ധനശേഖരണത്തിന് നേരത്തെ അനുവാദം വാങ്ങണമെന്ന് നിര്‍ദേശം

മനാമ: ജീവകാരുണ്യ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകള്‍ സ്വീകരിക്കുന്നതിന് മുന്‍കൂട്ടി അനുവാദം വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന് സാമൂഹിക സംഘടനകളോട് തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയത്തിലെ സാമൂഹിക ക്ഷേമകാര്യ അണ്ടര്‍ സെക്രട്ടറി ഖാലിദ് അബ്ദുറഹ്മാന്‍ ഇസ്ഹാഖ് ആവശ്യപ്പെട്ടു. 
ഫണ്ട് ശേഖരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. വ്യക്തതയില്ലാത്തതും അനാവശ്യവുമായ കാര്യങ്ങള്‍ക്കുള്ള ധനശേഖരണം  ഒഴിവാക്കുകയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. രാജ്യത്തിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായ കാര്യങ്ങള്‍ക്കായി സമ്പത്ത് ചെലവഴിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഇത് വഴി സാധിക്കും. 
ധനശേഖരണത്തിന്‍െറ സുതാര്യത, ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കാനുള്ള താല്‍പര്യം വര്‍ധിപ്പിക്കും. 
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ജനം നീക്കിവെക്കുന്ന തുക അതിന് മാത്രമാണ് ചെലവഴിക്കുന്നതെന്ന് ഉറപ്പുവരുത്താനും ഇത് കാരണമാകും.ധനശേഖരണം ആരംഭിക്കുന്നതിന് രണ്ട് മാസം മുമ്പെങ്കിലും അനുമതി വാങ്ങിയിരിക്കണമെന്നാണ് നിര്‍ദേശമുള്ളത്. ധനശേഖരണം നടത്തുന്ന സംഘടനയുടെ അപേക്ഷയില്‍ ഒരു മാസത്തിനുള്ളില്‍ മന്ത്രാലയം തീരുമാനമെടുക്കുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യും. 
ഇതിനായി പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ചെയ്യേണ്ടതുണ്ട്. അനുമതി നല്‍കിയ തീയതി അവസാനിച്ച് 15 ദിവസത്തിനുള്ളില്‍ ലഭിച്ച സംഖ്യയുടെ കണക്കുകള്‍ മന്ത്രാലയത്തിന് കൈമാറണം. 
ഒരു വര്‍ഷത്തേക്കാണ് സാധാരണ ഫണ്ട് ശേഖരണം നടത്താന്‍ അനുമതി നല്‍കുക. തീയതി അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് ഇത് പുതുക്കാനുള്ള അപേക്ഷ നല്‍കാവുന്നതാണ്്. 
ഇങ്ങനെ അപേക്ഷ നല്‍കുന്നവര്‍ക്ക് മൂന്ന് മാസം കൂടി കാലാവധി നീട്ടിക്കിട്ടും. ഒരേ കാലയളവില്‍ ഒന്നില്‍ കൂടുതല്‍ പദ്ധതികള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ അനുമതി നല്‍കുകയില്ളെന്നും അദ്ദേഹം വ്യക്തമാക്കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT