നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 170 ആയി

കാഠ്മണ്ഡു: അയൽ രാജ്യമായ നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ മരണ സംഖ്യ 170 ആയെന്ന് അധികൃതർ. ഇതു സംബന്ധിച്ച റിപ്പോർട്ട് നേപ്പാൾ ആഭ്യന്തര ​മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ടു. തലസ്ഥാനമായ കാഠ്മണ്ഡു ഉൾപ്പെടെ വിവിധ ജില്ലകളെ ബാധിച്ച വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയുടെ ഏറ്റവും പുതിയ വിവരം ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം തിവാരി ഞായറാഴ്ച പുറത്തുവിട്ടതായി ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ദുരന്തങ്ങളിൽ 111 പേർക്ക് പരിക്കേറ്റതായും 4,000ത്തോളം പേരെ രക്ഷപ്പെടുത്തിയതായും മന്ത്രാലയം ഞായറാഴ്ച സ്ഥിരീകരിച്ചു. സുരക്ഷാ ഏജൻസികളെ വിന്യസിച്ചതോടെ തിരച്ചിൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ ഊർജിതമാക്കിയതായി ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കാവ്രെ, സിന്ധുലി, ലളിത്പൂർ ജില്ലകളിൽ പരിക്കേറ്റവരോ ഒറ്റപ്പെട്ടവരോ ആയ 162 പേരെ നേപ്പാളി ആർമി ഹെലികോപ്ടറുകൾ രക്ഷപ്പെടുത്തി. പരിക്കേറ്റവർ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിലെ ജലവൈദ്യുത നിലയങ്ങൾക്കും ജലസേചന സൗകര്യങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായി മന്ത്രാലയം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

നിർമ്മാണത്തിലിരിക്കുന്ന 15 ജലവൈദ്യുത നിലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി നിലയങ്ങളും ട്രാൻസ്മിഷൻ ലൈനുകളും തകരാറിലായതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കേടായ പവർ പ്ലാന്റുകൾ നന്നാക്കാൻ സമയമെടുക്കുന്നതിനാൽ വരാനിരിക്കുന്ന ശൈത്യകാലത്ത് രാജ്യത്തിന് ആവശ്യമായ വൈദ്യുതി കൈകാര്യം ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി മാനേജിംഗ് ഡയറക്ടർ കുൽമാൻ ഗിസിംഗ് പറഞ്ഞു.

നേപ്പാളിലെ 80 ദേശീയ പാതകളിൽ 47 എണ്ണവും തടസ്സപ്പെട്ടതായി ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ട്രാൻസ്‌പോർട്ട് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Death toll in Nepal floods and landslides rises to 170

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.