ദുബൈ: ബുർജ് ഖലീഫയും മിറാക്ക്ൾ ഗാർഡനുമൊക്കെയടക്കം നിരവധി വിസ്മയങ്ങൾ ലോകത്തിന് സമ്മാനിച്ച ദുബൈ ഇപ്പോൾ ഏറ്റവും വിലയേറിയ ഇഫ്താറും ഒരുക്കി ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരിക്കുകയാണ്. സ്വകാര്യ വ്യോമയാന രംഗത്തെ ആഗോള പ്രമുഖരായ ജെറ്റെക്സ് ആണ് 'ആകാശത്തിലെ ഇഫ്താർ' ഒരുക്കിയിരിക്കുന്നത്.
സ്വകാര്യ ജെറ്റിൽ യു.എ.ഇക്ക് മുകളിലൂടെ പറന്ന് ആകാശക്കാഴ്ചകൾ കണ്ട് നോമ്പ് തുറക്കാനുള്ള അവസരമാണ് ലഭിക്കുക. അതുകൊണ്ട് തന്നെ വിലകൂടുമെന്ന് മാത്രം. ആറുപേർ അടങ്ങുന്ന സംഘത്തിന് ഒരു ഇഫ്താർ യാത്രക്ക് 66,000 ദിർഹം (ഏകദേശം 13,47,964 രൂപ) ആണ് ചെലവ്. 25 വിഭവങ്ങൾ അടങ്ങുന്ന ഇഫ്താർ വിരുന്നാണ് ഇവർ ഒരുക്കിയിരിക്കുന്നത്.
യാത്ര ബുക്ക് ചെയ്തവർ ദുബൈ വേൾഡ് സെൻട്രലിലെ ജെറ്റെക്സ് വി.ഐ.പി ടെർമിനലിൽ ആണ് എത്തേണ്ടത്. അവിടെ നിന്ന് വേഗം സുരക്ഷാ പരിശോധനകളും മറ്റും പൂർത്തിയാക്കി റോൾസ് റോയ്സ് കാറിലാണ് വിമാനത്തിലേക്ക് കൊണ്ടുപോകുക. ഒന്നര മണിക്കൂർ വിമാനയാത്രയാണ് ഉണ്ടാകുക. ആദ്യം അബൂദബിയിലേക്ക് പറക്കും. പിന്നെ അൽഐനും ഹജ്ജർ, ജെയ്സ്, ഹത്ത മലനിരകൾ കണ്ടാണ് പറക്കൽ.
ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, അജ്മാൻ, ഷാർജ എന്നിവിടങ്ങൾ പിന്നിട്ട് ദുബൈയിൽ തിരികെയെത്തും. ബുർജ് ഖലീഫ്, പാം ജുമൈറ, ബുർജുൽ അറബ്, വേൾഡ് ഐലൻഡ് എന്നിവയൊക്കെ കണ്ട ശേഷം തിരികെ ജെറ്റെക്സിന്റെ വി.ഐ.പി ടെർമിനലിലെത്തിക്കുമെന്ന് ജെറ്റെക്സ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ആദിൽ മർദിനി പറഞ്ഞു. വരുമാനത്തിന്‍റെ പത്ത് ശതമാനം ദുബൈ കെയേഴ്സിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയിലെ ബുൾഗറി ഹോട്ടൽസ് ആന്‍റ് റിസോർട്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം പരിഗണിച്ച് ഭൂമിയിലുള്ളവർ നോമ്പ് തുറന്ന് നാല് മിനിറ്റ് കഴിഞ്ഞാണ് വിമാനത്തിനുള്ളിലെ നോമ്പുതുറ. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ആകാശത്തിലെ ഇഫ്താർ സംഘടിപ്പിക്കുന്നതെന്ന് ജെറ്റെക്സ് അധികൃതർ വ്യക്തമാക്കി. ഓരോ യാത്രക്കും മുമ്പും ശേഷവും വിമാനം പൂർണമായും അണുനശീകരണം നടത്തും. സാമൂഹിക അകലം പാലിച്ചാണ് അതിഥികളെ വിമാനത്തിനുള്ളിൽ ഇരുത്തുക. യു.എ.ഇ നിവാസികൾക്കും സന്ദർശകർക്കും ഇതിൽ പങ്കെടുക്കാം. യാത്രക്ക് മുമ്പ് പി.സി.ആർ ടെസ്റ്റ് നടത്തേണ്ടതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.