മനാമ: മനുഷ്യക്കടത്തിലെ ഇരകള്‍ക്കായി സംരക്ഷണ കേന്ദ്രം തുറന്നു. മേഖലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ വിപുലമായ ഒരു കേന്ദ്രം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വരുന്നത്.
വിദേശ കാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയുടെ രക്ഷാ കര്‍തൃത്വത്തില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ സംബന്ധിച്ചു.
ഖമീസില്‍ സ്ഥാപിച്ച ബഹുനില കേന്ദ്രം ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി(എല്‍.എം.ആര്‍.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉസാമ അല്‍ അബ്സി ഉദ്ഘാടനം ചെയ്തു.
ആഭ്യന്തരം, ആരോഗ്യം, തൊഴില്‍, സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് കേന്ദ്രം യാഥാര്‍ഥ്യമായത്. ‘ബഹ്റൈന്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സൊസൈറ്റി’, ‘മൈഗ്രന്‍റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി’ എന്നിവയുടെ സഹകരണത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.
എല്‍.എം.ആര്‍.എയുടെ പിന്തുണയോടെ ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി സംരക്ഷണ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഇവിടെ ഏഴു ഭാഷകളില്‍ ഹെല്‍പ് ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ഉസാമ അല്‍ അബ്സി പറഞ്ഞു.
മനുഷ്യക്കടത്തിന്‍െറ ഇരകള്‍ക്കാണ് അഭയകേന്ദ്രം ഒരുക്കിയതെങ്കിലും അതിലേക്ക് ഇരകള്‍ എത്തുന്ന സാഹചര്യം തുടച്ചുനീക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം.
ഇരകള്‍ക്ക് മറ്റുതരത്തിലുള്ള ചൂഷണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. ഇത്തരം വിഷയങ്ങളില്‍ ഭരണാധികാരികള്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് ഈ കേന്ദ്രം യാഥാര്‍ഥ്യമാകുന്നതിലൂടെ പ്രതിഫലിക്കുന്നത്. രാജ്യത്തെ പൊതുസമൂഹം, സര്‍ക്കാറിതര സംഘടനകള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടങ്ങിയവരുടെ സാമൂഹിക ഉത്തരവാദിത്തമാണ് ഇവിടെ പ്രതിഫലിക്കുന്നത്.
പ്രവാസി സംരക്ഷണ യൂണിറ്റ്, പരാതി സ്വീകരിച്ച് എംബസികളുമായി ആശയ വിനിമയം നടത്തുന്നതിനുള്ള ഡയറക്ടറേറ്റ്, പ്രവാസി സേവന വിഭാഗം, നിയമ സഹായ സെല്‍, എല്‍.എം.ആര്‍.എയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
മനുഷ്യക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇരകള്‍ക്ക് സഹായം ലഭ്യമാക്കുന്നതിനും വിവിധ മേഖലയില്‍ പരിശീലനം നല്‍കുന്നതിനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തിര സഹായ കേന്ദ്രം, ഏഴുഭാഷകള്‍ കൈകാര്യം ചെയ്യുന്ന വളണ്ടിയര്‍മാര്‍, സഹായത്തിനായി ഹെല്‍പ്ലൈന്‍ സൗകര്യം, മൂന്നു സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് ആരോഗ്യ-മനശാസ്ത്ര സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുമെന്നും ഉസാമ കൂട്ടിച്ചേര്‍ത്തു.
ഇരകളെ മാന്യമായി പരിഗണിച്ച് എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതായിരിക്കും ഇവിടുത്തെ രീതി.
120 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കേന്ദ്രത്തില്‍ അടിയന്തിര സാഹചര്യത്തില്‍ 200 പേരെവരെ പാര്‍പ്പിക്കാനാകും.
ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നു കുറ്റകൃത്യ വിരുദ്ധ സമിതിയുടെ ബഹ്റൈനിലെ ഓഫീസുമായുള്ള ആശയ വിനിമയത്തിനും സംവിധാനമൊരുക്കിയിട്ടുണ്ട്.
മനുഷ്യക്കടത്തിനെതിരായബോധവത്കരണത്തിനായി 14 അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി പദ്ധതി നടപ്പാക്കാന്‍ യു.എന്‍ സമിതി സന്നദ്ധമായിട്ടുണ്ട്. സംരക്ഷണ കേന്ദ്രത്തിന് എല്ലാ വിധ പിന്തുണയും നല്‍കുന്ന വിദേശ കാര്യമന്ത്രിക്ക് ഉസാമ പ്രത്യേക നന്ദി പറഞ്ഞു.
യു.എന്‍ സമിതി മേഖലാ പ്രതിനിധി ഡോ. ഹത്തേം അലിയും പരിപാടിയില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.