കോട്ടയം: ഉപ്പിലിട്ട സംഭാരം കുടിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ കോട്ടയം-കുമരകം റൂട്ടിലേക്ക് യാത്ര പോന്നോളൂ. ആലുമ്മൂട് ജങ്ഷനിലെത്തുമ്പോൾ വാഹനമൊന്നു പതുക്കെയാക്കിയാൽ കാണാം റോഡിന്റെ വലതുവശത്ത് എരിവും പുളിയും ഉപ്പും മധുരവുമെല്ലാം ഗ്ലാസ് ഭരണികളിലിരുന്ന് നിങ്ങളെ മാടിവിളിക്കുന്നത്. മൺകുടത്തിൽ നൽകുന്ന സംഭാരമാണ് ഇവിടുത്തെ സവിശേഷ ഐറ്റം.
വയറുനിറയെ കുടിക്കാം. 20 രൂപയേ ചെലവൂള്ളൂ. ഇതിനൊപ്പം ഉപ്പിലിട്ട മാങ്ങ, പൈനാപ്പിൾ, ജാതിക്ക, പപ്പായ, കാരറ്റ്, വാഴപ്പിണ്ടി, മത്തങ്ങ, നെല്ലിക്ക തുടങ്ങി പ്രതീക്ഷിക്കാത്തത്ര പുതുരുചികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുത്തൻമാടപ്പാട്ട് ബിനിയും ഭാര്യ സോമജയും ചേർന്നാണ് വഴിയോരത്തെ ഈ കച്ചവടം. സ്വന്തമായി ബോർമ നടത്തിയിരുന്ന ബിനിയെ ആറുമാസം മുമ്പ് വഴിയോരക്കച്ചവടത്തിലെത്തിച്ചത് കോവിഡ് തന്നെയാണ്. സഹോദരനുമൊന്നിച്ചാണ് ബോർമ നടത്തിയിരുന്നത്. രണ്ടുപേർക്കുള്ള പണിയില്ലാതായതോടെ അവിടെനിന്നിറങ്ങി.
റോഡരികിൽ തന്നെ കയർമാറ്റിന്റെ ചെറിയ കടയുണ്ട് ബിനിക്ക്. കടയിലേക്കിറക്കിയ സാധനങ്ങൾക്ക് പണം കൊടുക്കാനാകാതെ ഏറെ ബുദ്ധിമുട്ടി. കൈയിൽ കിട്ടുന്നതെന്തും ഉപ്പിലിട്ടും കൊണ്ടാട്ടമാക്കിയും സൂക്ഷിക്കുന്ന ശീലമുണ്ട് ബിനിക്ക്. ഇവയൊക്കെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകുമ്പോൾ അവർ വീണ്ടും ആവശ്യപ്പെടും. അങ്ങനെയാണ് ബിനി തന്റെ കൈപ്പുണ്യം പരീക്ഷിക്കാനിറങ്ങിയത്. ചില പൊടിക്കൈ കൂടി ചേർത്തപ്പോൾ എല്ലാം ക്ലിക്കായി.
സംഭാരം കുടിച്ചവരെല്ലാം വീണ്ടും തേടിയെത്തി. മോരും അൽപം മാങ്ങ അച്ചാറും ഇഞ്ചി, പച്ചമുളക് അരച്ചതും ഉപ്പിലിട്ടതിന്റെ വെള്ളവും ചേർത്ത സ്വന്തം റെസിപ്പിയാണ് സംഭാരത്തിന്. വ്യത്യസ്തതരം അച്ചാറുകൾകൂടി വിൽപനക്കുവെച്ചതോടെ കച്ചവടം പൊടിച്ചു.
സോമജയും ബിനിയും ചേർന്നാണ് എല്ലാം തയാറാക്കുന്നത്. മുളക്, മാങ്ങ, ഉണക്കിയ മാങ്ങ, മീൻ, വെളുത്തുള്ളി, പപ്പായ, ബീറ്റ്റൂട്ട്, കോവക്ക, കാരറ്റ്, മത്തങ്ങ, പാവക്ക തുടങ്ങിയ വിവിധ അച്ചാറുകൾ ഇവിടെ ലഭ്യമാണ്. ഉണ്ടാക്കുന്നതെല്ലാം മൂന്നു ദിവസത്തിനകം വിറ്റുതീരും. കേട്ടറിഞ്ഞാണ് പലരും ഇവിടെയെത്തുന്നത്. ആവശ്യക്കാർക്ക് ഉണ്ടാക്കി നൽകുകയും ചെയ്യും. വെറും വഴിയോരക്കച്ചവടമല്ല ഇതിവർക്ക്. തന്റെ കടങ്ങൾ വീട്ടിയതും കടയുടെ വാടക നൽകുന്നതും മക്കളെ പഠിപ്പിക്കുന്നതും വീട്ടുചെലവുകൾ നടത്തുന്നതുമെല്ലാം ഇവിടെനിന്നുകിട്ടുന്ന വരുമാനം കൊണ്ടാണെന്ന് ബിനി അഭിമാനത്തോടെ പറയുന്നു. വിദ്യാർഥികളായ കൃഷ്ണജ, കൃഷ്ണജിത്ത് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.