'വിജയത്തിൽനിന്ന് ഒരാളും ഒരു പാഠവും പഠിക്കില്ല. പരാജയത്തിൽനിന്നേ പാഠങ്ങളുണ്ടാകൂ'- ചുങ്കത്തറ തലപ്പള്ളി പെരുന്നാളിന് അവതരിപ്പിച്ച ജീവിതത്തിലെ ആദ്യ ജാലവിദ്യ പരാജയപ്പെട്ടപ്പോൾ പതറിപ്പോയ 10 വയസ്സുകാരൻ ഗോപിനാഥിന് പിതാവ് കുഞ്ഞുണ്ണിനായർ നൽകിയ ഉപദേശമാണിത്. ഇനി മാജിക്കിലേക്കില്ലെന്ന് തീർത്തുപറഞ്ഞ മകനെ നെഞ്ചോട് ചേർത്ത് പിതാവ് നൽകിയ ധൈര്യമാണ് പിന്നീട് ഗോപിനാഥ് മുതുകാട് എന്ന പ്രശസ്ത മാന്ത്രികനെ സൃഷ്ടിച്ചെടുത്തത്. അതുകൊണ്ടു തന്നെ, മനസ്സ് ഇടറി നിൽക്കുന്ന കുട്ടികളെ എങ്ങനെ കൈപിടിച്ചുയർത്തണമെന്ന് മുതുകാടിന് നന്നായി അറിയാം. പിതാവിൽനിന്നും അനുഭവത്തിൽനിന്നും പകർന്നു കിട്ടിയ ജീവിതപാഠങ്ങൾ പുതുതലമുറയിലേക്ക് കൈമാറുന്ന മലയാളത്തിന്റെ പ്രിയ മാന്ത്രികൻ ഫെബ്രുവരി ഏഴിന് യു.എ.ഇയിലെ കുട്ടികളുമായും സംവദിക്കാനെത്തുന്നു.
ദുബൈ മുഹൈസിന ഇത്തിസാലാത്ത് അക്കാദമിയിൽ നടക്കുന്ന 'ഗൾഫ് മാധ്യമം'എജുകഫേയിലെ മുഖ്യാതിഥികളിൽ ഒരാളാണ് ഗോപിനാഥ് മുതുകാട്. കുട്ടികൾക്കായി പ്രഫഷനൽ മാജിക്കിനോട് വിടപറഞ്ഞയാളാണ് മുതുകാട്. ഭിന്നശേഷി കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള അക്കാദമിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻവേണ്ടിയാണ് പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യ മുതുകാട് ഉപേക്ഷിച്ചത്. എങ്കിലും, കേരളത്തിന് അന്നും ഇന്നും മജീഷ്യൻ എന്നാൽ മുതുകാടാണ്. അതുകഴിഞ്ഞേ ആരും വരൂ. കുട്ടികളുടെ നന്മക്കും ക്ഷേമത്തിനും വളർച്ചക്കുമായി ഒരുപാട് സ്വപ്നങ്ങളും പേറിനടക്കുന്നയാളാണ്. മനസ്സിന്റെ മായാജാലത്തിലൂടെ അവരെ അടുത്തറിയാനുള്ള കഴിവ് മുതുകാടിനുണ്ട്. അതുകൊണ്ടുതന്നെ, കുട്ടികളുടെ മനസ്സറിഞ്ഞുള്ള സെഷനായിരിക്കും എജുകഫേയിൽ മുതുകാട് അവതരിപ്പിക്കുക. അവരുടെ മനസ്സിന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും പങ്കുവെക്കുമ്പോൾ, അത് രക്ഷിതാക്കൾക്കുള്ള മാർഗനിർദേശങ്ങൾ കൂടിയാകും.
കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തി മുതുകാടിനെ യുനിസെഫിന്റെ 'സെലിബ്രിറ്റി സപ്പോർട്ടറായി'പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് ഒരു മലയാളി ഈ നേട്ടത്തിലേക്ക് എത്തിയത്. മാജിക്കിലൂടെ വിദ്യാർഥികൾക്കിടയിൽ നിരവധി അവബോധ പ്രവർത്തനങ്ങൾ നടത്തി. ആത്മകഥ ഉൾപ്പെടെ ഒരുപിടി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. കുട്ടികൾക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്നു നൽകാൻ തിരുവനന്തപുരത്ത് മാജിക് പ്ലാനറ്റ് ആരംഭിച്ചതും മുതുകാടാണ്. കഴക്കൂട്ടത്ത് കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിലാണ് ഈ സ്ഥാപനം. കേരളത്തിലെ ആദ്യ മാജിക് അക്കാദമി തിരുവനന്തപുരത്ത് തുടങ്ങിയ മുതുകാട് ഭിന്നശേഷി കുട്ടികൾക്കായി ലോകോത്തര സ്ഥാപനം നിർമിക്കാനുള്ള ഒരുക്കത്തിലാണ്. നിരവധി ടി.വി ഷോകളുടെ അവതാരകനാണ്.
മജീഷ്യൻമാരുടെ ഓസ്കർ എന്നറിയപ്പെടുന്ന മെർലിൻ അവാർഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2019ൽ സാൻ ഫ്രാൻസിസ്കോ യൂനിവേഴ്സിറ്റി 21ാം നൂറ്റാണ്ടിലെ ലീഡറായി മുതുകാടിനെ തെരഞ്ഞെടുത്തു. 'Moulding minds magically'എന്ന വിഷയത്തിലാണ് അദ്ദേഹം എജുകഫേയിൽ കുട്ടികളോട് സംവദിക്കുക. myeducafe.com എന്ന സൈറ്റ് വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് എജുകഫേയിലെത്തി മുതുകാടിന്റെ സെഷനിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.