മനാമ: മലയാള സിനിമ ലോകത്തേക്ക് ബഹ്റൈനിൽനിന്ന് ഒരു പ്രവാസി ഗായിക. നിരവധി ആൽബങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ബഹ്റൈനിലെ വേദികളിൽ നിറഞ്ഞുനിൽക്കുന്ന ഗായിക ലിനി സ്റ്റാൻലിയാണ് മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്.
'അൾത്താരയിലെ പൂക്കൾ' എന്ന ഭക്തിഗാനത്തിലൂടെയാണ് ലിനി സംഗീത രംഗത്തേക്ക് കടന്നുവന്നത്. നിരവധി ആൽബങ്ങളിലൂടെ കഴിവുതെളിയിച്ച ഗായിക 'ഓടിച്ചിട്ടൊരു കല്യാണം' എന്ന ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമക്കുവേണ്ടി ഗാനം ആലപിച്ചാണ് ഇപ്പോൾ സിനിമ രംഗത്തേക്ക് എത്തുന്നത്.
സാധക അലക്സാണ്ടറിനൊപ്പമാണ് ചിത്രത്തിൽ ലിനി പാടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ലിജിൻ ചെമ്മാനിയാണ് ഈ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്.
മുരളി അപ്പാടത്ത് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ സംവിധാനം അമ്പാടി ദിനിലാണ്.
കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ ലിനി സ്റ്റാൻലി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് എമർജൻസി വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിൽ പാട്ടിനെ സ്നേഹിക്കുന്ന ഈ ഗായികക്ക് എല്ലാ പിന്തുണയുമായി ഭർത്താവ് സ്റ്റാൻലി തോമസും മക്കളായ അലൻ സ്റ്റാൻലിയും ആരോൺ സ്റ്റാൻലിയും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.