മസ്കത്ത്: വടക്കൽ ശർഖിയ്യ ഗവർണറേറ്റിലെ ബിദിയ വിലായത്തിലെ ഈത്തപ്പഴ വിളവെടുപ്പ് ‘തബ്സീൽ’ നാടിനും നാട്ടുകർക്കും ഉത്സവമായി. നിരവധി പരിപാടികളും ശിൽപശാലകളുമായി ഒരു ദിവസം നീളുന്ന പരിപാടിയാണിത്. ആഘോഷ പരിപാടികൾ പുലർച്ചെ മൂന്നിനാണ് ആരംഭിച്ചത്. ഒമാനി തനിമയുള്ള പുത്തൻ അലങ്കാര ഉടുപ്പുമായി ബാലിക ബാലന്മാരും നാട്ടുകാരും വിളവെടുപ്പത്സവത്തിന് എത്തിയതോടെ പരിപാടിയുടെ നിറം വർധിച്ചു. വിളവെടുപ്പ് മൂന്നാഴ്ചകാലം നീളും. വിളവെടുപ്പ് കാലം മുഴവൻ ഗ്രാമത്തിലെ മുതിർന്നവരും കുട്ടികളും തബ്സീൽ എന്ന പേരിൽ അറിയപ്പെടുന്ന വിളവെടുപ്പിൽ സജീവമാവും.
ഈത്തപ്പഴത്തിന്റെ നിറം മഞ്ഞയാവുന്നത് മുതലാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. വെട്ടിയെടുക്കുന്ന ഈത്തപ്പഴക്കുലകൾ കയർ ഉപയോഗിച്ചാണ് നിലത്തിറക്കുന്നത്. ഒട്ടകപ്പുറത്തോ കഴുതപ്പുറത്തോ ആണ് കുലകൾ സംസ്കരണ സ്ഥലത്തേക്ക് എത്തിക്കുന്നത്. നിരവധി കുട്ടികളും സ്ത്രീകളും ഇതിനെ അനുഗമിക്കും. വേർതിരിച്ചെടുത്ത ഈത്തപ്പഴം വലിയ ചെമ്പ് പാത്രത്തിൽ ഇട്ടാണ് വേവിക്കുന്നത്. 15 മുതൽ 20 മിനിറ്റ് വരെയാണ് ഇവ വേവിക്കുന്നത്. ഇതിന് ശേഷം പ്രത്യേക സജ്ജമാക്കിയ മസ്തിന എന്നറിയപ്പെടുന്ന ഗ്രൗണ്ടിൽ ഉണങ്ങാനിടും. ഈ ഗ്രൗണ്ടിൽ അഞ്ച് മുതൽ പത്ത് ദിവസം നോരിട്ടുള്ള സൂര്യപ്രകാശത്തിൽ ഇവ കിടക്കും.
കാലാവസ്ഥയുടെ വ്യത്യാസമനുസരിച്ച് ഉണക്കൽ കാലവും നീളും. ഉണങ്ങി കഴിയുന്നതോടെ വിപണനത്തിന് തയാറാവും. ഈത്തപ്പഴങ്ങൾ പ്രാദേശിക മാർക്കറ്റിലും അന്താരാഷ്ട്ര മാർക്കറ്റിലും വിൽക്കപ്പെടും. ഇന്ത്യ മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഇവ വിപണനം ചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങളിലും ഈത്തപ്പഴത്തിന് ആവശ്യക്കാർ വർധിക്കുന്നുണ്ട്. നെതർലൻഡിൽ ചോക്ലറ്റ് ഉൽപാദനത്തിന് ഈത്തപ്പഴം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈത്തപ്പഴം വേവിക്കുന്നതിന് അൽ മബ്സലി, മദ്ലൂകി, ബൊളാറംഗ എന്നീ രീതികളുമുണ്ട്. അലങ്കാര വസ്ത്രങ്ങൾ അണിഞ്ഞ കുട്ടികൾ തോട്ടങ്ങളിൽ നിന്ന് ഈത്തപ്പഴം കൊയ്തിടുന്ന സമയം മുതൽ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടാവും. കഴുതപ്പുറത്തും ഒട്ടക പ്പുറത്തുമായി സംസ്കരണ കേന്ദ്രങ്ങളിത്തിക്കാനും ഇവർ കൂടെയുണ്ടാകും.
ഉത്സവത്തിന് സാക്ഷ്യംവഹിച്ച് അന്താരാഷ്ട്ര ഫോട്ടോഗ്രാഫർമാരും
വിലായത്തിലെ ഏറ്റവും വലിയ ഉത്സവത്തിന് സാക്ഷ്യം വഹിക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള ഫോട്ടോഗ്രാഫർമാരും എത്തിയിരിന്നു. ഒമാന് പുറമെ ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 33 ഫോട്ടോഗ്രാഫർമാരാണ് ഇത്തവണ വിളവെടുപ്പ് ഉത്സവം പകർത്താനെത്തിയത്.
ഇതോടനുബന്ധിച്ച് നടക്കുന്ന ഫോട്ടോഗ്രാഫി ശിൽപശാലയിൽ ഡച്ച് കാരിയായ ഫോട്ടോഗ്രാഫൾ റീനിൽഡ വാൻ രണ്ടാം തവണയാണ് പങ്കെടുക്കുന്നത്. ഫോട്ടോഗ്രാഫർമാരായ സാലിം അൽ ഹജ്രി, സമീർ അൽ ബുസൈദി എന്നിവരാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ആഘോഷ പരിപാടിയും അനുബന്ധിച്ചുള്ള ശിൽപശാലയും ഫോട്ടോഗ്രാഫർമാർക്ക് അവരുടെ ആശയങ്ങൾ പരസ്പരം കൈമാറാനും സഹകരിക്കാനുമുള്ള മികച്ച വേദിയാണ്. ഒമാനി സംസ്കാരവും പൈതൃകവും ആഴത്തിൽ പഠിക്കാൻ ഇത് സഹായിക്കുകയും ചെയ്യുമെന്ന് റീനിൽഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.