കായംകുളം: തമിഴ് ചുവകലർന്ന രുചിവൈഭവ പാരമ്പര്യമുള്ള മുഹമ്മദ് സലീമിന്റെ നോമ്പുതുറ കഞ്ഞിക്ക് പെരുമയേറെ. തേങ്ങയും ചുക്കും നെയ്യും ചേരുന്ന പച്ചരി കഞ്ഞിയുടെ കാൽനൂറ്റാണ്ട് കാലത്തെ രുചി വൈവിധ്യമാണ് പ്രത്യേകത. കായംകുളം ഹസനിയ പള്ളിയിൽ എത്തുന്ന വിശ്വാസികളെ നോമ്പിന്റെ ക്ഷീണത്തിൽനിന്ന് മോചിതരാക്കുന്ന കഞ്ഞിയാണിത്. ആശാളി, കുരുമുളക്, ജീരകം, കറിവേപ്പില, ഉള്ളി എന്നിവ കൂടി കലർത്തുന്ന കഞ്ഞി വിശ്വാസികൾക്ക് ഏറെ ഹൃദ്യമാണ്.
തുകൽ കച്ചവടക്കാരനായിരുന്ന പിതാവ് അമൽ പാഷക്ക് ഒപ്പം തമിഴ്നാട് വെല്ലൂർ മേൽവിശാറത്തുനിന്ന് 12 ാം വയസ്സിലാണ് മുഹമ്മദ് സലീം കായംകുളത്ത് എത്തുന്നത്. 28 വർഷമായി ഹസനിയ അറബിക് കോളജിലെ കാന്റീൻ ചുമതലക്കാരനാണ്. റമദാനിലെ കഞ്ഞി തയാറാക്കലും കാലങ്ങളായി ചെയ്തുവരുന്നു. അറബിക് കോളജിലെ വിദ്യാർഥികൾക്കും ഉസ്താദുമാർക്കും ഇവിടെ എത്തുന്ന അതിഥികൾക്കും സലീമിന്റെ കൈപ്പുണ്യത്തിൽ ഏറെ സംതൃപ്തിയാണുള്ളത്.
തമിഴ്, ഉർദു ഭാഷ മാത്രം അറിയാമായിരുന്ന ഈ 49 കാരന് ഇപ്പോൾ മലയാളവും നന്നായി വഴങ്ങും. കായംകുളത്തുകാരനായിട്ട് 37വർഷമായി. ഭാര്യ ഫർസാന ബാനു 12 വർഷം മുമ്പ് മരിച്ചു. മൂന്ന് മക്കളുണ്ട്. തമിഴ്നാട്ടിൽ കഴിയുന്ന അവർക്കൊപ്പമാണ് പെരുന്നാൾ ആഘോഷം. ഹസനിയ പള്ളിയിൽ ഖുർആൻ പൂർത്തീകരണമാകുന്ന റമദാൻ 27 കഴിയുമ്പോൾ പെരുന്നാൾ ഒരുക്കത്തിനായി നാട്ടിലേക്ക് പോകുന്നതാണ് പതിവ്. അതിന് ഇക്കുറിയും മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.