ആരോഗ്യത്തിനൊപ്പം സൗന്ദര്യവും കൂടും; സെലിബ്രിറ്റികളുടെ സൂപ്പർ ഫുഡുകൾ പരിചയപ്പെടാം

ഒരു സെലിബ്രിറ്റിയാവുക എല്ലാവരുടേയും ആഗ്രഹമാണ്​. എന്നാൽ അതത്ര എളുപ്പമുള്ള കാര്യമല്ല. ചിട്ടയായ ജീവിതവും ഭക്ഷണക്രമങ്ങളും വ്യായാമവും എല്ലാം സെലിബ്രിറ്റിയായി ദീർഘകാലം തുടരാൻ ആവശ്യമാണ്​. ഇതിൽ പ്രധാനം ഭക്ഷണക്രമമാണ്​. ദിവസംമുതൽ ജോലി ചെയ്യണമെങ്കിൽ അതിനനുസരിച്ചുള്ള ഊർജ്ജം ലഭിക്കുന്ന ഭക്ഷണക്രമങ്ങളും പിൻതുടരണം. സാധാരണക്കാർക്ക്​ ലഭ്യമാകാത്ത നിരവധി സൂപ്പർ ഫുഡുകളാണ്​ നമ്മുടെ സെലിബ്രിറ്റികൾ കഴിക്കുന്നത്​.

പൊതു ശീലങ്ങൾ

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനു പുറമേ, സെലിബ്രിറ്റികൾ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും കൊഴുപ്പ് രഹിത ഭക്ഷണം ശീലമാക്കുകയും ചെയ്യുന്നു. ഇവരിൽ മിക്കവരും സ്വന്തമായി ഡയറ്റീഷ്യൻമാർ ഉള്ളവരായിരിക്കും. അവരുടെ നിർദേശപ്രകാരമാണ്​ ഇവർ ആഹാരം കഴിക്കുക. കലോറി അനുസരിച്ചുള്ള ഭക്ഷണമാണ്​ സെലിബ്രിറ്റികൾ പിൻതുടരുന്നത്​. ഇത്​ ഓരോ ദിനവും മാറിക്കൊണ്ടിരിക്കും. കൂടുതൽ ഊർജ്ജംവേണ്ട സമയത്ത്​ ഭക്ഷണം വർധിപ്പിക്കുകയും ചെയ്യും. ഇനി നമ്മൾ പരിചയപ്പെടുന്നത്​ സെലിബ്രിറ്റികൾ പതിവായി കഴിക്കുന്ന സൂപ്പർ ഫുഡുകളാണ്​. ഇത്​ ശീലമാക്കുന്നതുകൊണ്ട്​ നിരവധി പ്രയോജനങ്ങൾ ലഭിക്കും.

1. ക്വിനോവ

സെലിബ്രിറ്റികൾ കഴിക്കുന്ന പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ക്വിനോവ. ആരോഗ്യപരമായ ഗുണങ്ങൾക്കായി സമീപ വർഷങ്ങളിൽ പ്രചാരം നേടിയ ഒരു ധാന്യമാണിത്​. ഇവ പ്രോട്ടീൻ നിറഞ്ഞതും ഗ്ലൂറ്റൻ രഹിതവുമാണ്. ആലിയ ഭട്ട്​, മലൈക്ക അറോറ, മിലിന്ദ്​ സോമൻ തുടങ്ങിയവർ ക്വിനോവ തങ്ങൾ കഴിക്കാറുണ്ടെന്ന്​ വെളിപ്പെടുത്തിയിട്ടുണ്ട്​. സാങ്കേതികമായി വിത്തുകളാണെങ്കിലും, ക്വിനോവയ്ക്ക് പൂർണ ധാന്യമായാണ്​ ഡയറ്റിൽ പരിഗണിക്കപ്പെടുന്നത്​. മാംസ്യം, ധാതുക്കൾ, നാരുകൾ എന്നിവയുടെ നല്ല ഉറവിടമാണിത്.


പ്രയോജനങ്ങൾ

ആരോഗ്യത്തിന് ഉതകുന്ന വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ക്വിനോവ. ഇവ സമ്പൂർണ്ണമായൊരു പ്രോട്ടീൻ ഭക്ഷണമാണ്, അതിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് ക്വിനോവയിൽ അളവിൽ കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നമ്മുടെ കുടലിലെ ബാക്ടീരിയകളെ സഹായിക്കുകയും മലബന്ധം ഒഴിവാകുകയും ചെയ്യും.

ക്വിനോവ ഒരു ഗ്ലൂട്ടൻ രഹിത ധാന്യമാണ്. ഇവ സീലിയാക് ഡിസീസ്, നോൺ-സീലിയാക് ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി പോലുള്ള പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് കഴിക്കാം.ക്വിനോവയിൽ വിറ്റാമിൻ ഇ, ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ നാഡീ ആരോഗ്യത്തിന് ഗുണം ചെയ്യും. ഗർഭകാലത്ത്​ ധാരാളം കഴിക്കാവുന്ന ഭക്ഷണവുമാണ്​ ക്വിനോവ.


ധാതുക്കളായ ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ മികച്ച ഉറവിടമാണ് ക്വിനോവ. കൂടാതെ ക്വിനോവയിൽ ആന്റിഓക്‌സിഡന്റുകളും ക്വെർസെറ്റിൻ, കെംഫെറോൾ തുടങ്ങിയ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഫ്ലേവനോയിഡ് സംയുക്തങ്ങൾ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്​. ഒപ്പം ഹാനികരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് ഇവ നമ്മെ സംരക്ഷിക്കും.

ക്വിനോവ വളരെ വൈവിധ്യമാർന്ന ധാന്യമായതിനാൽ വിവിധ തരത്തിൽ പാകംചെയ്ത്​ കഴിക്കാം. രുചികരവും മധുരമുള്ളതുമായ വിഭവങ്ങളായി നമുക്ക് അവയെ ഭക്ഷണത്തിൽ ചേർക്കാം. ക്വിനോവ മികച്ച പ്രഭാതഭക്ഷണ ഓപ്ഷനാണ്.

2. ഗ്രീൻ സ്മൂത്തി

സമീപ വർഷങ്ങളിൽ സെലിബ്രിറ്റികൾക്കിടയിൽ പ്രശസ്തമായ ഒരു പാനീയമാണ്​ ഗ്രീൻ സ്മൂത്തി. ഇവ ചീര പോലെയുള്ള പലതരം പച്ചിലകൾ കൊണ്ടാണ് ഉണ്ടാക്കുന്നത്. കൂടാതെ പഴങ്ങളും മറ്റ് ആരോഗ്യകരമായ ചേരുവകളും ഇതിൽ ചേർക്കും. ഹോളിവുഡ്​ സെലിബ്രിറ്റികളായ കിം കർദാഷിയാൻ, റീസ് വിതർസ്പൂൺ തുടങ്ങിയവർ ഗ്രീൻ സ്മൂത്തികളോടുള്ള ഇഷ്ടം പങ്കുവെച്ചിട്ടുണ്ട്. ദൈനംദിന പോഷകങ്ങൾ ശരുരത്തിന്​ ലഭിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഇവ. യാത്രയിലിരിക്കുന്നവർക്കും ഇവ അനുയോജ്യമാണ്. മാത്രമല്ല, അവ ഒരാൾക്ക്​ ഇഷ്‌ടാനുസരണം മാറ്റി ഉണ്ടാക്കാനും കഴിയും.



3. അവോക്കാഡോ ടോസ്റ്റ്

ലളിതവും എന്നാൽ രുചികരവുമായ പ്രഭാതഭക്ഷണമാണ്​ അവക്കാഡോ ടോസ്റ്റ്​. സെലിബ്രിറ്റികൾക്കിടയിൽ ഇവ പ്രധാന പ്രാതൽ ഇനമായി മാറിയിട്ടുണ്ട്​. ഈ ലളിതമായ വിഭവത്തിൽ ടോസ്റ്റിന്റെ മുകളിൽ അവോക്കാഡോ വയ്ക്കുകയാണ്​ ചെയ്യുന്നത്​. മുട്ടയോ തക്കാളിയോ പോലുള്ള അധിക ടോപ്പിംഗുകളും ഇത്തരം ടോസ്റ്റിൽ ചേർക്കാം. ജോൺ സീസ, റോക്ക്​ തുടങ്ങിയ താരങ്ങൾ അവോക്കാഡോ ടോസ്റ്റിനോടുള്ള തങ്ങളുടെ ഇഷ്ടം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ദിവസം ശരിയായി ആരംഭിക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനുള്ള മികച്ച മാർഗമാണ്​ അവക്കാഡോ ടോസ്റ്റ്​.


അവക്കാഡോ എന്ന സൂപ്പർ ഫുഡ്​

വളരെയേറെ ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ്​ അവക്കാഡോ. അവക്കാഡോയില്‍ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതിലുള്ള ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ സംരംക്ഷിക്കും. കൂടാതെ ഹൃദയാരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും ഇത് ഗുണം ചെയ്യും.

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറച്ചുകൊണ്ടുവരാനും നല്ല കൊളസ്‌ട്രോള്‍ നില കൂട്ടാനും ഇത് സഹായിക്കും. പതിവായി ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലൊരു ശീലമാണ്. ഇവയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. വയറില്‍ സ്ഥിരമായ പ്രശനങ്ങളുള്ളവര്‍ക്ക് ഇത് ശീലമാക്കാം. വയറിന്റെ ആരോഗ്യത്തിനും ഇവ വളരെ നല്ലതാണ്.


ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും ഇവയ്ക്ക് കഴിവുണ്ട്.. അതിനാല്‍ തന്നെ ചര്‍മ്മം കൂടുതല്‍ ചെറുപ്പമായി തോന്നുകയും ചെയ്യും.

അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ ഉത്തമമായ ഒരു ഭക്ഷണം കൂടിയാണ്. സ്മൂത്തി, ഷേയ്ക്ക്, സലാഡ് എന്നീ രൂപത്തിലാക്കി അവക്കാഡോ കഴിക്കുന്നത് ഗുണം ചെയ്യും. പ്രോട്ടീന്റെ കലവറ കൂടിയാണിത്.


4. സുഷി

ജാപ്പനീസ്​ സുഷി വർഷങ്ങളായി ഹോളിവുഡ്​ സെലിബ്രിറ്റികൾക്കിടയിൽ പ്രിയപ്പെട്ട ഭക്ഷണമാണ്​. ചോറും അസംസ്കൃത മത്സ്യവും മറ്റ് വിവിധ ചേരുവകളും ചേർത്താണ്​ സുഷി ഉണ്ടാക്കുന്നത്​. ബിയോൺസയേയും കാറ്റി പെറിയേയും റോക്കിനേയും പോലുള്ള താരങ്ങൾ സുഷിയോടുള്ള തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്​. ഇവ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്, പരമ്പരാഗത ഫാസ്റ്റ് ഫുഡ് ഓപ്ഷനുകൾക്കുള്ള ആരോഗ്യകരമായ ബദലാണ്​ സുഷി.


പാകം ചെയ്ത അരി​ കണവ, ഈൽ, യെല്ലോടെയിൽ, സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങൾ, അച്ചാറിട്ട ഇഞ്ചി, വസാബി, സോയ സോസ്, സീവീഡ്​ എന്നിവ സുഷിയിൽ ചേർക്കും. ഭക്ഷണം സംരക്ഷിക്കുന്നതിനുള്ള ഒരു രീതി എന്ന നിലയിലാണ് സുഷി ഉത്ഭവിച്ചത്. പലതരത്തിൽ സംസ്കരിച്ച മത്സ്യങ്ങൾ സുഷിയിൽ ഉപയോഗിക്കുന്നുണ്ട്​. ചിലതരം സുഷിയിൽ വേവിക്കാത്ത മത്സ്യവും ഉപയോഗിക്കും.

Tags:    
News Summary - Foods that celebrities eat but won't tell you

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.