫിലിപിനോ, ചൈനീസ്, തായ്, വിയറ്റ്നാമീസ്, കൊറിയൻ, മൊറോക്കൻ, എത്യോപ്യൻ, മെക്സികൻ, അമേരിക്കൻ, ലാറ്റിനമേരിക്കൻ വിഭവങ്ങൾ അണിനിരക്കുന്ന സ്റ്റാളുകളായിരിക്കും രുചിയുടെ ലോകത്തേക്ക് എക്സ്പോയെ നയിക്കുന്നത്. ഇതിനു പുറമെ, കോഫി ഷോപ്പുകൾ, ഡെസേർട്ടുകളും മറ്റ് സലാഡുകളും ഉൾപ്പെടെ ആരോഗ്യകരമായ ഭക്ഷണങ്ങളും സന്ദർശകർക്കായി ഒരുക്കും.
ഖത്തറിലും വിദേശത്തുമുള്ള പാചക വിദഗ്ധർക്കും സ്ഥാപനങ്ങൾക്കും എക്സ്പോയുടെ വെബ്സൈറ്റിലുടെ പങ്കാളിയാവുന്നതിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷകർക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകൾ, പരിശോധിച്ച് വിലയിരുത്തിയ ശേഷം എക്സ്പോ ടീം തയ്യാറാക്കുന്ന ചുരുക്കപട്ടികയിൽ നിന്നാവും തെരഞ്ഞെടുപ്പ്. പാചക വാതകവും, കരിയും ഉപയോഗിച്ചുള്ള പാചകങ്ങൾ അനുവദിക്കില്ല. ഇലക്ട്രിക് കിച്ചൺ ഉപകരണങ്ങൾ മാത്രമാണ് അനുവദിക്കുക.
പ്ലാസ്റ്റിക് കണ്ടെയ്നറുകളും അനുവദിക്കില്ല. പരിസ്ഥിതി സൗഹൃദമായ സംവിധാനങ്ങൾ മാത്രമേ പാക്കിങ്ങ് ഉൾപ്പെടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളൂ. ഭക്ഷ്യ വസ്തുക്കൾ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ സ്ഥാപിക്കുകയും, അവ പിന്നീട് സംസ്കരിക്കുകയും ചെയ്യും. ആറ് മാസത്തേക്കാവും കരാർ നൽകുക. കിയോസ്ക് ഓപറേറ്റർ എക്സ്പോയുടെ പ്രവർത്തന സമയം പാലിക്കണം. തുടർച്ചയായി അഞ്ചു ദിവസം കിയോസ്ക് അടച്ചിട്ടാൽ കിയോസ്ക് അടച്ചുപൂട്ടാനും എക്സ്പോയിൽ നിന്ന് പുറത്താക്കാനും അധികാരികൾക്ക് അവകാശമുണ്ടാവും. വിഭവങ്ങൾക്ക് എക്സ്പോ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരമുണ്ടായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.