മനാമ: അൽ ഫാതിഹ് ഏരിയയിൽ പുതുതായി പണി കഴിപ്പിച്ച ആഇശ വ ഹസൻ അൽ ഖതാൻ മസ്ജിദ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ.ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരിയാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.
ആരാധനാലയങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും വലിയ പരിഗണനയാണ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾക്ക് പ്രാപ്യമായ രൂപത്തിൽ ആരാധനാലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരും. പള്ളികൾ പണിയുന്നതിന് സഹായ ഹസ്തവുമായി മുന്നോട്ടു വരുന്ന സുമനസ്സുകൾക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്തു.
പുതിയ പള്ളിയുടെ നിർമാണത്തിന് സഹായം ചെയ്ത അൽ ഖത്താൻ കുടുംബത്തിന്‍റെ പ്രതിനിധിയായി പങ്കെടുത്ത ഈസ ബിൻഹസൻ അൽ ഖത്താൻ ഭരണാധികാരികൾക്ക് നന്ദിയും കടപ്പാടും അറിയിച്ചു. അറബ്, ഇസ്ലാമിക വാസ്തുവിദ്യയനുസരിച്ചാണ് പള്ളിയുടെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.