മാവേലിയുടെ വേഷമണിഞ്ഞെത്തിയ ഈജിപ്ഷ്യൻ സ്വദേശി അമീൻ മുഹമ്മദ്

ഓണപ്പുടവയണിഞ്ഞ് പ്രവാസലോകം

ദുബൈ: ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കണമെന്ന പഴഞ്ചൊല്ല് യാഥാർഥ്യമാക്കി പ്രവൃത്തി ദിനത്തിനിടയിലും സമയമുണ്ടാക്കി ഓണത്തെ വരവേറ്റ് പ്രവാസലോകം. വീടകങ്ങളേക്കാൾ കൂടുതൽ ഓഫിസുകളിലും ഹോട്ടലിലുമായിരുന്നു തിരുവോണാഘോഷം. രണ്ടുവർഷത്തിനുശേഷം കോവിഡ് ഭീതിയില്ലാത്ത ഓണം കൂടിയായിരുന്നു ഇത്. എന്നാൽ, പ്രവാസലോകത്തെ യഥാർഥ ആഘോഷങ്ങൾ തുടങ്ങുന്നത് അവധി ദിനമായ ഞായറാഴ്ച മുതലാണ്. ഇനിയുള്ള എല്ലാ ഞായറാഴ്ചകളിലും ഓണപ്പരിപാടികളും ഓണസദ്യകളുമൊരുങ്ങുന്നുണ്ട്.

ദുബൈ നഗരത്തിലെ പലയിടത്തും മുണ്ടുടുത്തവരും കസവ് ചുറ്റിയവരും ഓണത്തിന്‍റെ ചന്തമൊരുക്കി നിറഞ്ഞുനിന്നു. നീണ്ട ഇടവേളക്കുശേഷം സാമൂഹിക അകലമില്ലാതെ ചേർന്നിരുന്ന് ഓണമുണ്ണാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലായിരുന്നു പലരും. ഓഫിസ് ജീവനക്കാരുടെ ഒഴുക്ക് മുൻകൂട്ടിക്കണ്ട് ചെറിയ ഹോട്ടലുകൾ പോലും സദ്യക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയിരുന്നു. ഉച്ചക്കുമുമ്പേ റസ്റ്റാറന്‍റുകൾക്കുമുന്നിൽ സദ്യക്കായുള്ള ക്യൂ രൂപപ്പെട്ടു. ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്ത് ഓണസദ്യ വീട്ടിലും ഓഫിസിലുമെത്തിച്ചവരുമുണ്ട്. പകൽ ജോലി കഴിഞ്ഞ് രാത്രിയിലായിരുന്നു കുടുംബങ്ങളുടെ ഒത്തുചേരൽ. മലയാളികൾക്ക് പുറമെ ഇതര നാട്ടുകാരും സദ്യയുണ്ട് ഓണമാഘോഷിച്ചു. ലീവ് കിട്ടിയവർ കുടുംബത്തോടൊപ്പവും അവധി കിട്ടാത്തവർ ഓഫിസിനുള്ളിലും ആഘോഷം കൊണ്ടാടി. മലയാളികളല്ലാത്തവരുടെ സ്ഥാപനങ്ങളിൽപോലും ഓണപ്പൂക്കളമൊരുക്കി. കസവുമുണ്ടും സാരിയുമുടുത്താണ് മലയാളി ജീവനക്കാർ ഓഫിസിലെത്തിയത്.

അൽഅറബി മാവേലി

ഷാർജ: ഓണദിനത്തിലെ വ്യത്യസ്തമായ കാഴ്ചയായിരുന്നു അറബി മാവേലി. ഷാർജയിലെ സ്വകാര്യ സ്ഥാപനം നടത്തിയ ഓണാഘോഷപരിപാടിയിലാണ് സ്ഥാപനത്തിലെ ജീവനക്കാരനായ ഈജിപ്ഷ്യൻ സ്വദേശി അമീൻ മുഹമ്മദ് മാവേലിയുടെ വേഷമണിഞ്ഞത്. പുലിക്കളിയുടെ അകമ്പടിയോടെ ആഡംബരക്കാറിൽ വന്നിറങ്ങിയ അമീനെ 'മാവേലി ഹബീബി... വെൽകം ടു യു.എ.ഇ' എന്ന് ആർപ്പുവിളിച്ചാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാർ വരവേറ്റത്. ജാതി മതഭാഷാഭേദമന്യേ ഒരുമിക്കുന്ന മലയാളികളുടെ ഓണാഘോഷത്തിൽ മാവേലിയുടെ വേഷമണിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അമീൻ പറഞ്ഞു.

Tags:    
News Summary - Expats celebrated Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.