മസ്കത്ത്: റമദാൻ വ്രതം ആരംഭിച്ചതോടെ എണ്ണക്കടി ഇനങ്ങളുടെ വിൽപന തകൃതിയാവുന്നു. ഇഫ്താറുകളിൽ എണ്ണക്കടികൾ ഒഴിവാക്കാൻ പറ്റാത്ത ഭക്ഷ്യയിനമാണ് പലർക്കും. ചെറുതായെങ്കിലും എണ്ണക്കടി ഇനങ്ങൾ അകത്താക്കിയില്ലെങ്കിൽ പോരായ്മ അനുഭവപ്പെടുന്നവരും നിരവധിയാണ്. അതിനാൽ മലയാളികളും അല്ലാത്തവരും എണ്ണക്കടികൾ വാങ്ങിക്കൂട്ടുന്നുണ്ട്. നോമ്പെടുക്കാത്തവർക്കുപോലും റമദാനിലെ എണ്ണക്കടികൾ ഹരമായി മാറിയിരിക്കുന്നു. എണ്ണക്കടികൾ മലയാളികൾക്കൊപ്പം മറ്റ് ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും ബംഗ്ലാദേശികൾക്കുമൊക്കെ ഏറെ പ്രിയപ്പെട്ടതാണ്. പക്കവട അടക്കമുള്ള ഇവരുടെ ഇനങ്ങളും പാചകശാലകളിൽ വൈകുന്നേരത്തോടെ തയാറാവുന്നുണ്ട്.
ഈ വർഷം പൊരിക്കടികൾക്ക് ആവശ്യക്കാർ കൂടുതലാണെന്ന് റൂവിയിലെ വ്യാപാരികൾ പറയുന്നു. എന്നാൽ, രാത്രികാലത്തെ മറ്റു ഭക്ഷണങ്ങൾക്ക് കാര്യമായ തിരക്ക് കാണുന്നില്ലെന്നും ഇവർ പറയുന്നു. ഈ വർഷം എണ്ണക്കടികൾക്ക് മുൻവർഷത്തെക്കാൾ ഇരട്ടി ആവശ്യക്കാരുണ്ടെന്ന് റൂവിയിലെ ഹോട്ടൽ ഉടമ പ്രതികരിച്ചു. നിരവധി ചെറുകിട ഹോട്ടലുകൾക്കും കഫ്റ്റീരിയകൾക്കും പ്രധാന വരുമാന മാർഗമാണ് എണ്ണക്കടികൾ.
പകൽ മുഴുവൻ അടച്ചിടുന്നതിനാൽ പല ഹോട്ടലുകളിലും കഫ്റ്റീരിയകളിലും കാര്യമായ വ്യാപാരം നടക്കാറില്ല. അതിനാൽ പലരും ജീവനക്കാർക്ക് അവധി നൽകി റമദാനിൽ സ്ഥാപനങ്ങൾ അടച്ചിടുകയാണ് പതിവ്. എങ്കിലും വാടകയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ പല സ്ഥാപനങ്ങളും റമദാനിൽ വൈകുന്നേരത്തോടെ തുറന്ന് പ്രവർത്തിക്കാറുണ്ട്. ഇത്തരക്കാർക്ക് എണ്ണക്കടി വ്യാപാരം വലിയ ആശ്വാസമാണ്.
വൈകീട്ട് നാലോടെയാണ് സ്ഥാപനങ്ങൾ സജീവമാവുന്നത്. കഫ്റ്റീരിയകളിലും ചെറുകിട ഹോട്ടലുകളിലും പ്രത്യേക കൗണ്ടറുകൾ ഇട്ടാണ് എണ്ണ പലഹാരങ്ങൾ വ്യാപാരം നടത്തുന്നത്. മലയാളി ഇനങ്ങൾ ലഭിക്കുന്ന നിരവധി സ്ഥാപനങ്ങളുമുണ്ട്. പക്കുവട, പരിപ്പുവട, ഉള്ളിവട, മുളക് ബജി, മട്ട ബജി, ഉരുളക്കിഴങ്ങ് ബജി, വഴുതനങ്ങ ബജി, ചട്ടിപ്പത്തൽ, മസാലപ്പത്തൽ തുടങ്ങി, ഉണ്ണിയപ്പം, നെയ്യപ്പം, കോഴിയട, മസാല അട, ഇലയട, പഴം നിറച്ചത്, പഴം പൊരിച്ചത്, ഉന്നക്കായ, മുട്ടപൊരിച്ചത്, മുട്ടമാല ഇങ്ങനെ പോവുന്നു റമദാനിൽ ലഭിക്കുന്ന പൊരിക്കടികളുടെ പട്ടിക.
ചെറുകിട ഹോട്ടലുകളിലും കഫ്റ്റീരിയകളിലും കുറഞ്ഞ വിലക്കാണ് എണ്ണക്കടികൾ ലഭിക്കുന്നത്. അതിനാൽ കുറഞ്ഞ വരുമാനക്കാരും സാധാരണക്കാരും ഇത്തരം സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ വർഷവും മസ്ജിദുകളിൽ ഇഫ്താറുകൾ ഇല്ലാത്തത് ഹോട്ടലുകളിലും കഫ്റ്റീരിയകളിലും തിരക്ക് വർധിക്കാനും എണ്ണക്കടിക്ക് ആവശ്യക്കാർ വർധിക്കാനും കാരണമായിട്ടുണ്ട്. കുറഞ്ഞ വരുമാനക്കാർക്ക് ചുരുങ്ങിയ ചെലവിൽ നോമ്പ് തുറക്കാൻ എണ്ണക്കടികൾ സഹായകമാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.