സാൻവിച്ച് പ്രേമികൾക്കായി വിചിത്രമായ ഒരു ഓഫർ നൽകിയിരിക്കുകയാണ് അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ സബ്‌വേ. തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് മാത്രമാണ് ഈ അവസരം ലഭിക്കുക. മാത്രമല്ല അമേരിക്കയിലെ സബ്‌വേ ഔട്ട്ലെറ്റുകളിൽ മാത്രമാണ് ഈ ഓഫർ ലഭ്യമാവുക. ഇനി ഓഫർ എന്താണെന്നുവച്ചാൽ, പേര് മാറ്റണം എന്നാണെന്നാണ് സബ്വേ പറയുന്നത്. നിയമപരമായി ഒരാൾ തന്‍റെ പേരിന്റെ ആദ്യഭാഗം സബ്‌വേ എന്നാക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ സൗജന്യമായി സാൻവിച്ച് നൽകാമെന്നാണ് കമ്പനി പറയുന്നത്.
മത്സരത്തിൽ പങ്കെടുക്കേണ്ട രീതിയും സബ്വേ പുറത്തിറക്കിയിട്ടുണ്ട്. താല്പര്യമുള്ളവർ ഓഗസ്റ്റ് ഒന്നിനും ഓഗസ്റ്റ് മൂന്നിന് അർദ്ധരാത്രിക്കും ഇടയിൽ ‘SubwayNameChange.com’ എന്ന വെബ്സൈറ്റ് സന്ദർശിക്കണം. തുടർന്ന് പേരുമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ആജീവനാന്തം സാൻവിച്ചുകൾ സൗജന്യമായി കഴിക്കാം.
അതുപോലെ, പേര് മാറ്റവുമായി ബന്ധപ്പെട്ട നിയമപരമായ സഹായങ്ങളും മുഴുവൻ ചെലവുകളും സബ്‌വേ നൽകും. അമേരിക്കയിലെ താല്പര്യമുള്ള മുഴുവൻ സബ്‍വേ ഉപഭോക്താക്കൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് മാത്രമാണ് സമ്മാനം ലഭ്യമാവുക.
മെനു മെച്ചപ്പെടുത്താനും ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാനും സബ്‌വേ അടുത്തിടെ 80 മില്യൺ ഡോളർ ചിലവാക്കിയിരുന്നു. പുതിയ നീക്കം അതിഥികളുടെ അനുഭവം മെച്ചപ്പെടുത്തുകയും ബ്രാൻഡിനോടുള്ള ഉപഭോക്താക്കളുടെ ആവേശം വർർധിപ്പിക്കുകയും ചെയ്യുമെന്ന് സബ്‌വേ നോർത്ത് അമേരിക്ക പ്രസിഡന്റ് ട്രെവർ ഹെയ്‌ൻസ് അഭിപ്രായപ്പെട്ടതായാണ് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.