മനാമ: 28 ദശലക്ഷം ദീനാറിന്റെ 19 പുതിയ പ്രോജക്ടുകൾക്കുള്ള ടെൻഡറുകൾ കഴിഞ്ഞ മാസം ടെൻഡർ ആൻഡ് ലേല ബോർഡ് നൽകിയതായി പൊതുമരാമത്ത് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. മന്ത്രാലയത്തിന്റെ 16 എണ്ണത്തിനും ടെൻഡർ നൽകിയതായി അണ്ടർ സെക്രട്ടറി ശൈഖ് മിഷാൽ ബിൻ മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. റോഡുകൾക്കും ശുചീകരണ മേഖലകൾക്കും നിർമാണ, പരിപാലന മേഖലകൾക്കുമായി 20 ദശലക്ഷം ദീനാർ ചെലവിടും.
അടിസ്ഥാന സൗകര്യ വികസനം, പൗരന്മാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള സേവനപരിപാടികൾ എന്നിവയുടെ ഭാഗമായുള്ളതാണ് ടെൻഡറായ പദ്ധതികൾ. ഈ പദ്ധതികൾ രാജ്യസമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറേറ്റുകളിലുടനീളമുള്ള വിവിധ പദ്ധതികൾക്കായി 28,019,620 ദീനാറിന്റെ 19 ടെൻഡറുകളാണ് ജൂലൈയിൽ നൽകിയത്.
ശുചീകരണം, നിർമാണം, പരിപാലനം എന്നീ മേഖലകൾക്ക് 20,211,791 ദീനാർ ചെലവ് കണക്കാക്കുന്നു.ഇസ ടൗണിലെ ബ്ലോക്ക് 840, 841 എന്നിവയിലെ ബഹ്റൈൻ യൂത്ത് അവന്യൂവിന്റെ രണ്ടാം ഘട്ട വികസനം, റിഫയിലെ 935, 939 ബ്ലോക്കുകളിലെ അൽ ഹാജിയാത്ത് സ്ട്രീറ്റിന്റെയും ജിദ്ദ സ്ട്രീറ്റിന്റെയും നിർമാണം,
സാനിറ്ററി ശൃംഖലയുടെ വികസനം എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ശുചിത്വ മേഖലയിലെ അഞ്ച് പ്രോജക്ടുകൾക്ക് 19,282,434 ദീനാർ അനുവദിച്ചു. ഹമദ് ടൗണിൽനിന്ന് ശുദ്ധീകരിച്ച മലിനജലം ബുരിയിലേക്ക് എത്തിക്കുന്ന ലൈൻ നിർമാണവുമതിലുൾപ്പെടും. നോർത്ത് സിത്രയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് വിപുലീകരിക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.