ദുബൈ: മണിക്കൂറിൽ 280 കി.മീറ്റർ വേഗത്തിൽ ദുബൈയിലെ പ്രധാന ഹൈവേയിലൂടെ ബൈക്കോടിച്ച് അഭ്യാസം കാണിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനങ്ങൾ നിറഞ്ഞ റോഡിലൂടെ അതിസാഹസികമായി ഇയാൾ ബൈക്ക് ഓടിക്കുന്ന വിഡിയോ അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
അപകടകരമായി അമിത വേഗത്തിൽ ഓടിക്കുന്നതിനിടെ ഇയാൾ മുൻവശത്തെ വീൽ ഉയർത്തുന്നുമുണ്ട്. സംഭവത്തിൽ ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഡിയോ വഴി ശ്രദ്ധയിൽപെട്ട വാഹനം അതിവേഗത്തിൽ തിരിച്ചറിയാനും പിടികൂടാനും സാധിച്ചതായി ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പ്രസ്താവനയിൽ പറഞ്ഞു. അമിതവേഗവും അക്രമസ്വഭാവവും അപകടകരമായ അഭ്യാസ പ്രകടനവും സ്വന്തത്തിന്റെയും മറ്റുള്ളവരുടെയും സുരക്ഷയെ അപകടത്തിലാക്കിയതുമാണ് അറസ്റ്റിന് കാരണമെന്ന് അധികൃതർ വിശദീകരിച്ചു. ചോദ്യം ചെയ്യലിൽ പലതവണ സമാനമായ രീതിയിൽ വാഹനം ഓടിച്ചതായി പ്രതി സമ്മതിച്ചു. പിടിച്ചെടുത്ത വാഹനത്തിന് 50,000 ദിർഹം പിഴ ചുമത്തിയിട്ടുണ്ട്.
അപകടകരമായ രീതിയിൽ റോഡിൽ അഭ്യാസപ്രകടനം നടത്തുന്നതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ട്രാഫിക് പൊലീസ് വാർത്തക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി. സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനമോടിച്ചാൽ അറസ്റ്റും വാഹനം കണ്ടുകെട്ടലും മറ്റു നിയമ നടപടികളുമുണ്ടാകും.
റോഡ് സുരക്ഷക്ക് മുൻതൂക്കം നൽകുന്നതിനാൽ ഇത്തരക്കാരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ല. റോഡിൽ അഭ്യാസം കാണിക്കുന്നവരിൽ 80 ശതമാനം പേരും അപകടമുണ്ടാക്കുന്നവരാണ്. മരണത്തിനും ഗുരുതര പരിക്കുകൾക്കും ഇത്തരം അപകടങ്ങൾ കാരണമാകാറുണ്ട് -അധികൃതർ പറഞ്ഞു. ദുബൈ പൊലീസിന്റെ ആപ്പിലെ പൊലീസ് ഐ സേവനം വഴിയും 901 എന്ന നമ്പറിലേക്ക് വിളിച്ചും അപകടകരമായ ഡ്രൈവിങ് സംബന്ധിച്ച് പരാതിപ്പെടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.