പട്ടാളബാരക്കുകളും മുഗൾ കൊട്ടാരവും കടന്ന് ലോകം ജയിച്ച വിഭവം; അറിയാം ബിരിയാണിയുടെ അജയ്യ കഥ

ലോകത്ത് ഏകദേശം എല്ലായിടത്തുമുണ്ട് ബിരിയാണി. അരിയാഹാരം കഴിക്കുന്ന മലയാളിക്കും ഗോതമ്പും ചോളവും മറ്റു പലതും മുഖ്യ ഭക്ഷണമായവർക്കുമെല്ലാം അതുവേണം. നമ്മുടെ നാട്ടിൽ സാധാരണ വിളയുന്ന അരിയിൽനിന്ന് വ്യത്യസ്തമാണ് ബിരിയാണി അരിയെന്നതിനാൽ ബിരിയാണിയും വിദേശിയാകാമെന്നതിൽ അധികമാർക്കും സംശയം കാണില്ല. എങ്കിൽ പിന്നെ എവിടെയാകും അതിന്‍റെ ഉറവിടം? അതൊരു കഥയാണ്, അല്ല ഒരുപാടൊരുപാട് കഥകളാണ്.

ഷാജഹാന്‍റെ പത്നി മുംതാസ് മഹലുമായി ചുറ്റിപ്പറ്റിയാണ് അതിലൊന്ന്. മുഗൾ പട്ടാള ബാരക്കുകളിൽ ഒരിക്കൽ അവർ സന്ദർശനം നടത്തുന്നു. പട്ടാളക്കാരുടെ മുഖത്ത് ആലസ്യവും ക്ഷീണവും പോഷണക്കുറവും കണ്ട് അവർ ഭക്ഷണമൊരുക്കുന്ന ഷെഫിനെ വിളിച്ചുവരുത്തുന്നു. ഉണർവും ഊർജവും നിലനിർത്താൻ പോഷകസമൃദ്ധമായ ഒരു ഭക്ഷണക്കൂട്ട് തയാറാക്കാനായി നിർദേശം. അവിടെ പിറവിയെടുത്ത സവിശേഷ വിഭവം ബിരിയാണിയെന്ന പേരോടെ പട്ടാളബാരക്കുകളും മുഗൾ കൊട്ടാരവും കടന്ന് ലോകം ജയിച്ചെന്നത് ഒരു കഥ.

14ാം നൂറ്റാണ്ടിനൊടുവിൽ പേർഷ്യയിൽനിന്ന് സർവനാശവുമായി എത്തി ഡൽഹി ആക്രമിച്ച തിമൂറിലേക്ക് ചെന്നുതൊടുന്നതാണ് ഇതിന്‍റെ ചരിത്രമെന്ന് വേറെ ഒരു കഥ. ബിരിയാണി എന്ന വാക്കിലെ പേർഷ്യൻ വേരുകൾ ചികഞ്ഞാൽ ഇത് ശരിയാകാമെന്ന് കരുതാനും ന്യായമുണ്ട്. ഡൽഹി കൊള്ളയടിക്കാൻ 15 ദിവസം മാത്രമേ തിമൂർ തങ്ങിയുള്ളൂവെങ്കിലും പരിസരങ്ങൾകൂടി വരുതിയിലാക്കി അടുത്ത വർഷ​മാണ് അയാൾ മടങ്ങുന്നത്.

അതിനിടെ, ബിരിയാണിയുടെ രുചി പഠിപ്പിച്ച് ശരിക്കും ഇന്ത്യൻ മനസ്സിനെ വശത്താക്കിയായി​രുന്നോ മടക്കം എന്നുറപ്പില്ല. പിന്നീട്, മുഗളന്മാർ രാജ്യം കീഴടക്കി ഭരണം തുടങ്ങിയപ്പോൾ വന്ന നാട് മറന്ന് ഇതേ തിമൂറിന്‍റെ മംഗോളിലേക്ക് ചേർത്തായിരുന്നല്ലോ രാജവംശത്തിന് പേരിട്ടത്.


ഇതൊ​ന്നുമല്ല ബിരിയാണിക്കഥയെന്ന് പറയുന്നവരുമേറെ. മലബാർ തീരത്ത് വാണിജ്യാവശ്യാർഥം എത്തിയ അറബികൾ മലയാളി​യെ പരിചയപ്പെടുത്തിയാണ് അതിന്‍റെ തുടക്കം എന്നാണ് ഈ മൂന്നാംപക്ഷം. ഇവിടെ സമൃദ്ധമായിരുന്ന കുരുമുളകടക്കം സുഗന്ധവ്യഞ്ജനങ്ങൾകൂടി ചേരുവയുടെ ഭാഗമായപ്പോൾ രുചി പിന്നെയും കൂടിയെന്നും അവർ പറയുന്നു. തമിഴ്നാട്ടിൽ ഇറച്ചിയും അരിയും ചേർത്ത് തയാറാക്കുന്ന ഒരു ഭക്ഷണത്തെ കുറിച്ച് എ.ഡി രണ്ടാം നൂറ്റാണ്ടിലെ രേഖകൾ പരാമർശിക്കുന്നതായും കാണുന്നു. ഇങ്ങനെ എണ്ണമറ്റ കഥകൾ...ഏതായാലും ഉത്തരേന്ത്യയിലെ നവാബുമാരും ഹൈദരാബാദിലെ നൈസാമും ഏറ്റെടുത്ത് തലമുറകളിലൂടെ ഇവിടെയെത്തിയ ബിരിയാണിക്ക് രുചിയൊന്നു വേറെയാണ്.

മലബാറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരത്തിൽ നിങ്ങൾക്കും പ​ങ്കെടുക്കാം

മാധ്യമം കുടുംബം പ്രശസ്ത റോസ് ബ്രാൻഡ് റൈസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘ദം ദം ബിരിയാണി’ കോണ്ടസ്റ്റിൽ നിങ്ങൾക്കും പങ്കെടുക്കാം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. സ്ത്രീക്കും പുരുഷനും ഒരേ കാറ്റഗറിയിലാണ് മത്സരം.

പ്രാഥമികഘട്ട മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കുന്ന 150 പേരെ ഉൾപ്പെടുത്തി രണ്ടാംഘട്ട മത്സരം നടത്തും. ഇതിൽനിന്ന് തിരഞ്ഞെടുക്കുന്ന 15 പേരെ ഉൾപ്പെടുത്തി കോഴിക്കോട് ബീച്ചിൽ ഗ്രാൻഡ് ഫിനാലെയും സംഘടിപ്പിക്കും. സെലിബ്രിറ്റികളും പാചകരംഗത്തെ പ്രമുഖരും വിധികർത്താക്കളായി എത്തുന്ന മത്സരത്തിൽ കൈനിറയെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

തയാറാക്കിയ ബിരിയാണി പാചകകുറിപ്പ്, പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ www.madhyamam.com/dumdumbiriyani ലിങ്ക് വഴിയോ ക്യൂ ആർ കോഡ് വഴിയോ ചേർത്ത് ഉടൻ രജിസ്റ്റർ ചെയ്യൂ


Tags:    
News Summary - The tasteful story of Biriyani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.