മനാമ: നീണ്ട 36 വർഷത്തെ ബഹ്റൈൻ പ്രവാസത്തിനുശേഷം ഒ.ടി. കുമാരൻ തിരികെ നാട്ടിലേക്ക് യാത്രയാവുകയാണ്. 1989 ജനുവരി 27നാണ് വടകര കോട്ടപ്പള്ളി ഒറ്റത്തെങ്ങുവിളതിൽ കുമാരൻ ബഹ്റൈനിൽ വിമാനമിറങ്ങുന്നത്. ബോംബെ വഴിയായിരുന്നു യാത്ര. രണ്ടര വർഷത്തോളം സ്വിമ്മിങ് പൂൾ ടെക്നീഷ്യനായി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു.
അതിനുശേഷമാണ് റോയൽ കോർട്ടിൽ ജോലി ലഭിക്കുന്നത്. പാലസിലും സ്വിമ്മിങ് പൂൾ ടെക്നീഷ്യനായിരുന്നു. പാലസിലെ ജോലി വളരെ ആസ്വാദ്യകരമായിരുന്നു. അതുകൊണ്ടുതന്നെ നീണ്ട വർഷങ്ങൾ ജോലി ചെയ്തു. ഇക്കാലത്തിനിടക്ക് രണ്ടും മൂന്നും വർഷം കൂടുമ്പോൾ മാത്രമാണ് നാട്ടിൽ പോയിരുന്നത്. ഭാര്യ ശാരദയും മക്കളായ സിന്ധുവും സന്ധ്യയും അടങ്ങുന്നതാണ് കുടുംബം. മക്കളുടെ വിവാഹവും വീടുപണിയുമൊക്ക ഇതിനിടെ കഴിഞ്ഞു.
ഒ.ടി. കുമാരൻ
ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും നൽകിയത് ഈ നാടാണ്. മാതൃരാജ്യം പോലെ പ്രിയപ്പെട്ടതാണ് ബഹ്റൈനെന്നും കുമാരൻ പറയുന്നു. 75 വയസ്സുവരെ ജോലി ചെയ്തു. വാർധക്യസഹജമായ പ്രശ്നങ്ങൾ ഉള്ളതിനാലാണ് തിരികെ പോകുന്നത്.
ഇനിയുള്ള കാലം നാട്ടിൽ സ്വസ്ഥ ജീവിതം നയിക്കണമെന്നാണ് ആഗ്രഹം. ജൂൺ പത്തിന് കോഴിക്കോട്ടേക്കുള്ള ഗൾഫ് എയർ വിമാനത്തിൽ കുമാരൻ യാത്രയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.