ജെ.ഇ.ഇ പരീക്ഷ: ആധാര്‍ നിര്‍ബന്ധമാക്കിയത്  പ്രവാസികളെ വലക്കുന്നു

മനാമ: അഖിലേന്ത്യാ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ)  പരീക്ഷക്ക് അപേക്ഷിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയത് പ്രവാസി വിദ്യാര്‍ഥികളെ വലയ്ക്കുന്നു. പ്രവാസ ലോകത്ത് പഠിക്കുന്ന ബഹുഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ആധാര്‍ കാര്‍ഡില്ല. 
ഇതുമൂലം ജെ.ഇ.ഇ പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 2016 ഡിസംബര്‍ ഒന്ന് മുതല്‍ 2017 ജനുവരി രണ്ട് വരെയാണ് ജെ.ഇ.ഇ പരീക്ഷക്ക് അപേക്ഷിക്കേണ്ടത്. 2017 ഏപ്രില്‍ രണ്ടിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരീക്ഷക്കുള്ള അപേക്ഷാ ഫീസ് ജനുവരി മൂന്നിനകം ഒടുക്കണം. ഈ വര്‍ഷത്തെ പരീക്ഷക്കുള്ള വിജ്ഞാപനം നവംബറില്‍ പുറത്തിറക്കിയപ്പോഴാണ് അപേക്ഷ സ്വീകരിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ മുന്നോട്ടുവെച്ചത്. 
പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ ലഭ്യമല്ലാത്തതിനാല്‍ ഇത്തരം വിദ്യാര്‍ഥികളെയാണ് ഈ ഉത്തരവ് കൂടുതലും ബാധിക്കുക. നിലവിലെ സാഹചര്യത്തില്‍ ഒന്നുകില്‍ നാട്ടില്‍ പോയി ആധാര്‍ കാര്‍ഡെടുക്കണം അല്ളെങ്കില്‍ ജെ.ഇ.ഇ പരീക്ഷ ഒഴിവാക്കണം എന്ന അവസ്ഥയിലാണ് പ്രവാസ ലോകത്തെ വിദ്യാര്‍ഥികള്‍. 
ജെ.ഇ.ഇ പരീക്ഷക്ക് ആധാര്‍ നിര്‍ബന്ധമാക്കി ജോയിന്‍റ് അഡ്മിഷന്‍ ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചത് വളരെ പെട്ടെന്നാണെന്നും ഇതു മൂലം ഏറെ പ്രയാസത്തിലാണെന്നും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പറയുന്നു. പലരും ആധാര്‍ എടുക്കുന്നതിന് മക്കളെ നാട്ടിലേക്ക് അയക്കാനുള്ള തയാറെടുപ്പിലാണ്്. എംബസികള്‍ വഴിയും മറ്റും കേന്ദ്ര സര്‍ക്കാറിന്‍െറയും സി.ബി.എസ്.ഇ, ജോയിന്‍റ് അഡ്മിഷന്‍ ബോര്‍ഡ് എന്നിവയുടെയും മുന്നില്‍ വിഷയം എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 
ഈ വര്‍ഷം മകന്‍ ജെ.ഇ.ഇ പ്രവേശന പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും എന്നാല്‍, ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പൊടുന്നനെ പുറപ്പെടുവിച്ചത് ഏറെ പ്രയാസം സൃഷ്ടിച്ചതായും മനാമയില്‍ ജോലി ചെയ്യുന്ന പെരുമ്പാവൂര്‍ സ്വദേശി ഗണേഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
കുട്ടിയുടെ ഭാവിയുടെ കാര്യത്തില്‍ റിസ്ക് എടുക്കാനാകില്ല. ഈ സാഹചര്യത്തില്‍ മകനെയും കൂട്ടുകാരനെയും ആധാര്‍ എടുക്കുന്നതിന് നാട്ടിലേക്ക് അയക്കുകയാണെന്നും ഗണേഷ് പറഞ്ഞു. 
അഞ്ചോ ആറോ മാസം മുമ്പ് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കില്‍ ഇത്രയും പ്രയാസം പ്രവാസികള്‍ അനുഭവിക്കില്ലായിരുന്നു. ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് തന്‍െറ മകനും കൂട്ടുകാരനും ഡിസംബര്‍ നാലിന് നാട്ടിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിനെ പോലെ നിരവധി രക്ഷാകര്‍ത്താക്കളാണ് ആധാര്‍ എടുക്കുന്നതിനായി മക്കളെ നാട്ടിലേക്ക് അയക്കാന്‍ ഒരുങ്ങുന്നത്. 
ഈ വര്‍ഷം ജെ.ഇ.ഇ പരീക്ഷക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ആധാര്‍ നമ്പര്‍, ആധാറിലെ പേര്, ജനന തീയതി എന്നിവ നല്‍കേണ്ടതുണ്ട്. അതിനാല്‍ തന്നെ ആധാര്‍ എടുക്കാതെ അപേക്ഷിക്കാന്‍ സാധിക്കില്ല. നിലവിലെ സാഹചര്യത്തില്‍ ആധാര്‍ നമ്പര്‍ ലഭിക്കണമെങ്കില്‍15 ദിവസത്തോളം വേണ്ടി വരും.
സാങ്കേതികമായി, ആധാര്‍ കാര്‍ഡ് ലഭിച്ചില്ളെങ്കിലും ഇതിന് തുല്യമായ ഇ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കാനുമാകും. എന്നാല്‍, നാട്ടില്‍ പോയപ്പോള്‍ ആധാറിന് അപേക്ഷിച്ച പല പ്രവാസികള്‍ക്കും ഇപ്പോഴും കാര്‍ഡും ഇ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള നിര്‍ദേശവും ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ഒരു മാസത്തിനുള്ളില്‍ ആധാര്‍ സ്വന്തമാക്കി ജെ.ഇ.ഇക്ക് അപേക്ഷിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള വിവിധ എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം ഐ.ഐ.ടി പ്രവേശത്തിനുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ യോഗ്യതാ പരീക്ഷ കൂടിയാണ് ജെ.ഇ.ഇ മെയിന്‍. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജികള്‍, കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ ബി.ടെക്, ബി.ആര്‍ക്ക്, ബി പ്ളാന്‍ എന്നിവക്കുള്ള യോഗ്യതാ പരീക്ഷയാണ് ജെ.ഇ.ഇ.
അതേസമയം, 2017 മുതല്‍ ജെ.ഇ.ഇ പരീക്ഷയില്‍ റാങ്കുകള്‍ക്ക് 12ാം ക്ളാസ് പരീക്ഷ മാര്‍ക്കുകള്‍ പരിഗണിക്കുന്നില്ല. യോഗ്യത പരീക്ഷക്ക് പൊതുവിഭാഗത്തില്‍ 12ാം ക്ളാസില്‍  75 ശതമാനവും പട്ടിക ജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് 65 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.