മസ്കത്ത്: കൊറോണ വൈറസിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ കൈാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയ സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിക് നിർദേശം നൽകി. കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങൾ എടുത്ത് കളയുകയും രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയും ചെയ്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ സുൽത്താൻ നിർദേശം നൽകിയത്.
മഹാമാരിക്കാലത്ത് ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ സുപ്രീം കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളെ സുൽത്താൻ അഭിനന്ദിച്ചു. അതേസമയം, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിച്ച് ഉചിതമായ നടപടികൾ ആരോഗ്യമന്ത്രാലയം എടുക്കേണ്ട പ്രധാന്യം സുൽത്താൻ ഉണർത്തുകയും ചെയ്തു.
മഹമാരിക്കാലത്തെ പൗരന്മാരുടെയും താമസക്കാരുടെയും സഹകരണം, മെഡിക്കൽ സ്റ്റാഫിന്റെയും ആരോഗ്യ പ്രവർത്തകരുടെയും അർപ്പണബോധം, സിവിൽ, മിലിട്ടറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ, പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർ തുടങ്ങിയവർ നടത്തിയ പരിശ്രമങ്ങളെ സുൽത്താൻ അഭിനന്ദിക്കുകയും ചെയ്തു.
രാജ്യത്തെ കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് മേയ് 22നായിരുന്നു സുപ്രീം കമ്മിറ്റി അവസാനമായി യോഗം ചേർന്നത്. ഈ യോഗത്തിലാണ് രാജ്യത്ത് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞത്. രോഗം പടർന്നു തുടങ്ങിയ 2020 ഫെബ്രുവരിയിലാണ് സുപ്രീം കമ്മിറ്റി രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.