കേരളീയ സമാജം തെരഞ്ഞെടുപ്പില്‍  വിചിത്ര സഖ്യങ്ങള്‍ വരുന്നു

മനാമ: കേരളീയ സമാജം തെരഞ്ഞെടുപ്പില്‍ വിചിത്ര സഖ്യങ്ങള്‍ രൂപപ്പെടുന്നു. കാലങ്ങളായി ഇരുപക്ഷങ്ങളിലായി നിലയുറപ്പിച്ച ഗ്രൂപ്പുകളാണ് ശാക്തിക ബലാബലത്തിലെ സംശയം മൂലം പുതിയ സഖ്യങ്ങള്‍ തേടുന്നത്. 
ബഹ്റൈന്‍ മലയാളികളുടെ നിര്‍ണായക സ്വാധീനമുള്ള ഇന്ത്യന്‍ സ്കൂളിനെയും മലയാളികളുടെ സ്വന്തം കേന്ദ്രമായ കേരളീയ സമാജത്തിനെയും ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന സമവാക്യങ്ങളും കൂട്ടായ്മകളുമാണ് ഈ രണ്ടു സ്ഥലങ്ങളിലെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ പി.വി.രാധാകൃഷ്ണപിള്ളയും നേരത്തെ അദ്ദേഹത്തിനെതിരെ കടുത്ത നിലപാടെടുത്തിരുന്ന എബ്രഹാം ജോണിന്‍െറ നേതൃത്വത്തിലുള്ള യു.പി.പിയുമായുള്ള സഖ്യത്തിനാണ് ഇപ്പോള്‍ സാധ്യത തെളിഞ്ഞിരിക്കുന്നത്. 
ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പി.വി.രാധാകൃഷ്ണ പിള്ള, സമാജം പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, ‘ജ്വാല’ നേതാവും സമാജം സീനിയര്‍ അംഗവുമായ എം.പി.രഘു എന്നിവര്‍ യു.പി.പി സംഘവുമായി ചര്‍ച്ച നടത്തി. എബ്രഹാം ജോണ്‍, റഫീഖ് അബ്ദുല്ല, രാമനുണ്ണി, ജ്യോതി മേനോന്‍, സേവി മാത്തുണ്ണി,ലാലു, അജയകൃഷ്ണന്‍  എന്നിവരാണ് യു.പി.പിയില്‍ നിന്ന് സംബന്ധിച്ചത്. യു.പി.പിക്ക് ഇന്ത്യന്‍ സ്കൂള്‍ കേന്ദ്രീകരിച്ച പ്രശ്നങ്ങളിലും അതിന്‍െറ രാഷ്ട്രീയത്തിലുമാണ് അടിസ്ഥാനപരമായി താല്‍പര്യം. 
കെ.ജനാര്‍ദ്ദനന്‍ പ്രസിഡന്‍റും ഷാജി കാര്‍ത്തികേയന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള യുനൈറ്റഡ് പാനലിന്‍െറ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പങ്കെടുത്തതും ചേരികള്‍ കൂടുതല്‍ വ്യക്തമാക്കാനുള്ള അവസരമായി യു.പി.പി മാറ്റുകയായിരുന്നു. 
സമാജം തെരഞ്ഞെടുപ്പില്‍ അനുകൂല നിലപാടെടുക്കുമ്പോള്‍, വിജയിച്ചാല്‍ കേരളീയ സമാജത്തില്‍ യു.പി.പിയില്‍ പെട്ടവര്‍ക്കെല്ലാം അംഗത്വവും ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പില്‍ സഹകരണവുമാണ് യു.പി.പി, പി.വി.രാധാകൃഷ്ണപിള്ളയോട് ആവശ്യപ്പെടുന്നത്. രാധാകൃഷ്ണപിള്ള വിഭാഗത്തിനാകട്ടെ, സമാജം മാത്രമാണ് ലക്ഷ്യം. 
ഇതുസംബന്ധിച്ച് ഈ മാസം 28ന് യു.പി.പി യോഗം ചേരുന്നുണ്ട്. യു.പി.പിയുടെ തന്നെ നേതൃനിരയിലുള്ള ചിലര്‍ക്ക് ഈ സംഖ്യത്തിനോട് വിയോജിപ്പുള്ളതായി അറിയുന്നു. 
28ന്‍െറ യോഗത്തില്‍ നിലപാട് സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് യു.പി.പി നേതാവ് അജയകൃഷ്ണന്‍ പറഞ്ഞു. പുതിയ സഖ്യം ഫലം കാണുകയാണെങ്കില്‍, സമാജത്തിലും ഇന്ത്യന്‍ സ്കൂളിലും ഒരു സമവാക്യം എന്ന അവസ്ഥ നിലവില്‍ വരാന്‍ സാധ്യതയുണ്ട്. പുതിയ നീക്കം തികഞ്ഞ രാഷ്ട്രീയ അവസരവാദവും പാപ്പരത്തവുമാണെന്ന് ഷാജി കാര്‍ത്തികേയന്‍ ആരോപിച്ചു. പരാജയ ഭീതിയാണ് ഇത്തരം നീക്കങ്ങള്‍ക്കുപിന്നില്‍. 
ആദര്‍ശം വിട്ട സഖ്യങ്ങള്‍ക്ക് തങ്ങളില്ളെന്നും അദ്ദേഹം പറഞ്ഞു. ഇത് വിചിത്ര സഖ്യമാണെന്നും പരാജയഭീതിയാണ് ഇതിനുപിന്നിലെന്നും പ്രിന്‍സ് നടരാജനും പറഞ്ഞു. 
ബഹ്റൈന്‍ പ്രതിഭയുടെയും ഒ.ഐ.സി.സിയുടെയും മറ്റും പിന്തുണ ഇതിനകം പി.വി.രാധാകൃഷണപിള്ള വിഭാഗം ഉറപ്പിച്ചിട്ടുണ്ട്. പ്രതിഭയുടെ നേതാവുകൂടിയായ എന്‍.കെ.വീരമണിയാണ് ഇവരുടെ ജന.സെക്രട്ടറി സ്ഥാനാര്‍ഥി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.