പാട്ട് വിവാദത്തിന് പിന്നാലെ ജി 20 ഉച്ചകോടിയിൽ മെനു വിവാദവും. ഉച്ചകോടിയുടെ മെനുവിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിചിത്രമായ പേരുകളുള്ള വിഭവങ്ങളുടെ പേരിലാണ് ഇപ്പോഴത്തെ വിവാദം. മാന്യമായൊരു ഭക്ഷണ ലിസ്റ്റ് പോലും ഉണ്ടാക്കാൻ കഴിയാത്തവരാണ് വിശ്വഗുരുവാകാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നാണ് വിമർശകർ പറയുന്നത്.
ഭാരത്മണ്ഡപത്തിൽ വിദേശ ഡെലിഗേറ്റുകൾക്ക് നൽകാനുള്ള ഭക്ഷണ മെനുവിലാണ് വിചിത്രമായ പേരുകൾ കടന്നുകൂടിയത്. മെനുവിലെ ഒരു വിഭവത്തിന് ‘ബൈഡൻ തന്തൂരി മലായ് ബ്രോക്കോളി’ എന്നാണ് പേര്നൽകിയിരിക്കുന്നത്. നോൺ വെജ് മെനുവിൽ നിന്നുള്ള ഒരു വിഭവത്തെ ‘ട്രംപ് ഹാഫ് തന്തൂർ ചിക്കൻ’ എന്നാണ് വിളിച്ചിരിക്കുന്നത്. ‘വൺ എർത് ഹര കബാബ്, ജി-20 അജണ്ട മുർഗ് കസ്തൂരി കബാബ്, ഇക്കണോമി കസുണ്ടി മഹി ടിക്ക, തന്തൂരി ലോബ്‌സ്റ്ററിന്റെ ഹായ് സ്റ്റേക്ക് മീറ്റിങ് എന്നിങ്ങനെ വിഭവങ്ങളും മെനുവിലുണ്ട്.
തൃണമൂൽ കോൺഗ്രസിൽനിന്നുള്ള രാജ്യസഭാ എം.പി സാകേത് ഗോഖലെ മെനുവിന്‍റെ ചിത്രം എക്‌സിൽ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് വൈറലാകുകയും സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയും ചെയ്തു. മെനു രാഷ്ട്രപതിയുടെ അത്താഴവിരുന്നിന്‍റേതല്ലെന്നും വിദേശ പ്രതിനിധികൾക്ക് ഭാരത് മണ്ഡപത്തിൽ ഭക്ഷണം കഴിക്കാനുള്ളതാണെന്നും സാകേത് ഗോഘലെ കുറിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്കാണ് അമേരിക്കൻ പ്രസിഡന്‍റ് ബൈഡൻ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയത്. തുടർന്ന് പ്രധാനമന്ത്രിയുടെ താമസസ്ഥലത്തെത്തി ഡിന്നറും ഹ്രസ്വചർച്ചയും നടത്തി. മൂന്നുവർഷത്തിനു ശേഷമാണ് ജോ ബൈഡൻ ഇന്ത്യയിലെത്തുന്നത്. ആണവോർജ രംഗത്തെ സഹകരണം, 6ജി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് എന്നിവയും ചർച്ചയിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.