ദുബൈ: സ്കൂൾ തുറക്കാനിരിക്കെ രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്ക് 7000 സൗജന്യ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നു. ‘ബാക് ടു സ്കൂൾ’ പദ്ധതിയുടെ ഭാഗമായി ദുബൈ കെയേഴ്സ്, ഡി.പി വേൾഡുമായി സഹകരിച്ചാണ് സംരംഭം നടപ്പിലാക്കുന്നത്. ലോക ജീവകാരുണ്യദിനമായ ശനിയാഴ്ച പദ്ധതിയിൽ വിതരണം ചെയ്യുന്ന വിതരണം ചെയ്യുന്ന കിറ്റുകൾ തയ്യാറാക്കുന്നതിന് 500ഓളം വളണ്ടിയർമാർ ഒരുമിച്ചുകൂടി. ജബൽഅലി ഡി.പി വേൾഡ് ജഫ്സ കൺവെൻഷൻ സെൻററിലാണ് വളണ്ടിയർമാർ കിറ്റുകൾ ഒരുക്കിയത്. ഇവ ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ കുട്ടികൾക്കിടയിൽ വിതരണം ചെയ്യും.
പേന, പെൻസിൽ, മാർക്കർ, നോട്ട്ബുക്കുകൾ, സ്കൂൾ ബാഗ്, പൗച് തുടങ്ങിയവ അടങ്ങിയതാണ് കിറ്റുകൾ. ആണകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ രീതിയിലുള്ള കിറ്റുകൾ തന്നെ ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും ഏറ്റവും മികച്ച ഉൽപന്നങ്ങൾ തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പു വരുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും വളണ്ടിയർമാർ ഓരോ വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പുവരുത്തിയാണ് പാക്കിങ് പൂർത്തിയാക്കിയതെന്നും ദുബൈ കെയേഴ്സ് സി.ഇ.ഒ അബ്ദുല്ല അഹ്മദ് അൽ ശെഹി പറഞ്ഞു.
കിറ്റുകൾ വിവിധ ജീവകാരുണ്യ സംരംഭങ്ങൾ വഴിയാണ് ഗുണഭോക്താക്കളിലേക്ക് എത്തിക്കുക. ഈ കൂട്ടായ്മകളാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ കണ്ടെത്തുക. ഗുണഭോക്താക്കളുടെ പേരുവിവരങ്ങൾ പൂർണമായും രഹസ്യമാക്കിവെക്കും. അതോടൊപ്പം കിറ്റുകളിൽ പദ്ധതിയുടെ പേരോ ലോഗോയോ ഒന്നും തന്നെ ഉപയോഗിക്കുകയുമില്ല. ഇതുവഴി കുട്ടികളുടെ അഭിമാനത്തിന് ക്ഷതംവരുന്ന സാഹചര്യം ഒഴിവാക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. കിറ്റുകൾ ഒരുക്കാൻ ആവശ്യമായിരുന്ന വളണ്ടിയർമാർ 100പേരായിരുന്നുവെന്നും, എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ അഞ്ചിരട്ടി പേരാണ് എത്തിയതെന്നതിൽ ആഹ്ലാദമുണ്ടെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.