ഡബ്ല്യു.സി. തോമസ്

ഒരാൾ ചായ കുടിച്ച കഥ

ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി തീരുമാനപ്രകാരം എല്ലാ വർഷവും മേയ് 21 അന്തർദേശീയ തേയില ദിനമായി ആചരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മുതിർന്ന ടീ ടേസ്റ്ററും (ചായ രുചിക്കാരൻ) ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ടീ ഓക്ഷനീയറുമായ (തേയില ലേലക്കാരൻ) ഡബ്ല്യു.സി. തോമസ് ഈ മേഖലയെക്കുറിച്ച് ഓർക്കുന്നു

ഒരു ചായ കുടിച്ചാൽ അത് നല്ലതോ? ചീത്തയോയെന്ന് മറച്ചുവെക്കാതെ പറയാൻ മടിയില്ലാത്തവരാണ് മലയാളികൾ. കേരളത്തിലെ ഒട്ടുമുക്കാലുമാളുകളുടെ ദൈനംദിന ജീവിതത്തിൽ ചായക്കുള്ള സ്ഥാനം അത്രമേൽ വലുതാണ്. ശരാശരി മലയാളിയുടെ ഓരോ ദിവസവും ആരംഭിക്കുന്നതുതന്നെ ചൂടുചായയിൽനിന്നാണ്. അതിരാവിലെ ആവിപറക്കുന്ന ഒരു ഗ്ലാസ് ചായ കിട്ടിയില്ലെങ്കിൽ മലയാളിക്ക് അതൊരു നശിച്ച ദിവസമായിരിക്കും.

നമുക്ക് മുന്നിലെത്തുന്ന ചായ പിറവിയെടുക്കുന്നത് തേയിലത്തോട്ടത്തിൽ രണ്ടിലയും ഒരുമൊട്ടും നുള്ളുന്നത് മുതലിങ്ങോട്ട് അസാധാരണമായ അസംഖ്യം പ്രവർത്തനങ്ങളുടെ ഫലമായാണ്. അതിലേറ്റവും പ്രാധാന്യമുള്ള ഒന്നാണ് ചായയുടെ ഗുണനിലവാരം നിശ്ചയിക്കുന്ന ‘ടീ ടേസ്റ്റിങ്’ എന്ന സവിശേഷമായ പ്രവൃത്തി. ചായയുടെ രുചി തിരിച്ചറിയുകയെന്നത് ലളിതമായൊരു ജോലിയല്ലേയല്ല.

പലതരം ചായകൾ തമ്മിലുള്ള വ്യത്യാസം വേർതിരിച്ചറിയുകയും പ്രത്യേക രുചി കൈവരിക്കുന്നതിന് ആവശ്യമായ വിവിധ മാർഗങ്ങളെക്കുറിച്ച് വിദഗ്ധോപദേശം നൽകുകയെന്നതും ടീ ടേസ്റ്റർമാരുടെ ഉത്തരവാദിത്തമാണ്. ഇന്ത്യയിലെ ഏറ്റവും മുതിർന്ന ടീ ടേസ്റ്ററും (ചായ രുചിക്കാരൻ) ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ടീ ഓക്ഷനീയറുമായ (തേയില ലേലക്കാരൻ) ഡബ്ല്യു.സി. തോമസ് വ്യത്യസ്തമായ ഈ മേഖലയെക്കുറിച്ച് ഓർക്കുന്നു...

അപൂർവ റെക്കോഡിന് ഉടമ

ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ആദ്യ തേയില ലേലക്കമ്പനിയായ വില്ലിങ്ടൺ ഐലന്റിലെ ഫോബ്സ്, ഇവാർട്ട് ആൻഡ് ഫിഗ്ഗീസ് പ്രൈവറ്റ് ലിമിറ്റഡിൽനിന്നും 57 വർഷം നീണ്ടുനിന്ന പ്രവർത്തനത്തിനുശേഷം രണ്ടുവർഷം മുമ്പാണ് ഡബ്ല്യു.സി. തോമസ് വിരമിച്ചത്. ടീ ടേസ്റ്ററാകാൻ ഇന്നത്തെ പോലെ അടിസ്ഥാന

യോഗ്യതകളൊന്നും നിർബന്ധമില്ലാതിരുന്ന അറുപതുകളിലാണ് വെള്ളായണി കാർഷിക കോളജിൽനിന്നും ബി.എസ്.സി അഗ്രികൾച്ചർ ബിരുദം നേടിയ തോമസ് ചായ രുചിക്കൽ ജോലി സ്വീകരിക്കുന്നത്.കൊച്ചിയിൽ വ്യാപാരിയായിരുന്ന പിതാവ് മാവേലിക്കര സ്വദേശി വടക്കേത്തലക്കൽ ചെറിയാനും മാതാവ് കോട്ടയം ഒളശ്ശ സ്വദേശി ഭാര്യ പാലത്തിങ്കൽ സാറാമ്മ ചെറിയാനും മകനെ ഡോക്ടറാക്കാനായിരുന്നു താൽപര്യം.

സംസ്ഥാനത്തിനുപുറത്ത് മാനേജ്മെന്റ് ​േക്വാട്ടയിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിക്കാമായിരുന്നെങ്കിലും തുടർന്ന് മെറിറ്റിൽ കേരളത്തിൽ അഗ്രികൾച്ചറിന് കിട്ടിയപ്പോൾ അതിന് ചേർന്നു. കാർഷിക ബിരുദം നേടിയ ശേഷം ഡബ്ല്യു.സി. തോമസ് 1964 ആഗസ്റ്റ് പത്തിനാണ് ജോലിയിൽ പ്രവേശിച്ചത്. അക്കാലത്ത് ഇംഗ്ലണ്ടിൽ ടീ ടേസ്റ്റിങ് പരിശീലനം ലഭിച്ച ബന്ധുവായ ഉമ്മൻ തോമസായിരുന്നു വഴികാട്ടി. ഇംഗ്ലണ്ടുകാരായ ടീ ടേസ്റ്റർമാരുടെ കീഴിൽ കൊച്ചിയിലും കൂനൂരിലും കൊൽക്കത്തയിലുമൊക്കെ പരിശീലനം നേടിയ ശേഷം തോമസ് 1971ൽ ഇംഗ്ലണ്ടിൽ ഒരു വർഷത്തെ വിദഗ്ധ പരിശീലനവും നേടി ഇന്ത്യയിൽ തിരിച്ചെത്തി ഫോബ്സ് കമ്പനിയിലെ ടീ ഓപറേഷൻസ് ഡയറക്ടറായി പ്രവർത്തനം തുടരുകയായിരുന്നു.

2007ൽ കേന്ദ്ര സർക്കാർ ഇ-ഓക്ഷൻ അഥവാ ഇലക്ട്രോണിക് ലേല സമ്പ്രദായം ആവിഷ്കരിക്കും മുമ്പു വരെ പരമ്പരാഗത രീതിയിൽ ലേലം നടത്തുന്നതിൽ ഡബ്ല്യു.സി. തോമസ് അഗ്രഗണ്യനായിരുന്നു. 2006 മേയ് രണ്ടിന് തോമസിന്റെ നേതൃത്വത്തിൽ ഒരു കിലോ ചായ പോലും പിൻവലിക്കാതെ 940 ലോട്ടുകളിലായി 4.5 ലക്ഷം കിലോഗ്രാം ചായ ലേലം ചെയ്തത് കൊച്ചിയുടെ ചരിത്രത്തിലെ റെക്കോഡായിരുന്നു. നിശ്ചിത സമയത്തിനു മുമ്പ് വിജയകരമായി ലേലം പൂർത്തിയാക്കിയ തോമസിനെ അന്നവിടെ പങ്കെടുത്തവരെല്ലാവരും ചേർന്ന് എഴുന്നേറ്റു നിന്ന് അനുമോദിച്ചു.

കൊച്ചിയിലെ പ്രശസ്ത തേയില വ്യാപാര ഗ്രൂപ്പായ അഴീക്കൽ ബ്രദേഴ്സിന്റെ നാലു തലമുറകൾ തോമസിന്റെ നേതൃത്വത്തിലുള്ള ലേലത്തിൽ പങ്കെടുത്തത് മറ്റൊരു അപൂർവ സംഭവമാണ്. കൊച്ചിക്ക് പുറമെ കൂനൂരിലേയും കോയമ്പത്തൂരിലേയും തേയില ലേലങ്ങളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹം ഗോൾഡൻ ലീഫ് അവാർഡ് മത്സരത്തിൽ പലതവണ ജൂറി അംഗവുമായിരുന്നു.

ഏതൊരു അഗ്രികൾച്ചർ ബിരുദധാരിയേയുംപോലെ അന്ന് ഡബ്ല്യു.സി. തോമസ് സംസ്ഥാന സർക്കാറിൽ കൃഷി ഓഫിസറായി ജോലിയിൽ പ്രവേശിച്ചിരുന്നുവെങ്കിൽ നിശ്ചയമായും വകുപ്പ് മേധാവിയായി വിരമിക്കുമായിരുന്നു. ഒരുപക്ഷെ, സിവിൽ സർവിസിലേക്ക് നിർദേശിക്കപ്പെട്ട് പേരിന് പിന്നിൽ ഐ.എ.എസ് എന്നുകൂടി ചേർക്കപ്പെട്ടേനെ.

പക്ഷെ, അത്തരം മോഹങ്ങളൊന്നുമില്ലാതെ താനിഷ്ടപ്പെട്ട തൊഴിൽ മേഖലയിൽ അഞ്ചരപ്പതിറ്റാണ്ടിലേറെ ആത്മാർഥമായി പ്രവർത്തിച്ച ഡബ്ല്യു.സി. തോമസിന് പിന്തിരിഞ്ഞു നോക്കുമ്പോൾ തെല്ലും നിരാശയില്ല. സന്തോഷവും സംതൃപ്തിയും മാത്രം ഹൃദയത്തിൽ നിറക്കാനിഷ്ടപ്പെടുന്ന അദ്ദേഹം വിശ്രമ ജീവിതത്തിലും ചെറുപ്പം മുതൽക്കേ പിന്തുടരുന്ന സാമൂഹിക-സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാണ്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംഘടനകകളിലൊന്നായ ലണ്ടൻ ആസ്ഥാനമായ മെസോണിക് സൊസൈറ്റിയുടെ കൊച്ചി ശാഖയുടെയും വൈ.എം.സി.എയുടെയും റോട്ടറി ക്ലബിന്റെയും കൊച്ചിൻ ക്ലബിന്റെയും ഭാരവാഹിത്വം വഹിച്ചിട്ടുള്ള അദ്ദേഹം കൊച്ചിൻ ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡൻറും മട്ടാഞ്ചേരിയിലെ രക്ഷ സ്പെഷൽ സ്കൂളിന്റെ ചെയർമാനും കൂടിയാണ്.

ഡബ്ല്യു.സി. തോമസ് ഭാര്യ ഡോ. ലളിതയോടൊപ്പം

നേത്രരോഗ വിദഗ്ധ ഭാര്യ ഡോ. ലളിത സൂസൻ തോമസുമൊത്ത് ഫോർട്ട് കൊച്ചി ബീച്ച് റോഡിൽ വടക്കേത്തലക്കൽ വീട്ടിലാണ് ഡബ്ല്യു.സി. തോമസ് താമസിക്കുന്നത്. ചാർട്ടേഡ് ഫിനാൻസ് മേഖലയിൽ പ്രവർത്തിക്കുന്ന മകൾ സബീന ഫാഷൻ ഡിസൈനറായ ഭർത്താവ് ഷിബുവിനൊപ്പം ആസ്ട്രേലിയയിലെ സിഡ്നിയിലും ഐ.ടി വിദഗ്ധനായ മകൻ ടോണിയോ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മെക്കാനിക്കൽ എൻജിനീയറായ ഭാര്യ ഡാഫ്നിയുമൊത്ത് അമേരിക്കയിലെ ന്യൂജഴ്സിയിലുമാണ്.

എല്ലാവർക്കും ചായ തരാൻ പേടി

താൻ ടീ ടേസ്റ്ററാണ് എന്നറിയുമ്പോൾ പല വീട്ടുകാർക്കും ചായ തരാൻ പേടിയാണെന്ന് ഡബ്ല്യു.സി. തോമസ് പറയുന്നു. ജോലി ടീ ടേസ്റ്ററാണെന്നുകരുതി ചായ തന്ന് സൽക്കരിക്കുന്നതിൽ എന്തിനാണ് എല്ലാവരും പേടിക്കുന്നത്. നല്ലതാണെങ്കിൽ അത് തുറന്നു പറയും. പോരായ്മയുണ്ടെങ്കിൽ അത് ശ്രദ്ധയിൽപെടുത്തും. ചെറുപ്പത്തിൽ വീട്ടിൽ എല്ലാവരും കാപ്പിയായിരുന്നു ഉപയോഗിച്ചിരുന്നത്.

എപ്പോഴെങ്കിലും വീട്ടിലെത്തിയിരുന്ന അമ്മാവന് വേണ്ടി കരുതിയിരുന്ന തേയിലയിൽനിന്നും ഉണ്ടാക്കിയ ചായ കുടിക്കാനായിരുന്നു താൽപര്യം. കറുത്ത നിറമുള്ള ചളി പോലെ തോന്നിക്കുന്ന കാപ്പിയേക്കാൾ ചായയുടെ റോസ് കലർന്ന ബ്രൗൺ നിറമായിരുന്നു ഇഷ്ടം. എന്നാൽ, അന്നൊന്നും പിൽക്കാലത്ത് ഒരു ടീ ടേസ്റ്ററായി മാറുമെന്ന് കരുതിയതേയില്ല -ഡബ്ല്യു.സി. തോമസ് പറയുന്നു. ഭാര്യ ഡോ. ലളിതയാകട്ടെ ചെറുപ്പത്തിൽ ചായയും കാപ്പിയുമൊന്നും ശീലിച്ചിരുന്നില്ല. 1972ൽ വിവാഹത്തിന് ശേഷമാണ് ചായ ഉപയോഗിക്കാൻ തുടങ്ങിയത്.

കൊച്ചിയുടെ തേയില ചരിത്രം

ബ്രിട്ടീഷുകാരുടെ കാലം മുതൽക്കേതന്നെ ഷിപ്പിങ് കമ്പനി, ബാങ്കിങ് എന്നിവയോടൊപ്പം തേയില വ്യാപാരത്തിലും ഫോർട്ട് കൊച്ചിക്ക് തുല്യ പ്രാധാന്യമുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടൊപ്പം, കൃത്യമായി പറയുകയാണെങ്കിൽ 1947 ജൂലൈയിൽ ബ്രിട്ടീഷുകാർ രൂപം കൊടുത്ത കമ്പനിയാണ് ഫോബ്സ്, ഇവാർട്ട് ആൻഡ് ഫിഗ്ഗീസ് പ്രൈവറ്റ് ലിമിറ്റഡ്. അക്കാലത്ത് എല്ലാവർക്കും നേരിട്ട് കയറ്റുമതി നടത്താൻ കഴിയുമായിരുന്നില്ല. ​േക്വാട്ട സമ്പ്രദായ പ്രകാരമാണ് ഓരോരുത്തരും കയറ്റുമതി നടത്തിപ്പോന്നത്.

അക്കാലത്ത് ഇതിന്റെ ചുമതല വഹിച്ചിരുന്ന ബ്രിട്ടീഷുകാരനായിരുന്ന പിയേഴ്സാണ് ഫോർട്ട് കൊച്ചിയിൽ ഒരു തേയില ലേല കേന്ദ്രം തുറക്കുന്നത്. കാരണം 1857ൽതന്നെ കൊൽക്കത്തയിൽ ആരംഭിച്ച തേയില ലേലകേന്ദ്രം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായി വളർന്നിരുന്നു. ഫോർട്ട് കൊച്ചിയിൽ വളരെ ചെറിയ രീതിയിലായിരുന്നു തുടക്കം.

അന്ന് കേവലം 3000-4000 കിലോ ഗ്രാം മാത്രമായിരുന്നു ലേലത്തിനായി എത്തിയത്. കാര്യങ്ങൾ പരിചയമില്ലാത്തതിനാലാകണം ലേലംകൊള്ളാനായി ആദ്യമാരുംതന്നെ എത്തിയതുമില്ല. എന്നാലിന്ന് ഇവിടെ പത്തു മുതൽ 12 വരെ ലക്ഷം കിലോഗ്രാം തേയിലയാണ് ഒരാഴ്ചയിൽ ലേലം ചെയ്യുന്നത്. ഏറ്റവും കൂടുതൽ കയറ്റുമതി നടന്നിരുന്നത് അവിഭക്ത റഷ്യയിലേക്കായിരുന്നു. പഴയ യു.എസ്.എസ്.ആർ നിലവിലില്ലെങ്കിലും ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത് ഇപ്പോഴും അവിടേക്ക് തന്നെയാണ്.

വമ്പൻ ചായതന്നെ മുന്നിൽ

ലോകമെമ്പാടുമുള്ള കണക്ക് പരിശോധിക്കുകയാണെങ്കിൽ വെള്ളം കഴിഞ്ഞാൽ മനുഷ്യൻ ഏറ്റവും കൂടുതൽ കഴിക്കുന്ന പാനീയം ചായതന്നെ. ചായയിൽ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്‌സിഡന്റ്, ശരീരഭാരം കുറക്കുന്നതിന് ആവശ്യമായ ചില ഘടകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. പല സംസ്കാരങ്ങളിലും മനുഷ്യസമൂഹങ്ങളിലും ചായക്ക് സാംസ്കാരിക പ്രാധാന്യവുമുണ്ട്.

ചായ കുടിച്ചാൽ ഉന്മേഷം ലഭിക്കുമെന്ന് പറയുന്നത് ചില മരുന്നുകൾ കഴിച്ചാൽ രോഗം മാറാനിടയുണ്ടെന്ന തോന്നൽ പോലുള്ള പ്ലാസിബോ പ്രഭാവം (placebo effect) ആണെന്ന അഭിപ്രായത്തോട് ഡബ്ല്യു.സി. തോമസിന് യോജിപ്പില്ല. ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്ന ആന്റി ഓക്സിഡന്റ്സും ഉന്മേഷം നൽകുന്ന കഫീൻ നേരിയ

തോതിലും ചായയിലുണ്ട് എന്ന കാര്യം വസ്തുതപരമായി ശരിയാണ്. ആയിരക്കണക്കിന് വർഷത്തെ ചരിത്രവും പാരമ്പര്യവും അവകാശപ്പെട്ട ചായക്ക് എക്കാലവും അതിന്റേതായ അസ്തിത്വവുമുണ്ട്. മറ്റു പാനീയങ്ങൾക്കിടയിൽ എക്കാലവും ശാശ്വതമായി നിലകൊള്ളാൻ അതിനു കഴിയുന്നതും ഇതിനാലൊക്കെയാണ്. അഖിലേന്ത്യ തലത്തിൽ വിപണിയിൽ 70-75 ശതമാനവും ചായതന്നെയാണ്.

ദക്ഷിണേന്ത്യയിൽ മാത്രമാണ് കാപ്പിക്ക് പ്രചാരമുള്ളത്. ലഖ്നോവിലോ ബിഹാറിലെ ഏതെങ്കിലും പ്രദേശത്തോ ചെന്ന് കാപ്പി ചോദിച്ചാൽ എല്ലാവരും കളിയാക്കിച്ചിരിക്കും. മുമ്പൊക്കെ കോയമ്പത്തൂരിലെ പ്രശസ്തമായ അന്നപൂർണയിൽചെന്ന് ചായ ചോദിച്ചാലും ഇതുതന്നെയായിരുന്നു അനുഭവം. ഇപ്പോൾ അത് മാറിയിട്ടുണ്ട്. നമ്മുടെ ഇന്ത്യൻ കോഫി ഹൗസിലും കാപ്പിയോടൊപ്പം ചായക്കും ആവശ്യക്കാരുണ്ട്.

കൂർഗിലും ചിക്കമഗളൂരുവിലും കാപ്പിക്കൃഷി പ്രചാരത്തിലുള്ളതിനാൽ കർണാടകത്തിൽ കാപ്പിക്ക് സ്ഥാനമുണ്ട്. എന്നിരുന്നാലും മംഗളൂരുവിൽ ചായ ഒട്ടും മോശമല്ല. ജനസംഖ്യയിൽ കുറവാണെങ്കിലും തമിഴ് ബ്രാഹ്മണർ പൊതുവേ കാപ്പിയുടെ ആളുകളാണ്. തമിഴ്നാടുമായി ബന്ധപ്പെട്ട കേരളത്തിലെ ജില്ലകളിൽ കാപ്പിക്ക് സ്വാധീനമുണ്ട് എന്നത് നേരാണ്. പക്ഷെ, മൊത്തത്തിൽ കേരളത്തിൽ ആർക്കും നിഷേധിക്കാനാകാത്തവിധം ചായക്കുതന്നെയാണ് മേൽക്കോയ്മ.

കേരളത്തിൽ പ്രത്യേകിച്ചും മലബാറിലാണ് ചായക്ക് വലിയ ഡിമാൻഡുള്ളത്. കേരളത്തിലെ തേയില വിപണിയിൽ കോഴിക്കോട് പ്രധാനപ്പെട്ട ഒരിടമാണ്. പ്രത്യേകിച്ച്, മലബാറിലെ മുസ്‍ലിം സമൂഹം മൊത്തത്തിൽ ചായപ്രിയരാണ്. അറബ് രാജ്യങ്ങളിലെല്ലാം തന്നെ ചായക്കുള്ള സ്വാധീനം ഇതിലേക്ക് നയിച്ചിട്ടുണ്ടെന്ന് കരുതാം. അറബികളാണെങ്കിൽ ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും ചെറിയ കപ്പിൽ അൽപാൽപമായി ചായ കുടിക്കുന്നവരാണ്.

‘എനി ടൈം, ടീ ടൈം’

‘എനി ടൈം ഈസ് ടീ ടൈം’ എന്നത് ചായ നിർമാതാക്കളുടെ പതിവ് പ്രയോഗങ്ങളിൽ ഒന്നാണെന്ന് ഡബ്ല്യു.സി. തോമസ് പറയുന്നു. ഒരു ചായ കുടിക്കാനായി അങ്ങനെ നേരവും കാലവുമൊന്നും നോക്കേണ്ടതില്ലെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അഭിനേത്രിയും ആംഗലേയ ഗായികയും ഗാനരചയിതാവുമൊക്കെയായി ഏഴുപതിറ്റാണ്ടിലേറെയായി കലാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 90 പിന്നിട്ട ബ്രിട്ടനിലെ പെറ്റൂല ക്ലാർക്കിന്റെ പ്രശസ്തമായ ഒരു ഗാനമുണ്ട്.- Any time is tea time. ‘ഏത് സമയവും ചായക്ക് പറ്റിയ സമയം’.

ആർക്കാണ് ടീ ടേസ്റ്ററാവാൻ കഴിയുക?

ടീ ടേസ്റ്റർ ജോലിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ അടിസ്ഥാനപരമായി സസ്യശാസ്ത്രം, കൃഷി, ഹോർട്ടികൾച്ചർ, ഹോംസയൻസ്, ന്യൂട്രീഷ്യൻ, ഫുഡ് ടെക്നോളജി/ഫുഡ്സയൻസ് തുടങ്ങിയ ഏതെങ്കിലും വിഷയങ്ങളിൽ യോഗ്യതയുള്ളവരായിരിക്കണം. വിദഗ്ധമായ അഭിരുചി പരിശോധനകളിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പിന്നീട് അതത് കമ്പനികളോ സ്ഥാപനങ്ങളോ ദേശ-വിദേശങ്ങളിൽ ആവശ്യമായ പരിശീലനം നൽകും.

ആസൂത്രണ മികവും നേതൃപാടവവും പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവും ആശയവിനിമയ സാധ്യതയുമൊക്കെയാണ് ഒരു ടീ ടേസ്റ്റർക്ക് അവശ്യമായി വേണ്ട ഘടകങ്ങൾ. തേയില വിപണിയെ കുറിച്ച് കൃത്യമായ ധാരണ നിർബന്ധമായും വേണം. സാമ്പിളുകളിൽ നിന്നും രുചി പ്രദാനം ചെയ്യുന്ന ആൽക്കലോയിഡുകളുടെ ഉള്ളടക്കം മനസ്സിലാക്കുന്നതിനും അത് വേർതിരിച്ചറിയുന്നതിനും ജീവനുള്ള രുചിമുകുളങ്ങൾ ടീ ടേസ്റ്റർക്ക് നിർബന്ധമാണ്. ഒപ്പം സുഗന്ധദ്രവ്യങ്ങളുടെ അംശം തിരിച്ചറിയുന്നതിനാവശ്യമായ ഘ്രാണനാഡികളുടെ പ്രവർത്തനവും ശക്തമായിരിക്കണം. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളോ അധികം എരിവും പുളിയും മസാലയുമൊക്കെ അടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നവരോ ആയിരിക്കരുത്.

എന്താണ് ടീ ടേസ്റ്റിങ്

ചായയുടെ ഭിന്നമായ രുചിയും (Taste) രസവും (Flavour) തിരിച്ചറിയുകയെന്നത് മാത്രമല്ല, അവ ഓരോന്നിനെയും വേർതിരിക്കുകയും ഗുണനിലവാരമനുസരിച്ച് വ്യത്യസ്തമായ ഇനങ്ങളായി ബ്രാൻഡ് ചെയ്യാൻ വേണ്ട സഹായമൊരുക്കുകയെന്ന ചുമതലയും ഒരു ടീ ടേസ്റ്ററിൽ നിക്ഷിപ്തമാണ്. തേയില വ്യവസായത്തിന്റെ നട്ടെല്ലെന്നോ നെടുംതൂണെന്നോ ടീ ടേസ്റ്ററെ വിശേഷിപ്പിച്ചാൽ തെറ്റില്ല.

പരിശീലനം ലഭിച്ച ടീടേസ്റ്റർ ചായയുടെ ഗുണനിലവാരം നിർണയിക്കുന്ന പ്രക്രിയയാണ് ടീ ടേസ്റ്റിങ് എന്ന ചായ രുചിക്കൽ. തേയിലച്ചെടിയുടെ പലവിധങ്ങളായ ഇനങ്ങൾ, ഭൂപ്രകൃതി, കാലാവസ്ഥ സാഹചര്യങ്ങൾ, നിർമാണ പ്രക്രിയ തുടങ്ങിയ ഘടകങ്ങൾമൂലം അന്തിമ ഉൽപന്നത്തിന് തീർത്തും വ്യത്യസ്തമായ രുചികളും രൂപവും സംഭവിക്കാം.

കൃത്യമായ പരിശീലനം ലഭിച്ച ഒരു പരിശോധകന് മാത്രമേ ഈ വ്യത്യാസങ്ങൾ കണ്ടെത്താനും വിൽപനക്ക് മുമ്പായി ചായയുടെ ഗുണനിലവാരം കൃത്യമായി നിശ്ചയിക്കാനും കഴിയൂ. തേയില നിർമാണത്തിലെ അതിപ്രധാനമായ മിശ്രിത പ്രക്രിയക്ക് (Blending) പിന്നിലും സമർഥനായ ഒരു ടീ ടേസ്റ്ററുടെ മസ്തിഷ്കം വേണ്ടതുണ്ട്. പ്രതിദിനം ശരാശരി 300 മുതൽ 400 വരെ ചായ ഒരു ടീ ടേസ്റ്റർക്ക് രുചിക്കേണ്ടി വരും.

പാലും പഞ്ചസാരയും ചേർക്കാത്ത പ്രത്യേകമായി തയാറാക്കിയ ചായ അതിനായുള്ള പാത്രങ്ങളിൽനിന്നും സ്പൂണിൽ കോരിയെടുത്ത് പ്രത്യേകമായൊരു ശബ്ദത്തോടെ വായ്ക്കുള്ളിലാക്കും. അത് കവിൾക്കൊള്ളവേ നാക്കിലും അണ്ണാക്കിലും സ്പർശിക്കത്തക്കവിധം ചുഴറ്റിയ ശേഷം കോളാമ്പി കണക്കെയുള്ള പാത്രത്തിലേക്ക് തുപ്പിക്കളയും. ഡ്രൈലീഫും(ഉണങ്ങിയ തേയില) ഇൻഫ്യൂസ്ഡ് ലീഫും (ചണ്ടി) ക്ലിയർ ലിക്കർ/റോ ടീ എന്നിവയാണ് ചായ രുചിക്കാരന്റെ മുന്നിലെ പ്രധാന ഭാഗങ്ങൾ.

ചൂടുവെള്ളത്തിൽ തേയിലയിടുന്നതിന് മുമ്പായി ഉണങ്ങിയ ഇലയെ വിലയിരുത്തുക പതിവാണ്. പിന്നീട് തിളപ്പിച്ച ചായയിൽ ഓരോന്നിന്റേയും രസവും രുചിയും നിറവും കടുപ്പവും സൗരഭ്യവുമൊക്കെയായി പതിനഞ്ചോളം ഘടകങ്ങളുണ്ട്. ടീ ടേസ്റ്റർ ഇതു സംബന്ധിച്ച് പറയുന്നത് രേഖപ്പെടുത്താൻ ഒരു ടൈപ്പിസ്റ്റ് പിന്നാലെയുണ്ടാകും. ഒന്നിനെ തുടർന്ന് അടുത്തതിലേക്ക് രണ്ടും മൂന്നും മണിക്കൂർ നീളുന്ന തെല്ലും ശ്രദ്ധ ചോരാത്ത തപസ്യകണക്കെയുള്ള സാധന, ലോകത്തെ വ്യത്യസ്തമായ തൊഴിലുകളിൽ ശ്രദ്ധേയമായ ഒന്നാണ്.

ഫോട്ടോ: അഷ്കർ ഒരുമനയൂർ

Tags:    
News Summary - International Tea Day: The story of a man drinking tea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.