മനാമ: സാമ്പത്തികരംഗം ശക്തമാകുന്നതിന്റെ സൂചനകൾ നൽകി ബഹ്റൈൻ ചേംബറിന്റെ പുതിയ റിപ്പോർട്ട്. 2024 ആദ്യ പാദത്തിൽ ജി.സി.സി രാജ്യങ്ങളുമായുള്ള ബഹ്റൈന്റെ വ്യാപാരം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മെച്ചപ്പെട്ടതായി റിപ്പോർട്ട് കാണിക്കുന്നു.
മൊത്തം ബഹ്റൈൻ -ജി.സി.സി വ്യാപാരം ആറു ശതമാനം വർധിച്ചു. മുൻവർഷം ഇതേ കാലയളവിൽ 2.24 ബില്യൺ ഡോളറായിരുന്നത് 2.38 ബില്യൺ ഡോളറായി ഉയർന്നു.
സൗദി അറേബ്യയാണ് ബഹ്റൈന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. സൗദിയുമായുള്ള ഉഭയകക്ഷി വ്യാപാരം ഏഴ് ശതമാനം വർധിച്ച് 1.162 ബില്യൺ ഡോളറായി ഉയർന്നു. യു.എ.ഇ തൊട്ടുപിന്നിലുണ്ട്. യു.എ.ഇയുമായുള്ള വ്യാപാരം 13 ശതമാനം വർധിച്ച് 912 മില്യൺ ഡോളറിലെത്തി.
എന്നാൽ, ഒമാനുമായും കുവൈത്തുമായുള്ള വ്യാപാരത്തിൽ കുറവുവന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഖത്തറുമായുള്ള ബഹ്റൈന്റെ വ്യാപാരം 294 ശതമാനം വർധിച്ചിട്ടുണ്ട്.
ജി.സി.സി രാജ്യങ്ങൾ കഴിഞ്ഞാൽ ചൈനയാണ് ബഹ്റൈന്റെ ഏറ്റവും വലിയ ഇറക്കുമതി പങ്കാളി. സ്മാർട്ട് ഫോണുകളാണ് ചൈനയിൽനിന്ന് കൂടുതലും ഇറക്കുമതി ചെയ്യുന്നത്.
യു.എ.ഇയിൽനിന്നും ആസ്ട്രേലിയയിൽനിന്നും ഇറക്കുമതിയിൽ വർധനവുണ്ട്. സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കുമാണ് ബഹ്റൈനിൽ നിന്നുള്ള കയറ്റുമതി അധികവും.
യുനൈറ്റഡ് സ്റ്റേറ്റ്സിലേക്കും ഈജിപ്തിലേക്കുമുള്ള കയറ്റുമതിയിൽ വർധനവുണ്ട്. അഗ്ലോമറേറ്റഡ് അല്ലാത്ത ഇരുമ്പയിര്, അലൂമിനിയം ഓക്സൈഡ്, എയർക്രാഫ്റ്റ് എൻജിൻ ഭാഗങ്ങൾ എന്നിവയാണ് ബഹ്റൈൻ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നത്. അലൂമിനിയം അലോയ്കളും അഗ്ലോമറേറ്റഡ് ഇരുമ്പയിരുകളുമാണ് മുൻനിര കയറ്റുമതി ഉൽപന്നങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.