ജിദ്ദ: റെഡ് കാറ്റഗറിയിലുള്ള ബഖാലകൾക്ക് നിശ്ചയിച്ച പുതിയ നിബന്ധകൾ പാലിക്കുന്നതിന് നടത്തിപ്പുകാർക്ക് അനുവദിച്ച സമയപരിധി അവസാനിച്ചതായി മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് പേയ്മെൻറ് സംവിധാനം, ലൈസൻസ്, എല്ലാ ഉൽപന്നങ്ങളിലും വില രേഖപ്പെടുത്തൽ, നിരീക്ഷണ കാമറ ഘടിപ്പിക്കൽ, ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് എന്നിവയാണ് നിബന്ധനകൾ. ഇൗ ചട്ടങ്ങൾ പാലിക്കാത്തതിരിക്കൽ നിയമലംഘനമായി കണക്കാക്കും.
മുനിസിപ്പാലിറ്റിയുടെ നിരീക്ഷണ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നിയലംഘനം തെളിഞ്ഞാൽ ഉടനെ പിഴയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ ഏർപ്പെടുത്തുന്ന നിബന്ധനകൾ ശരിയാക്കുന്നതിനുള്ള സമയപരിധി 2021 ജൂൺ 29 ആണ്. ഇലക്ട്രോണിക് ബില്ല് സംവിധാനം സജ്ജീകരിക്കുക, കടയുടെ ഉൾഭാഗമെല്ലാം പുറത്തുനിന്ന് നോക്കിയാൽ കാണുന്ന രൂപത്തിലാക്കുക, പുറം വാതിൽ അകം കാണുന്നവിധത്തിൽ സുതാര്യവും വലിച്ചു തുറക്കാൻ കഴിയുന്നതുമായിരിക്കുക, കടയ്ക്കുള്ളിൽ മതിയായ വെളിച്ച സംവിധാനം ഉറപ്പാക്കുക, നിലം, മേൽതട്ട്, ചുവരുകൾ, അലമാരകൾ, സ്റ്റോറേജ് എന്നിവയുടെ ശുചിത്വം നിരന്തരം പരിപാലിക്കുക എന്നിവയാണ് രണ്ടാംഘട്ടത്തിലെ നിബന്ധനകൾ.
ഇതിനു പുറമെ ഫ്രീസറുകൾക്ക് ചുറ്റും വ്യത്തിയുണ്ടാകുക, അലമാരകൾ തമ്മിൽ ഏറ്റവും കുറഞ്ഞ അകലം പാലിക്കുക, ശുചീകരണ ഉപകരണങ്ങളും വസ്തുക്കളും ഭക്ഷ്യവസ്തുക്കളിൽ നിന്ന് അകലെ സൂക്ഷിക്കുക, അഗ്നിശമന സംവിധാനം (തീകെടുത്താൻ സഹായിക്കുന്ന സിലിണ്ടർ), ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ കടയിൽ സജ്ജീകരിക്കുക എന്നിവയും രണ്ടാംഘട്ടത്തിലെ നിബന്ധനയിലുണ്ട്.
വിവിധ ഗവൺമെൻറ് ഏജൻസികളുമായി സഹകരിച്ച് തയ്യാറാക്കിയ പുതിയ നിബന്ധനകൾ ചെറുകിട പലവ്യജ്ഞന വ്യാപാര മേഖലയെ നിയന്ത്രിക്കാനും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും ഗുണനിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണെന്ന് മന്ത്രാലയം വിശദീകരിച്ചു. മുഴുവൻ ബഖാല ഉടമകളും പുതിയ നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. കഴിഞ്ഞ വർഷം ജൂലൈയിലാണ് പുതിയ നിബന്ധനകൾ മുനിസിപ്പൽ മന്ത്രാലയം പ്രഖ്യാപിച്ചത്.
നിലവിലെ ബഖാല ഉടമകൾക്ക് സമയപരിധി നൽകി ഘട്ടങ്ങളായാണ് നടപ്പാക്കിവരുന്നത്. റെഡ് സോണിലുള്ള ബഖാലകൾക്ക് നിശ്ചയിച്ച കാലാവധിയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. പുതിയ ബഖാലക്കോ സൂപർമാർക്കറ്റുകൾക്കോ വേണ്ടി ലൈൻസിനായി അപേക്ഷിക്കുന്നവർക്കും ഇൗ പുതിയ നിബന്ധനകൾ ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.