കേരളത്തിൽ ഏർപ്പെടുത്തിയ ക്വാറന്റീനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നു. സമൂഹമാധ്യമങ്ങളിലടക്കം വലിയ കാമ്പയിനുകളാണ് പുതിയ തീരുമാനത്തിനെതിരെ നടക്കുന്നത്. ബൂസ്റ്റർ ഡോസടക്കം സ്വീകരിച്ച് എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചെത്തുന്നവരാണ് പ്രവാസികൾ. ഇത്തരക്കാരെ 'തടവിലിടു'ന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല എന്നാണ് പലരും പറയുന്നത്. അടിയന്തരമായി ക്വാറന്റീൻ പിൻവലിച്ച് പ്രവാസി സൗഹൃദ നിയന്ത്രണങ്ങൾ നടപ്പാക്കാൻ അധികൃതർ തയാറാകണമെന്നാണ് പ്രവാസികൾ പറയുന്നത്
തീരുമാനം പ്രതിഷേധാർഹം
(സന്തോഷ് കുമാർ, സാമൂഹിക പ്രവര്ത്തകന്)
വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികൾ ഒരാഴ്ച നിർബന്ധിത ഹോം ക്വാറന്റീനിൽ കഴിയണമന്നുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹമാണ്. കോവിഡ് മഹാമാരിയുടെ തുടക്കം മുതൽതന്നെ പ്രവാസികളോടുള്ള കേന്ദ്ര സർക്കാർ നയം തികച്ചും ദ്രോഹപരമായിരുന്നു. എന്നാൽ, വലതുപക്ഷ മാധ്യമങ്ങളും ചില പ്രവാസി സംഘടനകളും ഇത് കേരള സർക്കാർ തീരുമാനമായി വ്യാഖ്യാനിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അതേസമയം, അന്താരാഷ്ട്ര വിമാന സർവിസുകൾ പുനഃ സ്ഥാപിക്കാത്ത കേന്ദ്ര സർക്കാറിന്റെ തീരുമാനത്തിനെതിരെ ഇവർ ഒന്നുംതന്നെ പറയുന്നില്ല. പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറുകതന്നെ വേണം.
തീരുമാനം മനുഷ്യത്വരഹിതം
(ഷമീർ കൊല്ലക്കാൻ -പി.ആർ. കൺവീനർ, പ്രവാസി വെൽഫെയർ, ഒമാൻ)
കേരള സർക്കാർ തീരുമാനം മനുഷ്യത്വരഹിതവും അശാസ്ത്രീയവുമാണ്. വാക്സിനേഷൻ, ബൂസ്റ്റർ ഡോസ്, യാത്രക്ക് 72 മണിക്കൂർ മുമ്പ് ആർ.ടി.പി.ആർ ടെസ്റ്റ് മുതൽ എല്ലാ മുൻകരുതലുകളും എടുത്ത് നാട്ടിലെത്തുന്ന പ്രവാസിയെ ഏഴുദിവസം തടവിലിടുന്നത് എന്തിനാണ്? തുടർച്ചയായി പ്രവാസിവിരുദ്ധ നടപടികൾ സ്വീകരിക്കുന്ന സർക്കാർ നയം പ്രതിഷേധാർഹമാണ്. കോവിഡ് നിയന്ത്രണത്തിൽ സർക്കാറിനുണ്ടായ വീഴ്ച മറച്ചുപിടിക്കാൻ പ്രവാസികളെ കരുവാക്കുന്നത് അംഗീകരിക്കാനാവില്ല. അടിയന്തരമായി ക്വാറന്റീൻ പിൻവലിച്ച് പ്രവാസി സൗഹൃദ നിയന്ത്രണങ്ങൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാവണം.
പ്രവാസലോകത്തുനിന്നും എതിർപ്പുകളുയരണം
(അനീഷ് കടവിൽ- വൈസ് പ്രസിഡന്റ്, ഒ.ഐ.സി.സി ഒമാൻ)
ഏഴു ദിവസത്തെ നിർബന്ധിത ക്വാറൻറീൻ പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവേചനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. സർക്കാറിന്റെ നിർദേശങ്ങൾ പാലിക്കാൻ പ്രവാസികൾ തയാറാണ്. പേക്ഷ, അതിനുവേണ്ട മുന്നൊരുക്കങ്ങൾ കുറച്ചുകൂടി യുക്തിഭദ്രമാക്കണം. ഒമിക്രോൺ സാഹചര്യത്തിൽ ഹൈ റിസ്ക് രാജ്യങ്ങളുടെയും ലോ റിസ്ക്ക് രാജ്യങ്ങളുടെയും പട്ടിക സർക്കാർ പുറത്തുവിടണം. പ്രവാസികൾ ആണ് രോഗം പരത്തുന്നതെന്ന കോവിഡിന്റെ തുടക്കത്തിലുണ്ടാക്കിയ ഭീതി ഒമിക്രോണിന്റെ കാര്യത്തിലും പരത്തി പ്രവാസികളെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിലേക്കാണ് ഇത്തരം കാര്യങ്ങൾ വഴിതെളിക്കുക. ഇതിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവാസലോകത്തുനിന്നും എതിർപ്പുകളുയരേണ്ടതുണ്ട്.
പ്രവാസിയോട് ചെയ്യുന്ന അനീതി
(നാസർ പെരിങ്ങത്തൂർ -പ്രസിഡന്റ്, സലാല കെ.എം.സി.സി )
ക്വാറന്റീൻ നിർബന്ധമാക്കിയ നടപടി പുനഃപരിശോധിക്കണം. കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രവാസികൾക്ക് മാത്രമായി ഏർപ്പെടുത്തിയ ക്വാറന്റീൻ മൂലം സമൂഹഭൃഷ്ട് വരെയുണ്ടായ സംഭവങ്ങൾ ആരും മറന്നിട്ടില്ല. മൂന്നു വാക്സിനും സ്വീകരിച്ചശേഷം നാട്ടിലെത്തി നടത്തുന്ന പരിശോധനയിൽ നെഗറ്റിവ് റിസൽട്ടുള്ളവരെ ഈ ക്വാറന്റീൻ വ്യവസ്ഥകളിൽനിന്ന് ഒഴിവാക്കണം. വിവേചനപരമായി പ്രവാസികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നിലപാട് ഉപേക്ഷിച്ച് കോവിഡിനെ നേരിടാൻ സർക്കാറുകൾ തയാറാവണം
പ്രവാസികളെ ശത്രുക്കളായി കാണരുത്
(കെ. ഷൗക്കത്തലി -പ്രസിഡന്റ്, ഇന്ത്യൻ വെൽഫെയർ ഫോറം സലാല)
സാമാന്യബുദ്ധിക്ക് നിരക്കാത്ത നടപടികൾ പ്രഖ്യാപിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകളും വകുപ്പുമന്ത്രിയും സ്വയം പരിഹാസ്യരാവുകയാണ്. ഒരുഭാഗത്ത് പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ സർക്കാർതല പൊതുചടങ്ങുകൾ സംഘടിപ്പിക്കുക, മറുഭാഗത്ത് രണ്ട് കോവിഡ് ടെസ്റ്റും വാക്സിനേഷനും കഴിഞ്ഞെത്തുന്ന പ്രവാസിക്ക് ക്വാറന്റീൻ അടിച്ചേൽപ്പിക്കുക; ഇത് വിവേചനപരവും യുക്തിരഹിതവും അശാസ്ത്രീയവുമാണ്. പ്രവാസികളെ ശത്രുക്കളായി കാണരുത്.
വിവേചനപരമായ നടപടി അംഗീകരിക്കാനാവില്ല
(ഡോ. നിഷ്താർ - ആക്ടിങ് പ്രസിഡന്റ്, ഒ.ഐ.സി.സി സലാല)
ബൂസ്റ്റർ ഡോസടക്കം വാക്സിനുകളെടുത്തും എല്ലാവിധ പരിശോധനയും നടത്തി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുകളുമായെത്തുന്ന പ്രവാസികൾ ക്വാന്റീനിൽ കഴിയണമെന്ന് പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. കോവിഡ് വ്യാപനം കൂടുന്നതിനു കാരണം പ്രവാസികളാണ് എന്നതരത്തിലാണ് സര്ക്കാറുകൾ ക്വാറന്റീന് നിയമം കൊണ്ടുവന്നിരിക്കുന്നത്. നാട്ടിലെ ഔദ്യോഗിക പരിപാടികൾ ഒരു നിയന്ത്രണവുമില്ലാതെ ആഘോഷിക്കുമ്പോഴാണ് എല്ലാ മാദണ്ഡങ്ങളും പാലിച്ച് യാത്ര ചെയ്യുന്ന പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഇത് കടുത്ത വിവേചനമാണ്, അനീതിയാണ്.
തീരുമാനം പിൻവലിക്കണം
(മുസ്അബ് ജമാൽ, പ്രസിഡന്റ്, യാസ്)
ഉത്തരവ് തികച്ചും അശാസ്ത്രീയവും പ്രവാസികളോടുള്ള കടുത്ത അനീതിയുമാണ്. പൊതുവിൽ സർക്കാർ പ്രവാസികളോടു പുലർത്തുന്ന കടുത്ത അവഗണനകൾ നിലനിൽക്കെ, ഇത്തരം തീരുമാനങ്ങൾ വെല്ലുവിളി കൂടിയാണ്. കോവിഡ് നാട്ടിൽ നിയന്ത്രണവിധേയമാക്കാൻ പരാജയപ്പെട്ട സർക്കാർ വീഴ്ച മറക്കാനാണിത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നത്. ഇത്തരം തീരുമാനങ്ങളെ എല്ലാ പ്രവാസി സംഘടനകളും ഒരുമിച്ചുനിന്ന് ചെറുക്കണം, ഒറ്റക്കെട്ടായി പ്രതിഷേധം അറിയിക്കണം.
നിർബന്ധിത ക്വാറന്റീൻ നീതിയല്ല
(ജി. സലിം സേട്ട്- പ്രസിഡന്റ്, ഐ.എം.ഐ സലാല
സംസ്ഥാന സർക്കാർ കേരളത്തിൽ പ്രവാസികൾക്ക് മാത്രമായി ഏർപ്പെടുത്തിയ ക്വാറന്റീൻ അനാവശ്യവും നീതീകരിക്കാനാവാത്തതുമാണ്. യാത്രക്ക് മുമ്പും ശേഷവുമായി രണ്ടുതവണ കോവിഡ് പരിശോധനക്ക് വിധേയരാകുന്ന പ്രവാസികൾ വീണ്ടും ക്വാറന്റീൻ പാലിക്കണമെന്ന വാദം ബാലിശമാണ്. സർക്കാർ പരിപാടികളിൽപോലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവാത്തവർ ഒരു വിഭാഗത്തിനുമേൽ പഴിചാരി മുഖം മിനുക്കാൻ ശ്രമിക്കുകയാണ്. നിയമം ഉടനടി പിൻവലിച്ച് സർക്കാർ വിവേകം കാണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പക്വതയില്ലാത്ത തീരുമാനം
(രാമചന്ദ്രൻ നായർ, സാമൂഹിക നിരീക്ഷകൻ)
പ്രവാസികൾക്കേർപ്പെടുത്തിയ ഏഴു ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീൻ തീർത്തും പക്വതയില്ലാത്ത തീരുമാനമാണ്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നവരാണ് പ്രവാസികൾ. ഗൾഫു നാടുകളിലെ നിയമവ്യവസ്ഥകളെ ബഹുമാനിക്കുകയും അതർഹിക്കുന്ന തരത്തിൽത്തന്നെ ജീവിക്കുകയും ചെയ്യുന്ന വലിയൊരു ജനവിഭാഗത്തെ അശാസ്ത്രീയമായ നിയന്ത്രണങ്ങളിലൂടെ ബുദ്ധിമുട്ടിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടിന് ചേർന്ന നടപടിയായില്ല. കേരളത്തെ സാമ്പത്തികമായി പിടിച്ചുനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നതും പ്രവാസികൾതന്നെ. അവരെയാണ് വികലമായ ഇത്തരം നിബന്ധനകൾ കൊണ്ട് ബുദ്ധിമുട്ടിക്കുന്നത്.
ക്വാറന്റീൻ അംഗീകരിക്കാനാവില്ല
(മുഹമ്മദ് യാസീൻ ഒരുമനയൂർ, സാമൂഹിക പ്രവർത്തകൻ)
എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചെത്തുന്ന പ്രവാസികൾക്ക് കേരളത്തിൽ ഏർപ്പെടുത്തിയ ക്വാറന്റീൻ അംഗീകരിക്കാനാവില്ല. കുറഞ്ഞ കാലത്തിനായി നാട്ടിൽ എത്തുന്ന പ്രവാസികളെ പ്രയാസപ്പെടുത്തുന്നതാണ് പുതിയ തീരുമാനം. മറ്റൊരു ഗൾഫു നാടുകളിലേക്കുമില്ലാത്ത ചാർജ് കൂടെ ഈടാക്കി വിമാനക്കമ്പനികളും ഒമാനിലെ പ്രവാസികളെ പിന്നിൽ നിന്നും കുത്തുന്നു. ഇതെല്ലാം ആരോട് പറയും? ഇതിനെല്ലാം ഒരു അവസാനമുണ്ടാവുമോ? വികലമായ ഇത്തരം നടപടികൾ പിൻവലിക്കാൻ അധികൃതർ തയാറാകണം.
നിലപാട് കടുത്ത അനീതി
(റസാഖ് ചാലിശ്ശേരി, പീപ്ൾസ് കൾചറൽ ഫോറം സലാല)
കേന്ദ്ര-സംസ്ഥാന സര്ക്കാര് നിലപാട് കടുത്ത അനീതിയും നിതീകരണവുമില്ലാത്തതാണ്. ലോകത്ത് എല്ലായിടത്തും, വാക്സിനേഷൻ പൂര്ത്തിയാക്കിയ പ്രവാസിക്ക് ആനുകൂല്യങ്ങള് നൽകുന്നുണ്ട്. സാമൂഹിക അകലത്തിന്റെ ഒരു കണിക പോലും പാലിക്കാതെ പാർട്ടി പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക് മാത്രം എങ്ങനെയാണ് ബാധിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കണം. കോവിഡ് തുടങ്ങിയ കാലം മുതൽ നാട്ടിൽ രോഗികളുടെ എണ്ണം വർധിച്ചാൽ ക്രൂശിക്കപ്പെടുന്നത് പാവം പ്രവാസികളാണ്.
പ്രവാസികളോട് ചെയ്യുന്നത് അനീതി
(പി. ശ്രീകുമാർ -സാമൂഹിക പ്രവർത്തകൻ)
ഏഴുദിവസത്തെ ക്വാറന്റീൻ എന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിബന്ധന തികച്ചും പ്രതിഷേധാർഹമാണ്. ചുരുങ്ങിയ ദിവസത്തെ അവധിക്ക് ഉറ്റവരെയും ഉടയവരെയും കാണാൻ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഇത് വലിയൊരു തിരിച്ചടിയാണ്. കൂടാതെ കോവിഡിന്റെ ഒന്നും രണ്ടും ഘട്ടത്തിലെപ്പോലെ ഭീതിജനകമായ രീതിയിൽ പ്രവാസികളെ നാട്ടുകാർ അകറ്റിനിർത്തുന്ന രീതി വീണ്ടും സംജാതമാകാനിടയുണ്ട്. കേരളത്തിലെ എല്ലാ പൗരന്മാർക്കും ലഭിക്കുന്ന സ്വാതന്ത്ര്യവും പരിഗണനയും പ്രവാസികൾക്ക് മാത്രം നിഷേധിക്കരുത്. സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിന്മാറണം.
ആശ്വാസകരമായ നടപടി വേണം
(സി.കെ. സുനിൽ കുമാർ- അധ്യാപകൻ, സൊഹാർ ഇന്ത്യൻ സ്കൂൾ)
ക്വാറന്റീൻ ഏർപ്പെടുത്തിയത് പ്രവാസികൾക്ക് പ്രയാസമുണ്ടാക്കുന്നത് തന്നെയാണ്. ഒട്ടനവധി പ്രയാസങ്ങൾക്കൊടുവിൽ വളരെ ചുരുങ്ങിയ ദിവസത്തേക്ക് നാട്ടിൽ വരുന്ന പ്രവാസിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ. എന്നാൽ, ഒരു നാടിന്റെ പൊതു നന്മക്കുവേണ്ടി അത്തരം നിയന്ത്രണങ്ങൾ ഒരു ഗവൺമെന്റ് ഏർപ്പെടുത്തുമ്പോൾ നാടിനോട് പ്രതിബദ്ധതയുള്ള പ്രവാസിക്ക് അതിനോട് പുറംതിരിഞ്ഞുനിൽക്കാൻ കഴിയില്ല. പ്രവാസികളെ പലഘട്ടങ്ങളിലും ചേർത്തുപിടിച്ചിട്ടുള്ള കേരള ഗവർമെന്റിൽനിന്ന് കുറേക്കൂടി ആശ്വാസകരമായ നടപടികൾ പ്രതീക്ഷിക്കാം.
തീരുമാനം പുനഃപരിശോധിക്കണം
(അഡ്വ. രഞ്ജിത ലിജു, നാടക പ്രവർത്തക)
പ്രിയപ്പെട്ടവരുടെ അന്ത്യകർമങ്ങൾക്കും ചികിത്സക്കും മറ്റ് ആവശ്യത്തിനുമായി ചെറിയ അവധിക്ക് നാട്ടിൽ പോകുന്നവർക്ക് പ്രയാസമുണ്ടാക്കുന്നതാണ് പുതിയ തീരുമാനം. രണ്ടുവർഷം കോവിഡിന്റെ അതിപ്രസരം ഒമാനിൽ ഉണ്ടായിട്ടുപോലും എന്നെ ബാധിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, ഈയടുത്ത് ലീവിന് നാട്ടിൽ പോയപ്പോൾ കോവിഡ് ബാധിക്കുകയുണ്ടായി. പ്രവാസികളെ തടഞ്ഞതുകൊണ്ട് മാത്രം നാട്ടിലെ കോവിഡ് വ്യാപനം തടയാനാവില്ല. പ്രകടനവും സമ്മേളനവും കല്യാണവും എന്നുവേണ്ട സകലതും ആൾക്കൂട്ടങ്ങളായി രൂപപ്പെടുമ്പോൾ കോവിഡ് ടെസ്റ്റ് ചെയ്തുപോകുന്ന പ്രവാസികളെ തടങ്കലിൽ വെക്കുന്നത് പുനഃപരിശോധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.