റിയാദ്​ നഗര വികസന പദ്ധതിയെ കുറിച്ച്​ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ആഗോള നിക്ഷേപ സംഗമത്തിൽ സംസാരിക്കുന്നു

റിയാദിനെ ലോകോത്തര നഗരമാക്കാൻ സമഗ്ര പദ്ധതിയുമായി കിരീടാവകാശി

ദമ്മാം: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലോകോത്തര നഗരമാക്കി മാറ്റാൻ സമഗ്ര പരിഷ്​കരണ പദ്ധതികൾ പ്രഖ്യാപിച്ച്​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. റിയാദിൽ നടന്ന ദ്വിദിന നാലാമത്​ ആഗോള നിക്ഷേപ സംഗമത്തിൽ, 'റിയാദി​െൻറ ഭാവി' എന്ന ശീർഷകത്തിൽ ഇറ്റാലിയുടെ മുൻ പ്രധാനമന്ത്രി മാറ്റിയോ റൻസിയുമായുള്ള സംഭാഷണത്തിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള തലത്തിൽ ഏറ്റവും മുൻനിരയിലുള്ള ആദ്യ 10 സാമ്പത്തിക നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുക എന്നതാണ് സവിശേഷമായ ലക്ഷ്യങ്ങളിലൊന്ന്.

നിലവിൽ അന്താരാഷ്‌ട്ര തലത്തിലുള്ള ഏറ്റവും വലിയ 40 സാമ്പത്തിക നഗരങ്ങളിലൊന്നാണ് റിയാദ്. പുതിയ സാമ്പത്തിക മേഖലകൾ സ്ഥാപിക്കൽ, വിവിധ മേഖലകളിലെ സാമ്പത്തിക നിക്ഷേപങ്ങൾ, വിനോദ സഞ്ചാര രംഗത്തെ വികസനം, പരിസ്ഥിതി സംരക്ഷണം, നഗര സൗന്ദര്യവൽക്കരണം, തൊഴിൽ മേഖലകൾ സൃഷ്‌ടിക്കൽ തുടങ്ങിയ റിയാദ് നഗരത്തി​െൻറ മുഖച്ഛായ മാറ്റുന്ന സമഗ്ര പാക്കേജാണ് യാഥാർഥ്യമാവുക. നാല് മാസങ്ങൾക്കുള്ളിൽ തന്നെ ഇതു സംബന്ധിച്ച മാർഗരേഖയനുസരിച്ചുള്ള കൂടുതൽ വ്യക്തമായ നടപടിക്രമങ്ങൾ ഉണ്ടാവും.

റിയാദ് നഗരവാസികളുടെ ജീവിത നിലവാരം ഉയർത്താനും സുസ്ഥിര വികസനം സാധ്യമാക്കാനും ഉതകുന്നവിധമാണ് പദ്ധതിയുടെ ആസൂത്രണം. സാങ്കേതിക വിദ്യയിലും വിദ്യാഭ്യാസത്തിലും മുന്നിട്ട് നിൽക്കുന്ന തലമുറയെ വാർത്തെടുക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുക എന്നതും മുഖ്യ ലക്ഷ്യങ്ങളിൽ പെടും. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തോളം ജനങ്ങൾ താമസിക്കുന്ന റിയാദിൽ കൂടുതൽ മികച്ച ഭൗതിക സൗകര്യങ്ങളോട്​ കൂടിയ പാർപ്പിട പദ്ധതികൾ കൊണ്ടുവരും. 20 ദശലക്ഷത്തോളം ജനങ്ങളെ ഉൾക്കൊള്ളും വിധമുള്ള പാർപ്പിട സമുച്ചയങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

നഗര സൗന്ദര്യ വൽക്കരണത്തി​െൻറ ഭാഗമായി ദശലക്ഷക്കണക്കിന് മരങ്ങളും തണൽ വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കും. ഇതുവഴി, വേനൽക്കാലത്തെ കടുത്ത ചൂടിന് ശമനമാവുകയും പൊടിക്കാറ്റിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാവുമെന്നുമാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സൗദി ആഭ്യന്തര സമ്പദ് ഘടനയിൽ നാല് ലക്ഷം കോടി റിയാൽ നിക്ഷേപിക്കുന്ന പൊതുനിക്ഷേപ നിധി കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു. കിരീടാവകാശിയുടെ കീഴിൽ, വിഷൻ 2030​െൻറ ചുവടുപിടിച്ച് മുന്നേറുന്ന രാജ്യ തലസ്ഥാനത്തി​െൻറ ഗുണാപ്രദമായ സർവതോന്മുഖ വികസനത്തിന് ഈ സമഗ്ര പദ്ധതി ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.