ക്രിസ്റ്റീൻ വോർസ്റ്റെർ അന്വേഷിക്കുകയാണ്, അജ്ഞാതരായ ആ രക്ഷകരെ...

ദുബൈ: ബോധം മറയുംമുമ്പ് അവരെ രണ്ടുപേരെയും അവ്യക്തമായി കണ്ട ഓർമയേ ക്രിസ്റ്റീൻ വോർസ്റ്റെറിനുള്ളൂ. തന്‍റെ ജീവൻ രക്ഷിച്ച ആ രണ്ടുപേരെ... ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ദീർഘദൂര സൈക്ലിസ്റ്റാണ് 36കാരിയായ ക്രിസ്റ്റീൻ. കഴിഞ്ഞദിവസം അയൺമാൻ 70.3 ദുബൈ ട്രയാത്തലണിൽ പങ്കെടുക്കുമ്പോൾ സൂര്യാതപമേറ്റ് ബോധംകെട്ട് വീണ ക്രിസ്റ്റീനിനെ രണ്ട് പുരുഷന്മാരാണ് ആംബുലൻസ് വരുത്തിച്ച് രക്ഷിച്ചത്. ഈ രക്ഷകരെ കണ്ടെത്തി നന്ദി പറയാനുള്ള ശ്രമത്തിലാണ് താനെന്ന് ക്രിസ്റ്റീൻ പറയുന്നു.

ശനിയാഴ്ച രാവിലെയാണ് ദുബൈ അയൺമാൻ റേസിലെ 56 മൈൽ വിഭാഗത്തിൽ ക്രിസ്റ്റീൻ പങ്കെടുത്തത്. 53 മൈൽ പിന്നിട്ടപ്പോഴാണ് തനിക്ക് ഇടതുകാലിൽ കടുത്ത വേദന അനുഭവപ്പെട്ടതെന്ന് അവർ പറയുന്നു. 'ഞാൻ വളരെ ക്ഷീണിച്ചിരുന്നു. എവിടെയാണുള്ളതെന്നുപോലും ഓർമയില്ലാത്ത അവസ്ഥ. സൈക്കിളിന്മേലുള്ള എല്ലാ നിയന്ത്രണവും നഷ്ടപ്പെടുന്നതായി തോന്നി. ഞാൻ ബോധരഹിതയായി റോഡിലേക്ക് വീണു. എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലായില്ല. എത്രനേരം ഞാൻ റോഡിൽ കിടന്നു എന്നും അറിയില്ല. ഞാൻ തനിച്ചായിരുന്നു റൈഡ് ചെയ്തിരുന്നതും. രണ്ട് പുരുഷന്മാർ എന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതും പരസ്പരം എന്തൊക്കെയോ പറയുന്നതും അവ്യക്തമായി അറിയുന്നുണ്ടായിരുന്നു. ആംബുലൻസിൽ കയറ്റുമ്പോഴും ഞാൻ അർധബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിൽവെച്ചാണ് എനിക്ക് ബോധം തെളിയുന്നത്' -അന്നത്തെ അനുഭവത്തെ കുറിച്ച് ക്രിസ്റ്റീൻ വിവരിക്കുന്നു.

ശൈഖ് സായിദ് റോഡിലെ അൽ സഹ്റ ആശുപത്രിയിലാണ് ക്രിസ്റ്റീനിനെ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ ക്രിസ്റ്റീനിന്‍റെ നില ഗുരുതരമായിരുന്നെന്നും ബോധരഹിതയായിരുന്നെന്നും ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ് ഡോ. മുഹമ്മദ് ഖമീസ് പറയുന്നു. അതിശക്തമായ സൂര്യാതപമേറ്റിരുന്നു. നിർജലീകരണവും സംഭവിച്ചിരുന്നു. വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. തകരാറിലായ പേശിയിലെ കോശങ്ങൾ രക്തത്തിലേക്ക് പ്രോട്ടീൻ പുറപ്പെടുവിക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഇത് ഹൃദയത്തെയും കിഡ്നിയെയും ദോഷകരമായി ബാധിക്കുകയും സ്ഥിരം അംഗവൈകല്യത്തിനോ മരണത്തിന് വരെയോ ഇടയാക്കുമായിരുന്നെന്നും ഡോക്ടർ പറഞ്ഞു.

'ഞാൻ ബോധരഹിതയായി കിടക്കുന്നത് കണ്ട് നിർത്തുകയും ആംബുലൻസ് വരുത്തുകയും ചെയ്ത് എന്നെ രക്ഷിച്ച ആ അജ്ഞാതരോട് നന്ദി പറയണമെന്ന് ആഗ്രഹമുണ്ട്. അവർ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും വിവരിക്കാൻ ഞാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തിലുള്ള എന്‍റെ വിശ്വാസം കൂടുകയാണ്. ആപത്തിൽപെടുന്നവരെ സഹായിക്കാൻ ഒരുപാട് നല്ല ശമരിയാക്കാർ ഉണ്ടെന്നത് ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്' -ഏഴ് വർഷമായി ദുബൈയിൽ താമസിക്കുന്ന ക്രിസ്റ്റീൻ വോർസ്റ്റെർ പറയുന്നു. ദുബൈയിൽ ക്യാമ്പിങ്ങിനുള്ള സാമഗ്രികൾ വാടകക്ക് നൽകുന്ന 'ക്യാമ്പ് ആർ' എന്ന സ്ഥാപനം നടത്തുകയാണ് ക്രിസ്റ്റീനും ഭർത്താവും. 

Tags:    
News Summary - Christine Vorster is looking for those unknown rescuers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.