20,000 രൂപയുടെ ബിരിയാണി മുതൽ രണ്ട് ലക്ഷത്തിൻെറ പിസ വരെ; ഏറ്റവും ചെലവേറിയ വിഭവങ്ങളിതാ...

ഭക്ഷണ പ്രിയരല്ലാത്തവർ നമുക്കിടയിൽ വളരെ കുറവായിരിക്കും. വ്യത്യസ്ത ഭക്ഷണം രുചിക്കാൻ താൽപര്യപ്പെടുന്നവരാണ് ഏറെ പേരും. ചിലർക്ക് നാടൻ ഭക്ഷണങ്ങൾ സ്വന്തം നാടിൻെറ തനതു വിഭവങ്ങളെന്ന രീതിയിൽ പ്രിയമായിരിക്കും. കോണ്ടിനെൻറലും ചൈനീസുമെല്ലാം ഇഷ്ടപ്പെടുന്നവരുമുണ്ട്. ഇപ്പോൾ പ്രത്യേകിച്ച് മിക്കവരും നാട്ടിലാകെ വ്യാപിച്ച അറേബ്യൻ റെസ്റ്റോറൻറുകളിലെ വിഭവങ്ങളുടെ ആരാധകരാണ്.

രുചികൊണ്ട് പ്രശസ്തമായ ഭക്ഷണയിടങ്ങൾ അന്വേഷിച്ച് കണ്ടെത്തി പോയി കഴിക്കുന്നത് ഇപ്പോൾ ട്രെൻഡാണെന്ന് പറയാം. ഫൂഡ്-ട്രാവൽ വ്ലോഗുകൾക്ക് പ്രിയമേറുന്നതിൻെറ കാരണം മറ്റൊന്നല്ല. ഒരു ബിരിയാണി കഴിക്കാൻ, ഒരു ചായ കുടിക്കാൻ കിലോമീറ്ററുകൾ യാത്ര ചെയ്ത്, ചോദിക്കുന്ന പൈസ കൊടുക്കാൻ തയാറാണ് പലരും. എങ്കിൽ, ഒരൊറ്റ വിഭവത്തിന് വേണ്ടി നിങ്ങൾ എത്ര രൂപവരെ ചിലവഴിക്കും? ഒരു ബിരിയാണിക്ക് 20,000 രൂപ കൊടുക്കുമോ?, രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ഒരു പിസ കഴിക്കുമോ? ലോകത്തെ ഏറ്റവും ചെലവേറിയ ഭക്ഷണ വിഭവങ്ങളിൽ ചിലതാണ് പറഞ്ഞത്. ഇത്തരത്തിൽ ലോകത്തെ ഏറ്റവും വിലയേറിയ അഞ്ച് വിഭവങ്ങളെ പരിചയപ്പെടാം...

1. ദുബൈയിലെ സ്വർണ ബിരിയാണി

ഒരു പ്ലേറ്റ് ബിരിയാണിക്ക് 20,000 രൂപ നൽകുമോ നിങ്ങൾ? ദുബൈയിലെ ബോംബെ ബൊറോ റെസ്റ്റൊറെൻറാണ് വില കൂടിയ ഈ ബിരിയാണി വിളമ്പുന്നത്. ദി റോയൽ ഗോൾഡ് ബിരിയാണി എന്നാണ് പേര്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ ഗോൾഡ്, മൂന്ന് കിലോ അരി, ഗ്രിൽ ചെയ്ത വ്യത്യസ്ത മാംസങ്ങൾ, റൈത്ത എന്നിവയാണ് ഉൾപ്പെടുന്നത്.

2. ഇന്ത്യയിലെ സ്വർണ പാൻ

ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ഈ സ്വർണ പാൻ ലഭിക്കും. 600 രൂപയാണ് വില. ഉണങ്ങിയ ഈത്തപ്പഴം, ഏലക്കായ, മധുര ചട്നി, തേങ്ങ, ചെറി എന്നിവയെല്ലാമാണ് ഭക്ഷ്യയോഗ്യമായ സ്വർണ പാനിൽ നിറച്ചിരിക്കുന്നത്.

3. കോടികൾ വിലയുള്ള പോപ്കോൺ

ചിക്കാഗോയിലാണ് ഈ പോപ്കോൺ ലഭിക്കുക. ബെർകോസ് പോപ്കോൺ എന്ന പോപ്കോണിൻെറ 6.5 ഗാലൺ ടിന്നിന് വില 2500 യു.എസ് ഡോളർ (1,87,855 രൂപ) ആണ് വില. അധികം ലഭ്യമല്ലാത്ത ലാസോ ഉപ്പ് ഉപയോഗിച്ചാണ് നിർമാണം.

4. ബ്ലാക്ക് ഡയമണ്ട് ഐസ്ക്രീം

ഇറ്റാലിയൻ കൂൺ, ഇറാനിയൻ കുങ്കുമം, 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണം, മഡഗാസ്കർ വനില ഐസ്ക്രീം എന്നിവയെല്ലാം ചേരുന്ന ഐസ്ക്രീം! പക്ഷേ, ദുബൈയിലെ സ്കൂപി കഫേയിൽ ലഭിക്കുന്ന ഈ ഐസ്ക്രീമിൻെറ ഒരു സ്കൂപ്പിന് 61,387 രൂപ നൽകണമെന്ന് മാത്രം.

5. 24 കാരറ്റ് പിസ

രണ്ട് ലക്ഷം രൂപക്ക് ഒരു പിസ! ന്യൂയോർക്കിലെ ഇൻഡസ്ട്രി കിച്ചൺ ആണ് ഈ പിസ തയാറാക്കുന്നത്. സ്വർണ ലീഫ്, വിലയേറിയ ഒസെട്ര കാവിയർ, ഇറക്കുമതി ചെയ്ത ചീസുമെല്ലാം ചേർക്കുന്നതാണ് ഈ പിസ.

Tags:    
News Summary - most expensive dishes from around the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.