അന്തിക്കാട്: ജീവിതം തുന്നിച്ചേർക്കാൻ സഹപാഠികളുടെ സഹകരണത്തോടെ ഷീബക്ക് ചായക്കടയൊരുക്കി. അന്തിക്കാട് പേരാൻ മാർക്കറ്റിന് സമീപം ആരംഭിച്ച നീലു ബേക്കറിയാണ് സൂപ്പർ ഹിറ്റായത്. അന്തിക്കാട് കല്ലിട വഴി സ്വദേശി മങ്ങാട്ട് ഷീബ രവിക്ക് വേണ്ടി സഹപാഠികളായ വി.എം. സത്താറും വി.എച്ച്. അൽത്താഫുമാണ് അന്തിക്കാട് മാർക്കറ്റ് സ്റ്റോപ്പിനോട് ചേർന്ന് നീലു ബേക്കറി ഒരുക്കിയത്.
ഷീബക്ക് പറയാനുളളത് അവഗണനയുടെയും സൗഹൃദത്തിന്റെയും രുചിഭേദങ്ങളാണ്. ഭർത്താവ് രവി മരിച്ചതിനെ തുടർന്ന് ഒരു ജോലിക്കായി 25 ഓളം കടകളിൽ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒരു ദിവസം കൂടെ പഠിച്ച കൂട്ടുകാരനായ സത്താറിനെയും അൽത്താഫിനെയും കണ്ടപ്പോൾ ഷീബ വിവരം പറഞ്ഞു. എന്നാൽ നിനക്ക് ഒരു കട ഇട്ടുകൂടെ എന്നായി സത്താർ.
ആദ്യം തമാശയായി തോന്നിയെങ്കിലും ഇരുവരുടെയും നിർദേശം ഷീബ മകൻ വിശാൽ കൃഷ്ണയുമായി ചർച്ച ചെയ്തു. സാമ്പത്തികമായി മകനും സഹായിക്കാമെന്ന് ഏറ്റതോടെ കാര്യങ്ങളെല്ലാം കളറായി. അങ്ങിനെ അന്തിക്കാട് പേരാൽ മാർക്കറ്റിന് സമീപം സത്താറും അൽത്താഫും തന്നെ മുൻകൈയെടുത്ത് ഒരു കട കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി അതിനെ ബേക്കറി ആയി മാറ്റുകയായിരുന്നു.
നീലു ബേക്കറി എന്ന് പേരുമിട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്രട്ടറി കൂടിയായ സത്താർ തന്നെയാണ് ബേക്കറിയുടെ ഉദ്ഘാടനം നിർവഹിച്ചതും. ജൂലൈ അഞ്ചിന് പ്രവർത്തനം തുടങ്ങിയ ഈ സൗഹൃദത്തിന്റെ ബേക്കറി രാവിലെ മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.